Breaking Now

കേരള സര്‍ക്കാരിന്റെ മലയാളം മിഷന്‍ യു കെ ചാപ്റ്ററിന് പുതിയ ഭരണസമിതി നിലവില്‍ വന്നു; മുരളി വെട്ടത്ത് പ്രസിഡന്റ് , എബ്രഹാം കുര്യന്‍സെക്രട്ടറി .

2017 സെപ്റ്റംബര്‍ ഇരുപത്തിരണ്ടാം തീയതി ലണ്ടനില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ കേരള ഗവണ്മെന്റ് സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ എ കെ ബാലന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി വിപുലീകരിക്കുന്നതിന്റെ ഭാഗമായി പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. 

ഇക്കഴിഞ്ഞ ശനിയാഴ്ച്ച കവന്‍ട്രിയില്‍ ചേര്‍ന്ന അഡ് ഹോക് കമ്മറ്റി മീറ്റിഗില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ മലയാളം മിഷന്‍ ഡയറക്ടര്‍ പ്രൊഫസര്‍ സുജ സൂസന്‍ ജോര്‍ജ്, രജിസ്ട്രാര്‍ ശ്രീ സേതുമാധവന്‍ എം, ശ്രീമതി ജലിന്‍ മലയാളം മിഷന്‍ അഡ് ഹോക് കമ്മറ്റിയംഗം ശ്രീ ശ്രീജിത്ത് ശ്രീധരന്‍ എന്നിവര്‍ കേരളത്തിലെ മലയാളം മിഷന്‍ ഓഫീസില്‍ നിന്നും മറ്റ് അഡ് ഹോക് കമ്മറ്റിയംഗങ്ങള്‍ ചീഫ് കോഓര്‍ഡിനേറ്റര്‍ ശ്രീ മുരളീ വെട്ടത്തിന്റെ നേതൃത്വത്തില്‍ യു കെയില്‍ നിന്നും പങ്കെടുത്തു. നവോത്ഥാന മൂല്യങ്ങളെ മുറുകെ പിടിച്ചു കൊണ്ട്  ആധുനീക അക്കാദമിക് രീതിയില്‍ കുട്ടികളെ മലയാളം പഠിപ്പിക്കുന്നതില്‍ മലയാളം മിഷന്‍ വഹിക്കുന്ന പങ്ക് പ്രൊഫ. സുജ സൂസന്‍ ജോര്‍ജ് എടുത്ത് പറഞ്ഞു.  യു കെയിലെ മലയാളം മിഷന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെ അവലോകനം ചെയ്തതോടൊപ്പം മേഖലാ തലത്തില്‍ പ്രവര്‍ത്തനം ശക്തമാക്കുവാന്‍ ആഹ്വാനം ചെയ്തു.  അതിനായി  ഇപ്പോള്‍ യു കെ ചാപ്റ്ററിനെ 

യു കെ സൗത്ത്, 

യു കെ മിഡ്‌ലാന്‍ഡ്‌സ്,

 യു കെ നോര്‍തേണ്‍ അയര്‍ലന്റ്,

 യു കെ സ്‌കോട്ട്‌ലാന്‍ഡ്   & നോര്‍ത്ത് ഈസ്റ്റ്,

യു കെ നോര്‍ത്ത്,

യു കെ യോര്‍ക്ക് ഷയര്‍,

എന്നീ ആറ് മേഖലകളാക്കി തിരിക്കുന്നതിനും പിന്നീട് ആവശ്യമെങ്കില്‍ പുതിയ മേഖലകള്‍ ഉണ്ടാക്കുന്നതിനും നിലവിലുള്ള മേഖലകള്‍ക്ക് മേഖലാ കോഓര്‍ഡിനേറ്റര്‍ മാരെ എത്രയും പെട്ടന്ന് നിയമിക്കുന്നതിനും അവര്‍ യു കെ ചാപ്റ്ററില്‍ നിന്നുള്ളവരല്ലെങ്കില്‍ അവരെ യു കെ ചാപ്റ്ററില്‍ ഉള്‍പെടുത്തുന്നതിനും തീരുമാനിച്ചു.  

 

മലയാളം മിഷന്റെ മൂല്യനിര്‍ണ്ണയമായ പഠനോത്സവത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശം മിഷന്‍ രജിസ്ട്രാര്‍ ശ്രീ സേതുമാധവന്‍ നല്‍കി.  ഇപ്പോള്‍ നിലവിലുള്ള സ്‌ക്കൂളുകളിലെ കുറഞ്ഞത് നൂറു കുട്ടികള്‍ക്ക് അടുത്ത ആറു മാസത്തിനുള്ളില്‍ 'കണിക്കൊന്ന' കോഴ്‌സില്‍ മൂല്യനിര്‍ണ്ണയം നടത്തി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നതിന് എല്ലാ സഹായവും റജിസ്ട്രാര്‍ വാഗ്ദാനം ചെയ്തു.

 

മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച അഡ് ഹോക് കമ്മറ്റി പിരിച്ചു വിടുന്നതിനും പുതിയ ഭാരവാഹികളായി ശ്രീ  മുരളി വെട്ടത്ത് പ്രസിഡന്റ്,  ഡോ.സീനാ പ്രവീണ്‍ വൈസ് പ്രസിഡന്റ്, 

ശ്രീ ഏബ്രഹാം കര്യന്‍ സെക്രട്ടറി, 

 ശ്രീ സി എ ജോസഫ് , ശ്രീമതി സ്വപ്ന പ്രവീണ്‍ എന്നിവര്‍  ജോയിന്റ് സെക്രട്ടറിമാര്‍ ആയും ശ്രീ ബേസില്‍ ജോണ്‍, ശ്രീ ജനേഷ് സി എന്‍ , ശ്രീ ജയപ്രകാശ് എസ് എസ് , ശ്രീ ശ്രീജിത്ത് ശ്രീധരന്‍ , ശ്രീ ഇന്ദുലാല്‍ സോമന്‍, ശ്രീ സുജു ജോസഫ് എന്നിവര്‍ കമ്മറ്റി അംഗങ്ങളുമായുള്ള ഭരണ സമിതിയെയാണ് പുതിയതായി തിരഞ്ഞെടുത്തത് . 

 

മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ കീഴില്‍  നിരവധി സ്‌ക്കൂളുകള്‍ ആരംഭിക്കുന്നതിനും, വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും അഡ്‌ഹോക് കമ്മറ്റിക്ക് കഴിഞ്ഞിരുന്നുവെങ്കിലും , വിദ്യാര്‍ത്ഥികളുടെ മൂല്യ നിര്‍ണ്ണയമായ പഠനോത്സവവും അനുബന്ധ പ്രവര്‍ത്തനങ്ങളും നടത്തുന്നതിന് കഴിഞ്ഞില്ല എന്നത് ഒരു പോരായ്മയായി വിലയിരുത്തുകയുണ്ടായി. നടത്തിയ പ്രവര്‍ത്തനങ്ങള്‍ യഥാ സമയം മലയാളം മിഷന്‍ കേരളാ ഓഫീസിനെ അറിയിക്കുന്നതിനും മാധ്യമങ്ങളിലൂടെ ജനങ്ങളില്‍ എത്തിക്കുന്നതില്‍ ഉണ്ടായ വീഴ്ച പരിഹരിക്കുന്നതിനുമായി സെക്രട്ടറി ശ്രീ ഏബ്രഹാം കുര്യനെയും ജോയിന്റ് സെക്രട്ടറി ശ്രീ സി എ ജോസഫിനെയും കമ്മറ്റി ചുമതലപ്പെടുത്തി.  

 

കൂടാതെ നിലവിലുള്ള സ്‌ക്കൂളുകള്‍ക്ക് വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കി അവയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനും പുതിയ സ്‌ക്കൂളുകള്‍ ആരംഭിക്കുന്നതിനും, യു കെയിലെ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും കമ്മിറ്റി തീരുമാനിച്ചു. യു കെ യിലെ മലയാളം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തമായി മുന്നോട്ടു കൊണ്ടു പോകുന്നതിന് ഭാഷയെ സ്‌നേഹിക്കുന്ന എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ ഉണ്ടാവണമെന്ന് പ്രസിഡന്റ് ശ്രീ മുരളി വെട്ടത്ത് അഭ്യര്‍ത്ഥിച്ചു.  

 

തെരഞ്ഞെടുത്ത ഭരണസമിതിക്ക് പുറമേ ശ്രീ ഇന്ദു ലാല്‍ സോമനെ ജനറല്‍ കണ്‍വീനറായും,  ശ്രീ ജയപ്രകാശ് എസ് . എസ് ന്റെ നേതൃത്വത്തില്‍ ഒരു വിദഗ്ദ്ധ സമിതിയും ശ്രീ സുരേഷ് മണമ്പൂരിന്റെ നേതൃത്വത്തില്‍ ഒരു ഉപദേശക സമിതിയും രൂപീകരിക്കുവാനുമുള്ള നിര്‍ദ്ദേശവും മലയാളം മിഷന്‍ നല്‍കുകയുണ്ടായി.

 

യുകെയില്‍ പുതിയസ്‌കൂളുകള്‍  തുടങ്ങുന്നതിനും മറ്റു മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കും താഴെ പറയുന്നവരെ ബന്ധപ്പെടാവുന്നതാണ് .

 

ശ്രീ ഏബ്രഹാം കുര്യന്‍: 07882791150

ശ്രീ സി എ ജോസഫ് : 07846747602

 

 

                                                   എബ്രഹാം കുര്യന്‍ 
കൂടുതല്‍വാര്‍ത്തകള്‍.