CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 29 Minutes 19 Seconds Ago
Breaking Now

ഇറാനും ഒളിക്കുകയാണ് ; കൊറോണ ബാധിച്ച് ഒറ്റ നഗരത്തില്‍ 50 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ഫെബ്രുവരി 13നകമാണ് ഈ 50 മരണങ്ങള്‍ നടന്നിട്ടുള്ളത്.

ഇറാനിയന്‍ നഗരമായ ക്വോമില്‍ ഈ മാസം അന്‍പതോളം പേര്‍ കൊറോണാവൈറസ് ബാധിച്ച് മരിച്ചതായി ഇറാന്റെ അര്‍ദ്ധഔദ്യോഗിക ഐഎല്‍എന്‍എ വാര്‍ത്താ ഏജന്‍സി. ഇറാന്‍ ഔദ്യോഗികമായി വെളിപ്പെടുത്തുന്ന കണക്കുകളേക്കാള്‍ ഏറെ മുകളിലാണ് ഈ മരണനിരക്ക്. 

12 മരണങ്ങളും, 47 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നാണ് ഇറാന്‍ ദേശീയ ടെലിവിഷന്‍ നേരത്തെ അവകാശപ്പെട്ടത്. ഇതിന് പിന്നാലെയാണ് യാഥാര്‍ത്ഥ്യം മറ്റൊന്നാണെന്ന് ഐഎല്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തത്. ക്വോം നഗരത്തില്‍ 250ലേറെ പേരെ ക്വാറന്റൈന്‍ ചെയ്തിട്ടുള്ളതായി നഗരത്തിലെ അധികാരിയായ അഹമ്മദ് അമിറിയാബാദി ഫറാഹാനിയെ ഉദ്ധരിച്ച് ഐഎല്‍എന്‍എ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഇറാനിലെയും, വിവിധ രാജ്യങ്ങളിലെയും ഷിയാ വിഭാഗങ്ങളുടെ മതപഠന കേന്ദ്രമാണ് ഈ നഗരം. 

ഫെബ്രുവരി 13നകമാണ് ഈ 50 മരണങ്ങള്‍ നടന്നിട്ടുള്ളത്. എന്നാല്‍ ഫെബ്രുവരി 19നാണ് ഇറാന്‍ ഔദ്യോഗികമായി വൈറസ് സ്ഥിരീകരിക്കുന്നതും, ആദ്യത്തെ മരണം റിപ്പോര്‍ട്ട് ചെയ്തതും. ഡിസംബറിലാണ് ചൈനയില്‍ പുതിയ കൊറോണാവൈറസ് റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോള്‍ ഇറാന് പുറമെ ഇറ്റലി, സൗത്ത് കൊറിയ എന്നിവിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള പുതിയ കേസുകള്‍ ആഗോള തലത്തില്‍ രോഗം പടരുന്നതിന്റെ സൂചനയാണ് നല്‍കുന്നതെന്നാണ് ആശങ്ക. 

ഇറാനിലെയും, ഇറ്റലിയിലെയും സ്ഥിതിയില്‍ ആശങ്കയുള്ളതായി ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിട്ടുണ്ട്. ഇറാനില്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെ അടച്ചിടുന്നതിന് പുറമെ ഇവിടെ നിന്നും എത്തിയവരില്‍ വൈറസ് കണ്ടെത്തിയതോടെ അയല്‍രാജ്യങ്ങളും ആശങ്കയിലാണ്. സ്ഥിരീകരിച്ച കേസുകളേക്കാള്‍ കൂടുതല്‍ മരണങ്ങള്‍ ഇറാനില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുവെന്നതും മാരകമാണ്. 

കുവൈത്തില്‍ വൈറസ് സ്ഥിരീകരിച്ച മൂന്ന് യാത്രക്കാരും ഇറാനില്‍ പോയി മടങ്ങിയവരാണ്. എന്നാല്‍ ഇവര്‍ സന്ദര്‍ശിച്ച മാഷാദില്‍ മറ്റ് കേസുകള്‍ സ്ഥിരീകരിക്കാന്‍ ഇറാന് സാധിച്ചിട്ടില്ല. ഇതോടെ സര്‍ക്കാര്‍ വൈറസ് പരിശോധിക്കുന്നതും, ക്വാറന്റൈന്‍ ചെയ്യുന്നത് സംബന്ധിച്ചും സംശയങ്ങള്‍ ഉയരുകയാണ്. തെഹ്‌റാന്‍ ഉള്‍പ്പെടെ അഞ്ച് നഗരങ്ങളിലാണ് ഇറാന്‍ ഇതുവരെ കേസുകള്‍ സ്ഥിരീകരിച്ചത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.