Breaking Now

യുക്മ സാംസ്‌കാരിക വേദി ലൈവ് ടാലന്റ് ഷോ 'Let's break it together' അരങ്ങില്‍ നാളെ യുക്മ ദേശീയ കലാമേള കലാപ്രതിഭ ടോണി അലോഷ്യസും സഹോദരി ആനി അലോഷ്യസും കലയുടെ വിസ്മയം ഒരുക്കുന്നു

യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍, കോവിഡ് 19 ന് എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍ നില്‍ക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയും ആദരവും അര്‍പ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ 'LET'S BREAK IT TOGETHER' ല്‍  നാളെ ജൂണ്‍ 25 വ്യാഴാഴ്ച 5 PM ന് (ഇന്‍ഡ്യന്‍ സമയം രാത്രി 9:30) അരങ്ങുണര്‍ത്താന്‍ എത്തുന്നത് വേദികളില്‍ വിസ്‌ഫോടനം തീര്‍ക്കുന്ന കൗമാര സകലകലാവല്ലഭര്‍, സഹോദരങ്ങളായ 17 വയസ്സുകാരി ആനി അലോഷ്യസും, 15 വയസ്സുകാരന്‍ ടോണി അലോഷ്യസുമാണ്. യുക്മ റീജിയണല്‍, നാഷണല്‍ കലാമേള വേദികളിലെ സ്ഥിരം വിജയികളായ ഈ സഹോദരങ്ങള്‍ യു കെ മലയാളികള്‍ക്ക് സുപരിചിതരാണ്. 

എയില്‍സ്ബറി ഗ്രാമര്‍ സ്‌കൂള്‍ ഇയര്‍ 12 വിദ്യാര്‍ത്ഥിനിയായ ആനി അലോഷ്യസ് 2014, 2017 വര്‍ഷങ്ങളില്‍ യുക്മ ഈസ്റ്റ് ആംഗ്‌ളിയ റീജിയണ്‍ കലാതിലകമായിരുന്നു. 2014, 2016, 2017 വര്‍ഷങ്ങളില്‍ റീജിയണല്‍  വ്യക്തിഗത ചാംപ്യനായിരുന്ന ആനി 2019 ല്‍ മാഞ്ചസ്റ്റര്‍ ദേശീയ കലാമേളയില്‍ മോഹിനിയാട്ടത്തിന് ഒന്നാം സ്ഥാനം നേടി. സോളോ സോങ്, പദ്യ പാരായണം, മോഹിനിയാട്ടം, ഭരതനാട്യം, കഥാപ്രസംഗം,  സ്റ്റോറി ടെല്ലിംഗ്, മോണോ ആക്ട്, ഒപ്പന, തിരുവാതിര, ഗ്രൂപ്പ് സോങ് ഇനങ്ങളില്‍ തന്റെ കഴിവ് വിവിധ മത്സര വേദികളില്‍ തെളിയിച്ചിട്ടുള്ള ആനി അക്ഷരാര്‍ത്ഥത്തില്‍ ഒരു സകല കലാ വല്ലഭയാണ്. ഏഷ്യാനെറ്റ് യൂറോപ്പ് ടാലന്റ് കണ്‍ടസ്റ്റ് - 2013 റണ്ണര്‍ അപ്, സിങ് വിത് സ്റ്റീഫന്‍ ദേവസ്സി കണ്‍ടസ്റ്റ് - 2017 റണ്ണര്‍ അപ് തുടങ്ങി നിരവധി സംഗീത മത്സരങളിലും തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട് ഈ കലാകാരി. വേണുഗീതം 2018 ല്‍ പ്രശസ്ത ഗായകന്‍ ജി. വേണുഗോപാലിനൊപ്പം പാടാന്‍ അവസരം ലഭിച്ച ഈ അനുഗ്രഹീത കലാകാരി കര്‍ണാട്ടിക് മ്യൂസിക്, ശാസ്ത്രീയ നൃത്തം എന്നിവയില്‍ നന്നേ ചെറുപ്പം മുതല്‍ പരിശീലനം ആരംഭിച്ചു. 

2018 ല്‍ കര്‍ണാട്ടിക് മ്യൂസിക് ( വോക്കല്‍) അരങ്ങേറ്റം കുറിച്ച ആനി, വെസ്റ്റേണ്‍ മ്യൂസിക് (വോക്കല്‍) ഗ്രേഡ് - 8, പിയാനോ ഗ്രേഡ് - 6, ഭരതനാട്യം (ISTD) 

ഗ്രേഡ് - 5 എന്നിവ ഇതിനോടകം കരസ്ഥമാക്കി കഴിഞ്ഞു. 2019 ല്‍ യുക്മ ഔട്ട്സ്റ്റാന്റിംഗ് അച്ചീവ്‌മെന്റ് അവാര്‍ഡ് കരസ്ഥമാക്കിയ ഈ മിടുക്കി, UKMT ഇന്റര്‍മീഡിയറ്റ് മാത്സ് ഗോള്‍ഡ് മെഡല്‍, ഡ്യൂക്ക് ഓഫ് എഡിന്‍ബറോ സില്‍വര്‍ മെഡല്‍ എന്നിവയും നേടിയിട്ടുണ്ട്. 

2019 മാഞ്ചസ്റ്റര്‍ ദേശീയ കലാമേളയിലെ കലാപ്രതിഭ പട്ടം നേടിയ ടോണി അലോഷ്യസ് തന്റെ സഹോദരി ആനിയെ പോലെ ഒരു സകല കലാവല്ലഭനാണ്. മാഞ്ചസ്റ്റര്‍ കലാമേളയില്‍ ജൂണിയര്‍ വിഭാഗം വ്യക്തിഗത ചാംപ്യനായ ടോണി പങ്കെടുത്ത മൂന്നിനങ്ങളിലും ഒന്നാം സ്ഥാനം നേടിയാണ് കലാപ്രതിഭ പട്ടം ചൂടിയത്. 

2018, 2019 വര്‍ഷങ്ങളിലെ ഈസ്റ്റ് ആംഗ്‌ളിയ റീജിയണ്‍ കലാപ്രതിഭയായ ടോണി, 2019 ല്‍ നടന്ന റ്റീന്‍ സ്റ്റാര്‍ ലണ്ടന്‍ ഏരിയ ഡാന്‍സ് മത്സരത്തില്‍ ഫൈനലിസ്റ്റ് ആയിരുന്നു. എയില്‍സ്ബറി ഗ്രാമര്‍ സ്‌കൂളിലെ ഇയര്‍ 10 വിദ്യാര്‍ത്ഥിയായ ടോണി, യുക്മ മാത്സ് ചലഞ്ച് 2018 ല്‍ ഈസ്റ്റ് ആംഗ്‌ളിയ റീജിയണ്‍ വിന്നര്‍, UKMT ജൂണിയര്‍ മാത്സ് ഗോള്‍ഡ് മെഡല്‍ എന്നിവയും നേടിയിട്ടുണ്ട്. നൃത്തം ഹൃദയത്തിലേറ്റി നടക്കുന്ന ടോണി പിയാനോ ഗ്രേഡ് - 5, ഡ്രംസ് ഗ്രേഡ് - 4 എന്നിവയും ഇതിനോടകം നേടി കഴിഞ്ഞു. കരാട്ടേ പരിശീലനം ബ്രൗണ്‍ ബെല്‍റ്റിലെത്തി നില്‍ക്കുന്ന ഈ കലാപ്രതിഭ നല്ലൊരു ഫുട്‌ബോളറും കൂടിയാണ്. ലൂട്ടന്‍ ബറോ ഡ്രാഗണ്‍സ് ഫുട്‌ബോള്‍ ടീമിലെ അംഗമായ ടോണി ഫുട്‌ബോളിലും തന്റെ കഠിന പരിശീലനം തുടരുകയാണ്. 

കല, കായികം, പഠനം എന്നിങ്ങനെ തൊടുന്ന മേഖലകളെല്ലാം പൊന്നാക്കി മാറ്റുന്ന ഈ അപൂര്‍വ്വ സഹോദരങ്ങള്‍ ഒരുക്കുന്ന രാഗ വിസ്മയത്തിലേക്ക് 'LET'S BREAK IT TOGETHER' ന്റെ പ്രേക്ഷകരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു. യുക്മ ഈസ്റ്റ് ആംഗ്‌ളിയ റീജിയണിലെ ലൂട്ടന്‍ കേരളൈറ്റ്‌സ് അസ്സോസ്സിയേഷന്‍ അംഗങ്ങളായ അലോഷ്യസ് - ജിജി ദമ്പതികളുടെ മക്കളാണ് ഈ കൌമാര വിസ്മയങ്ങള്‍ .

'LET'S BREAK IT TOGETHER' ലൈവ് ഷോയ്ക്ക്  ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ നല്‍കി വരുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്‌കാരിക വേദി പ്രവര്‍ത്തകര്‍ ഹൃദയപൂര്‍വ്വം നന്ദി രേഖപ്പെടുത്തുന്നു.

 കോവിഡ് - 19 രോഗബാധിതര്‍ക്കു വേണ്ടി സ്വന്തം ജീവന്‍പോലും തൃണവല്‍ഗണിച്ച് കരുതലിന്റെ സ്‌നേഹസ്പര്‍ശമായി, വിശ്രമരഹിതരായി യു കെ യിലെ  എന്‍ എച്ച് എസ്    ഹോസ്പിറ്റലുകളിലും കെയര്‍ഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ലോകത്തിലെ മുഴുവന്‍ ആരോഗ്യ മേഖലകളിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആദരവ് അര്‍പ്പിച്ചുകൊണ്ട് യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ്  സംപ്രേക്ഷണം ചെയ്യുന്നത്. 

എട്ടു വയസ്സു മുതല്‍ 21 വയസ്സ് വരെ പ്രായമുള്ള യു കെ യിലെ  വൈവിധ്യമാര്‍ന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൃതജ്ഞതയും അഭിവാദ്യവും അര്‍പ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളില്‍ കലാവിരുത് പ്രകടിപ്പിക്കുവാന്‍ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകര്‍ഷണം. എന്നാല്‍ ഹാസ്യാത്മകമായ പരിപാടികള്‍ ഉള്‍പ്പെടെ വൈവിധ്യമാര്‍ന്നതും ആകര്‍ഷണങ്ങളുമായ മറ്റു കലാപരിപാടികള്‍ അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.

യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്‌സ് ബാന്‍ഡ്  യു കെ യുടെ റെക്‌സ് ജോസും, ജെ ജെ ഓഡിയോസിന്റെ  ജോജോ തോമസും ചേര്‍ന്ന് പരിപാടികള്‍ അവതരിപ്പിക്കുന്നവര്‍ക്ക് വേണ്ട സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നതാണ്. കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിനുവേണ്ട മിനിമം സമയം ഇരുപത് മിനിറ്റ് ആണ്. പരിപാടികള്‍ അവതരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്ന എട്ടു മുതല്‍ ഇരുപത്തിയൊന്ന് വയസ്സ് വരെ പ്രായപരിധിയിലുള്ള കലാ പ്രതിഭകള്‍ അവതരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്ന പരിപാടിയുടെ, കുറഞ്ഞത് അഞ്ച് മിനിറ്റ് ദൈര്‍ഘ്യം ഉള്ള വീഡിയോ ക്ലിപ്പ് 07846747602 എന്ന് വാട്‌സ്ആപ്പ് നമ്പറില്‍ അയച്ചു തരേണ്ടതാണ് . ഓര്‍ഗനൈസിംഗ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് പരിപാടികള്‍ അവതരിപ്പിക്കേണ്ടവരെ മുന്‍കൂട്ടി അറിയിക്കുന്നതുമായിരിക്കും.

ലോകമെമ്പാടുമുള്ള ആതുരസേവകര്‍ക്ക് ആദരവ് നല്‍കുന്നതിനായി യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ പ്രതിഭാ സമ്പന്നരായ കുട്ടികള്‍ അവതരിപ്പിക്കുന്ന 'ലെറ്റ്‌സ് ബ്രേക്ക് ഇറ്റ് ടുഗദര്‍ ' എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നല്‍കി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. 

യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ്, വൈസ് ചെയര്‍മാന്‍ ജോയി ആഗസ്തി, ജനറല്‍ കണ്‍വീനര്‍മാരായ ജയ്സണ്‍ ജോര്‍ജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേല്‍നോട്ടം വഹിക്കുന്നത്.

പ്രോഗ്രാം സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്‌കാരിക വേദി നാഷണല്‍ കോര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

വാര്‍ത്ത:

കുര്യന്‍ ജോര്‍ജ്ജ്

(യുക്മ സാംസ്‌കാരിക വേദി നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍)
കൂടുതല്‍വാര്‍ത്തകള്‍.