അന്തരിച്ച വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌ക്കറിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും.തിരുവനന്തപുരം ശാന്തികവാടത്തില്‍ രാവിലെ പത്ത് മണിക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരചടങ്ങുകള്‍ നടക്കുക.
ഹൃദയാഘാതത്തെതുടര്‍ന്നായിരുന്നു അന്ത്യം. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ച മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം യൂണിവേഴ്‌സിറ്റി കോളേജില്‍ പൊതുദര്‍ശനത്തിനു വച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ അന്ത്യോപചാരമര്‍പ്പിച്ചു. ബാലഭാസ്‌കറിന്റെ ജൈത്രയാത്രയ്ക്ക് ഊര്‍ജം പകര്‍ന്ന കോളേജില്‍ യാത്രാമൊഴിയേകാന്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഉള്‍പ്പെടെ നൂറുകണക്കിനാളുകളെത്തി. കലാഭവന്‍ തിയറ്ററിലും നിരവധിപേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. തുടര്‍ന്ന് പൂജപ്പുരയിലെ വസതിയായ 'ഹിരണ്‍മയ'യിലേക്ക് കൊണ്ടുപോയി.
1978 ജൂലൈ പത്തിന് കെ സി ഉണ്ണിയുടെയും ബി ശാന്തകുമാരിയുടെയും മകനായാണ് ജനനം. യൂണിവേഴ്‌സിറ്റി കോളേജിലായിരുന്നു ബിരുദ, ബിരുദാനന്തര പഠനം.മാര്‍ ഇവാനിയോസില്‍ പ്രീഡിഗ്രി രണ്ടാംവര്‍ഷം പഠിക്കുമ്പോഴാണ് 'മംഗല്യപല്ലക്ക്' സിനിമയ്ക്ക് സംഗീതം നിര്‍വഹിച്ചത്. ഇതിലൂടെ മലയാളത്തിലെ പ്രായംകുറഞ്ഞ സംഗീത സംവിധായകരിലൊരാളായി. യൂണിവേഴ്‌സിറ്റി കോളേജിലെ പഠനകാലത്ത് കണ്‍ഫ്യൂഷന്‍ എന്ന പേരില്‍ സംഗീത ബാന്‍ഡ് രൂപീകരിച്ചു. ഇലക്ട്രിക് വയലിന്‍ കേരളത്തിന് പരിചിതമാക്കിയതും ബാലഭാസ്‌കറാണ്. കര്‍ണാടക സംഗീതത്തില്‍ ശക്തമായ അടിത്തറയുള്ള ബാലഭാസ്‌കര്‍ പാശ്ചാത്യസംഗീതത്തിലും മികവ് തെളിയിച്ചു.