ഹൈദരാബാദില്‍ നിന്നുമുള്ള 24കാരന്‍ ലണ്ടനില്‍ കുത്തേറ്റ് മരിച്ചു. മറ്റൊരു ഏഷ്യക്കാരനാണ് കൊലപാതകം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ലണ്ടന്‍ ബെര്‍ക്ഷയറിലെ വെല്ലിംഗ്ടണ്‍ സ്ട്രീറ്റില്‍ ടെസ്‌കോ സൂപ്പര്‍മാര്‍ക്കറ്റിന്റെ പാര്‍ക്കിംഗില്‍ വെച്ചാണ് മുഹമ്മദ് നദീമുദ്ദീന്‍ കൊലക്കത്തിക്ക് ഇരയായത്. ഇവിടെയാണ് മുഹമ്മദ് ജോലി ചെയ്തിരുന്നതെന്ന് ഹൈദരാബാദിലെ ഇയാളുടെ ബന്ധുക്കള്‍ പറഞ്ഞു.
രാത്രി വൈകിയും ജോലി കഴിഞ്ഞ് തിരികെ എത്താതെ വന്നതോടെയാണ് ലണ്ടനില്‍ താമസിക്കുന്ന മാതാപിതാക്കളും, ഭാര്യയും സൂപ്പര്‍മാര്‍ക്കറ്റിലേക്ക് വിളിച്ച് അന്വേഷിക്കുന്നത്. ഇവിടുത്തെ ജീവനക്കാര്‍ സുരക്ഷാ ജീവനക്കാര്‍ക്കൊപ്പം നടത്തിയ പരിശോധനയിലാണ് പാര്‍ക്കിംഗ് ഏരിയയില്‍ നദീമിന്റെ മൃതദേഹം കണ്ടെത്തിയത്. സൂപ്പര്‍മാര്‍ക്കറ്റ് ജോലിക്കാരനായ പാക് പൗരനാണ് പ്രതിയെന്നാണ് സംശയിക്കുന്നത്.
ഹൈദരാബാദില്‍ നിന്നും ഗ്രാജുവേഷന്‍ നേടിയ നദീം 2012ലാണ് ലണ്ടനിലേക്ക് പോയത്. സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ലഭിച്ച നദീമിനൊപ്പം മാതാപിതാക്കളും ചേര്‍ന്നു. ഡോക്ടറായ ഭാര്യ അഫ്‌സ 25 ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് ഭര്‍ത്താവിനൊപ്പം ചേര്‍ന്നത്. ഗര്‍ഭിണിയായ ഇവര്‍ക്ക് നാട്ടിലേക്ക് പോരാനും കഴിയാത്ത അവസ്ഥയാണ്. നദീമിന്റെ മരണത്തില്‍ മാനസികമായി തകര്‍ന്ന ഇവര്‍ക്ക് കൗണ്‍സിലിംഗ് നല്‍കിവരികയാണ്.
ഹൈദരാബാദിലേക്ക് നദീമിന്റെ മൃതദേഹം കൊണ്ടുവരാന്‍ സാധിക്കാത്തതിനാല്‍ ലണ്ടനിലാകും അന്ത്യകര്‍മ്മങ്ങള്‍. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വെള്ളിയാഴ്ച പൂര്‍ത്തിയാക്കി. പെര്‍മനന്റ് റസിഡന്‍സി നേടിയ നദീം യുകെ പൗരത്വത്തിനുള്ള നടപടിക്രമങ്ങള്‍ തീര്‍ക്കാനുള്ള അവസാന ഘട്ടത്തിലായിരുന്നു.