CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 8 Minutes 7 Seconds Ago
Breaking Now

ആഫ്രിക്കന്‍ അമേരിക്കന്‍ വംശജന്റെ കൊലപാതകം; യുഎസില്‍ പോലീസിന് എതിരെ പ്രതിഷേധം ആളിക്കത്തുന്നു; പോലീസ് സ്‌റ്റേഷന് തീയിട്ടു; ദുഃഖം മാത്രം പ്രകടിപ്പിച്ച് ട്രംപ്

വെള്ളക്കാരായ പോലീസുകാര്‍ കറുത്തവര്‍ക്ക് നേരെ നടത്തുന്ന വംശീയ അതിക്രമവും ഇതോടെ ചര്‍ച്ചയില്‍ നിറയുകയാണ്

നടുറോഡില്‍ വെച്ച് നിരായുധനായ വ്യക്തിയെ കഴുത്തില്‍ മുട്ടുകുത്തി ഇരുന്ന് പോലീസ് ഓഫീസര്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ അമേരിക്കയില്‍ പ്രതിഷേധം ആളിക്കത്തുന്നു. ജോര്‍ജ്ജ് ഫ്‌ളോയ്ഡ് എന്ന 46-കാരനെയാണ് നാല് ഓഫീസര്‍മാര്‍ വകവരുത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് പ്രതിഷേധം ഉയര്‍ന്നത്. 

കൈയ്യാമം വെച്ച് റോഡില്‍ വീഴ്ത്തിയ ഫ്‌ളോയ്ഡിന്റെ കഴുത്തില്‍ ഒരു ഓഫീസര്‍ മുട്ടുകുത്തി ഇരുന്നതോടെയാണ് ഇദ്ദേഹം മരണപ്പെട്ടത്. തനിക്ക് ശ്വാസം എടുക്കാന്‍ കഴിയുന്നില്ലെന്ന് പലവട്ടം ഫ്‌ളോയ്ഡ് പറഞ്ഞെങ്കിലും പോലീസുകാരന്‍ ബോധം കെടുന്നത് വരെ ശ്വാസം മുട്ടിച്ചു. സംഭവത്തില്‍ ഉള്‍പ്പെട്ട നാല് ഓഫീസര്‍മാരെയും പുറത്താക്കിയതിന് പുറമെ എഫ്ബിഐ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. 

അമേരിക്കയില്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ഇരകള്‍ക്കെതിരെ ശക്തി പ്രയോഗിക്കുന്നതിന് പുറമെ വെള്ളക്കാരായ പോലീസുകാര്‍ കറുത്തവര്‍ക്ക് നേരെ നടത്തുന്ന വംശീയ അതിക്രമവും ഇതോടെ ചര്‍ച്ചയില്‍ നിറയുകയാണ്. ആഫ്രിക്കന്‍ അമേരിക്കക്കാരെ അനധികൃതമായി അക്രമിക്കുകയും, കൊല്ലുകയും ചെയ്യുന്ന നടപടിക്കെതിരെ ജനങ്ങള്‍ തെരുവില്‍ ഇറങ്ങിക്കഴിഞ്ഞു. മിനെസോട്ടയാണ് പ്രധാന പ്രതിഷേധങ്ങളുടെ വേദി. 

മിനെയാപോലിസ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന് ചിലര്‍ തീയിടുകയും ചെയ്തു. ആയിരക്കണക്കിന് പേരാണ് പ്രതിഷേധങ്ങള്‍ക്ക് ഇറങ്ങിയിരിക്കുന്നത്. സമാധാനപരമായ പ്രകടനങ്ങള്‍ ചിലയിടങ്ങളില്‍ അക്രമാസക്തമാകുന്നു. കുറ്റക്കാരായ ഓഫീസര്‍മാര്‍ക്കെതിരെ നടപടി ഉറപ്പാക്കണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്. ന്യൂയോര്‍ക്ക് സിറ്റിയിലും പോലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. 

വളരെ, വളരെ ദുഃഖകരം എന്ന് മാത്രമാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ കൊലയില്‍ നടത്തിയ പ്രതികരണം. ക്രൂരമായ അക്രമമാണ് ഫ്‌ളോയ്ഡിന്റെ മരണത്തില്‍ കലാശിച്ചതെന്ന് മിനെസോട്ട പ്രോസിക്യൂട്ടര്‍മാര്‍ സമ്മതിക്കുമ്പോഴും പോലീസ് ഉദ്യോഗസ്ഥനെതിരെ ഉടന്‍ കോടതിയെ സമീപിക്കില്ലെന്ന നിലപാടിലാണ് ഇവര്‍. 




കൂടുതല്‍വാര്‍ത്തകള്‍.