CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 15 Minutes 36 Seconds Ago
Breaking Now

ഭക്ഷണം തീരുന്നു ; എവിടേയും വിജനമാണ് ; ചൈനയില്‍ നിന്ന് 32 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ സഹായം തേടി വീഡിയോ സന്ദേശം അയച്ചു

മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിനി അക്ഷയ് പ്രകാശ്, പാലക്കാട് ഒറ്റപ്പാലം സ്വദേശിനി എച്ച്.ഹരിത എന്നീ മലയാളികളും ഈ സംഘത്തിലുണ്ട്.

കൊറോണ വൈറസ് മരണം വിതയ്ക്കുന്ന ചൈനയിലെ വുഹാനില്‍ നിന്നു നാട്ടിലേക്കെത്താന്‍ സര്‍ക്കാരിന്റെ സഹായം അഭ്യര്‍ഥിച്ചു മലയാളി വിദ്യാര്‍ഥികള്‍. വുഹാനിലെ ഹുബെയ് യൂണിവേഴ്‌സിറ്റി ഓഫ് ചൈനീസ് മെഡിസിനിലെ 32 ഇന്ത്യന്‍ വിദ്യാര്‍ഥികളാണു സഹായം തേടി വിഡിയോ സന്ദേശമയച്ചത്. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിനി അക്ഷയ് പ്രകാശ്, പാലക്കാട് ഒറ്റപ്പാലം സ്വദേശിനി എച്ച്.ഹരിത എന്നീ മലയാളികളും ഈ സംഘത്തിലുണ്ട്.

ജനുവരി 12നോട് അടുത്ത് തന്നെ വുഹാനില്‍ സംഭവങ്ങള്‍ കൈവിട്ട കാര്യം ഇവര്‍ അറിയുന്നുണ്ടായിരുന്നു. അപ്പോള്‍ തന്നെ നാട്ടിലേക്ക് മടങ്ങുവാന്‍ പറ്റുമോ എന്ന കാര്യം യൂണിവേഴ്‌സിറ്റിയില്‍ ചോദിച്ചിരുന്നു. സംഭവങ്ങള്‍ നിയന്ത്രണ വിധേയമാണ്, അതിനാല്‍ തന്നെ അവധി നീട്ടുവാന്‍ പോകുന്നില്ല, ഇപ്പോള്‍ നാട്ടിലേക്ക് യാത്ര ചെയ്യേണ്ടതില്ല എന്നായിരുന്നു മറുപടി. ജനുവരി 16നായിരുന്നു യൂണിവേഴ്‌സിറ്റി അവധിക്ക് ശേഷം തുറക്കേണ്ടിയിരുന്നത്. എന്നാല്‍ പെട്ടന്നാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത് യൂണിവേഴ്‌സിറ്റി അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു എന്ന അറിയിപ്പ് പെട്ടെന്ന് വന്നു. പിന്നാലെ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള അറിയിപ്പുകള്‍ നിലച്ചു.

പതുക്കെ നഗരം വിജനമായി തുടങ്ങി. ഇന്റര്‍നെറ്റിലും, വാര്‍ത്ത മാധ്യമങ്ങളിലും വരുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് ജനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. രണ്ട് ദിവസം മുന്‍പുവരെ ഈചാങില്‍ ഒരു കൊറോണവൈറസ് കേസ് മാത്രം റിപ്പോര്‍ട്ട് ചെയ്തു എന്നാണ് അറിഞ്ഞത് എന്നാല്‍ സമീപ ദിവസങ്ങളില്‍ ഇത് 50ന് മുകളിലേക്ക് ഉയര്‍ന്നതായി പറയുന്നു. വീടിനുള്ളില്‍ ഇരിക്കാന്‍ തന്നെയാണ് മാധ്യമങ്ങളിലെ നിര്‍ദേശം. ഇന്റര്‍നെറ്റ് വഴിയാണ് വിവരങ്ങള്‍ അറിയുന്നത്. നഗരം സമ്പൂര്‍ണ്ണമായി ഇപ്പോള്‍ ലോക്ക് ഡൗണാണ് നിരത്തില്‍ ഒരു വാഹനം പോലും കാണുവാന്‍ സാധിക്കില്ല. പ്രധാന റോഡുകളില്‍ എല്ലാം ഗതാഗതം നിരോധിച്ചതായി അറിയുന്നു. കടകള്‍ പൂര്‍ണ്ണമായും അടഞ്ഞു കിടക്കുന്നു. ഈചാങിലെ ട്രെയിന്‍ ഗതാഗതം പൂര്‍ണ്ണമായും നിര്‍ത്തിവച്ചിരിക്കുകയാണ്, ഒപ്പം വിമാനതാവളം അടച്ചിട്ടിരിക്കുന്നു.

മറ്റെതെങ്കിലും നഗരത്തില്‍ പോയാല്‍ ഞങ്ങള്‍ക്ക് നാട്ടിലേക്കുള്ള വിമാനം ലഭിച്ചേക്കും എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അത്തരം ഒരു യാത്ര അസാധ്യമാണ്. കയ്യിലുള്ള ഭക്ഷണ സാധനങ്ങള്‍ തീര്‍ന്നുകൊണ്ടിരിക്കുകയാണ്. അടുത്ത് ഒരു തെരുവില്‍ ഒരു കട തുറന്നിട്ടുണ്ടെങ്കിലും അവിടെ വലിയ തിരക്കാണ് കാണുന്നത്. അതിനാല്‍ തന്നെ ആള്‍ക്കൂട്ടത്തില്‍ പോവുക എന്നത് തന്നെ ഈ സാഹചര്യത്തില്‍ അപകടകരമായ കാര്യമാണ്. ഞങ്ങള്‍ ശേഖരിച്ചുവച്ച ഭക്ഷണം ഒരു ദിവസം കൂടി മാത്രമേ ഉണ്ടാകൂ, അതിന് ശേഷം എന്ത് എന്നത് ആശങ്കയാണ്. യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ തന്നെയാണ് താമസിക്കുന്നത്. എന്നാല്‍ ഇവിടെ ഭക്ഷണമൊന്നും നല്‍കില്ല. ഇവിടെ നിന്നും 2.6 കിലോമീറ്റര്‍ അകലെയാണ് യൂണിവേഴ്‌സിറ്റി ക്യാന്റീന്‍ അതും പ്രവര്‍ത്തിക്കുന്നില്ല എന്നതാണ് അറിയുന്നത്. ഇതിനെല്ലാം അപ്പുറം പുറത്തിറങ്ങാന്‍ തന്നെ ഭയമാണ്. ആളുകള്‍ ഇല്ലാത്ത വഴികള്‍ കണ്ടാല്‍ പ്രേതനഗരം പോലെ തോന്നിക്കുന്ന അവസ്ഥയാണ് ഈചാങ്  പട്ടണത്തില്‍. കൊറോണവൈറസിന്റെ ബാധ ഏറ്റവും രൂക്ഷമായ വുഹാനില്‍ നിന്നും 300 കിലോമീറ്റര്‍ അകലെയാണ് ഈചാങ് പട്ടണം.

 

ഇന്ത്യന്‍ എംബസി അധികൃതര്‍ ബന്ധപ്പെട്ടിരുന്നു. അവര്‍ എല്ലാവരുടെയും ഫോണ്‍ നമ്പറും, പാസ്‌പോര്‍ട്ട് നമ്പറും വാങ്ങിയിട്ടുണ്ട്. ഒപ്പം ഒരു ഗ്രൂപ്പും ആരംഭിച്ചു. 500 അംഗങ്ങളെ ഉള്‍കൊള്ളാന്‍ കഴിയുന്ന ആ ഗ്രൂപ്പ് ഏതാണ്ട് ഫുള്‍ ആയിരിക്കുകയാണ്. ചൈനയുടെ വിദൂര പ്രവിശ്യകളില്‍ നിന്നുള്ള ഇന്ത്യക്കാര്‍വരെ ഗ്രൂപ്പിലുണ്ട്. എല്ലാവരിലും ആശങ്കയാണ്. എംബസി അധികൃതര്‍ക്കും കൃത്യമായ ഒരു ധാരണ ഈ ഘട്ടത്തില്‍ ഇല്ലെന്നാണ് തോന്നുന്നത്. ഏതെങ്കിലും തരത്തില്‍ ഇവിടുന്ന് പുറത്ത് എത്തുന്നത് സംബന്ധിച്ച നിര്‍ദേശം അവരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.