പ്രിയപ്പെട്ടവര്‍ കൂടെയുണ്ടെന്ന തോന്നല്‍ ചില സമയങ്ങളില്‍ നമുക്ക് നല്‍കുന്ന ആത്മവിശ്വാസത്തിന്റെ തോത് വാക്കുകളില്‍ വിവരിക്കാന്‍ ബുദ്ധിമുട്ടാകും. തളര്‍ന്നുപോകുന്ന, അല്ലെങ്കില്‍ കൂടുതല്‍ സന്തോഷിക്കുന്ന നിമിഷങ്ങളില്‍ ആ കരങ്ങള്‍ സംരക്ഷിക്കാനായി കൂടെയുണ്ടാകണമെന്ന് ആഗ്രഹിക്കാത്തവര്‍ ചുരുക്കമാകും. തന്റെ വിവാഹത്തിന് വേദിയിലേക്ക് കൈപിടിച്ച് ആനയിക്കാന്‍ പിതാവ് കൂടെയുണ്ടായെങ്കിലെന്ന് സ്‌റ്റോക് ഓണ്‍ ട്രെന്റില്‍ നിന്നുള്ള 26കാരി ഷാര്‍ലെറ്റ് വാള്‍ടണനും മോഹിച്ചു. പക്ഷെ ഏപ്രില്‍ മാസത്തില്‍ അവരുടെ പിതാവ് മിക് ബാര്‍ബര്‍ ക്യാന്‍സര്‍ ബാധിച്ച് മരണമടഞ്ഞിരുന്നു.
ആഗസ്റ്റ് മാസത്തിലാണ് ഭര്‍ത്താവ് നിക്കുമായുള്ള ഷാര്‍ലെറ്റിന്റെ വിവാഹം നടന്നത്. പിതാവ് കൈപിടിച്ച് ഒപ്പമുണ്ടായെങ്കിലെന്ന് അവര്‍ ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് ആ ആഗ്രഹം ഒരു സ്വപ്നമായി മാത്രം തുടരാനായിരുന്നു വിധി. ഇതിന് ഒരു പരിഹാരവുമായി മുന്നോട്ട് വന്നത് ബന്ധു കിര്‍സ്റ്റിയാണ്. ഷാര്‍ലെറ്റിന്റെ പിതാവിന്റെ ചിതാഭസ്മം വധുവിന്റെ ആക്രിലിക് നഖങ്ങളില്‍ വെയ്ക്കാനാണ് ഇവര്‍ നിര്‍ദ്ദേശിച്ചത്.
ഇതുവഴി പിതാവിന്റെ സാന്നിധ്യം കൈകളില്‍ ഉണ്ടാകുമെന്ന് കിര്‍സ്റ്റി അഭിപ്രായപ്പെട്ടു. 'നഖങ്ങളുടെ രാജകുമാരിയാണ് കിര്‍സ്റ്റി. ആ ഐഡിയ സൂപ്പറാണെന്ന് തോന്നി. ഞാനൊരു അച്ഛന്‍ കുട്ടിയാണ്. എന്ത് ചോദിച്ചാലും പറ്റില്ലെന്ന് ആദ്യം പറഞ്ഞിരുന്ന പിതാവ് അഞ്ച് മിനിറ്റ് കൊണ്ട് കാര്യം സാധിച്ച് തരും. നഖങ്ങളില്‍ അദ്ദേഹത്തിന്റെ ചിതാഭസ്മം വെച്ചതോടെ കൈയില്‍ പിടിക്കുന്നതായി തോന്നി. അദ്ദേഹം യഥാര്‍ത്ഥത്തില്‍ കൂടെയില്ലെന്ന് അറിയാമെങ്കിലും പറ്റാവുന്ന ഏറ്റവും അടുത്ത് ഉണ്ടാകാനുള്ള മാര്‍ഗ്ഗം അതായിരുന്നു', ഷാര്‍ലെറ്റ് പറയുന്നു.
തന്റെ വിവാഹം കാണാന്‍ പിതാവ് ഏറെ ആഗ്രഹിച്ചിരുന്നതായി ഷാര്‍ലെറ്റ് വ്യക്തമാക്കി. ഇതിനായി വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ വേഗത്തിലാക്കിയെങ്കിലും ചികിത്സിച്ച് ഭേദപ്പെടുത്താന്‍ കഴിയാത്ത തരത്തിലായതോടെ പോരാട്ടം മതിയാക്കി മിക്ക് മടങ്ങി. ഇതോടെയാണ് നഖങ്ങളില്‍ ചിതാഭസ്മം ചേര്‍ത്തുവെച്ച് മകള്‍ പിതാവിനെ ഒപ്പം കൂട്ടിയത്.