കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സംവിധായകന്‍ വിനയന്റെ മൊഴിയെടുക്കാന്‍ ഒരുങ്ങി സിബിഐ. വിനയന്‍ സംവിധാനം ചെയ്ത ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമയിലെ വിവാദ ക്ലൈമാക്‌സ് രംഗങ്ങള്‍ അറിഞ്ഞാണ് സിബിഐ വിനയനെ വിളിപ്പിച്ചത്. വിഷയത്തില്‍ വിനയന്റെ പ്രതികരണമിങ്ങനെ
മണിയുടെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം വിളിച്ചിരുന്നു. ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമയുടെ ക്ലൈമാക്‌സില്‍ മണിയുടെ മരണം ഒരു കൊലപാതകമായിട്ടാണ് ചിത്രീകരിക്കുന്നത്. സിനിമയിലെ ക്ലൈമാക്‌സ് സംബന്ധിച്ച് തനിക്ക് പറയാനുള്ളത് അന്വേഷണ സംഘത്തെ അറിയിക്കുമെന്നും വിനയന്‍ പറഞ്ഞു.
സിനിമ മണിയുടെ ജീവ ചരിത്രമല്ല. മരണത്തെ കുറിച്ചുള്ള അന്വേഷണം നടക്കുന്നത് കൊണ്ടാണ് അങ്ങനെ ചെയ്തത്. ജീവിതത്തെ ആസ്പദമാക്കിയ സിനിമയാണിതെന്ന് വിനയന്‍ വ്യക്തമാക്കി. മണിയുടെ മരണം കാണിക്കേണ്ടത് അനിവാര്യമായിരുന്നു. സിനിമ ദുരൂഹമായി അവസാനിപ്പിക്കാനാകില്ല. ക്ലൈമാക്‌സ് തിരക്കഥാകൃത്തിന്റെ വ്യാഖ്യാനമാണ്. സത്യസന്ധമായി കഥ പറച്ചിലാണ് സിനിമയില്‍ ഉള്ളത്. ഒരു സിനിമയുടെ തിരക്കഥ സത്യസന്ധമാണെന്ന് തോന്നിപ്പിക്കുകയെന്നത് കലാകാരന്റെ കഴിവാണെന്നും വിനയന്‍ പറഞ്ഞു. ബുധനാഴ്ചയാണ് വിനയന്‍ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകുക.