2019, 2021 കനേഡിയന്‍ പൊതു തെരെഞ്ഞെടുപ്പുകളില്‍ ജസ്റ്റിന്‍ ട്രൂഡോയെ വിജയിപ്പിക്കാനായി ചൈനയുടെ രഹസ്യ ഇടപെടല്‍ നടന്നതായി കനേഡിയന്‍ ചാരസംഘടനയായ കനേഡിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് സര്‍വീസ് (സിഎസ്‌ഐഎസ്).ഇതിനെക്കുറിച്ച് 2023 ഫെബ്രുവരിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചതായും ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.
'2019ലെയും 2021ലെയും പൊതുതെരഞ്ഞെടുപ്പുകളില്‍ പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന (പിആര്‍സി) രഹസ്യ ഇടപെടലുകള്‍ നടത്തിയതായി ഞങ്ങള്‍ക്കറിയാം. രണ്ടു തെരഞ്ഞെടുപ്പുകളിലും പ്രായോഗിക സ്വഭാവമുള്ളതും ചൈനീസ് സര്‍ക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ 'പിആര്‍സി അനുകൂലി' അല്ലെങ്കില്‍ 'നിഷ്പക്ഷത' ഉള്ളവരെ പിന്തുണയ്ക്കുന്നതിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്' എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ചൈനീസ് സര്‍ക്കാരിന്റെ വിദേശ ഇടപെടലില്‍ കുറഞ്ഞത് 11 സ്ഥാനാര്‍ത്ഥികളും 13 സ്റ്റാഫ് അംഗങ്ങളും ഒന്നിലധികം രാഷ്ട്രീയ പാര്‍ട്ടികളും ഉള്‍പ്പെട്ടതായും രേഖയില്‍ ആരോപിക്കുന്നു. കൂടാതെ ഏഴ് ലിബറല്‍ സ്ഥാനാര്‍ത്ഥികളെയും കാനഡയിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്നുള്ള നാല് പേരെയും ഇത് സംബന്ധിച്ച് സിഎസ്‌ഐഎസ് രേഖയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
നിലവില്‍ വിദേശ ഇടപെടലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ ടാസ്‌ക് ഫോഴ്‌സ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ ഈ പ്രവര്‍ത്തനങ്ങള്‍ തിരഞ്ഞെടുപ്പിന്റെ അന്തിമ ഫലത്തെ ബാധിച്ചിട്ടില്ലെന്നുമാണ് വിലയിരുത്തല്‍.
വിദേശ ഇടപെടലുകളെക്കുറിച്ചുള്ള അന്വേഷണവും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇടപെടലുകളെക്കുറിച്ചുള്ള തങ്ങളുടെ ആശങ്കകള്‍ കനേഡിയന്‍ ഉദ്യോഗസ്ഥരുമായി പങ്കുവെച്ചപ്പോള്‍ അവര്‍ പരിഹരിച്ചു എന്നാണ് സംഘടന അവകാശപ്പെടുന്നത് എന്നും സിബിസി ന്യൂസ് പറയുന്നു. അതേസമയം ചൈനയുടെ ഇടപെടല്‍ തന്റെ പാര്‍ട്ടിക്ക് ഒമ്ബത് സീറ്റുകള്‍ വരെ നഷ്ടപ്പെടുത്തിയേക്കാമെന്ന് കരുതുന്നതായി പ്രതിപക്ഷ പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവിന്റെ നേതാവ് എറിന്‍ ഒ ടൂള്‍ കഴിഞ്ഞ ആഴ്ച കമ്മീഷനെ അറിയിച്ചു.
വിദേശ ഇടപെടല്‍ സംബന്ധിച്ച് സിഎസ്‌ഐഎസ് 34 തവണ ക്യാബിനറ്റ് മന്ത്രിമാര്‍ക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കും വിവരങ്ങള്‍ നല്‍കിയതായും കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍, കനേഡിയന്‍ പ്രധാനമന്ത്രി ട്രൂഡോയ്ക്കും മറ്റ് നിരവധി എംപിമാര്‍ക്കും ചൈനയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന പ്രചാരണം നടന്നിരുന്നു. ഇതിനെതിരെ കൂടുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ കനേഡിയന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.