സെപ്റ്റംബറില്‍ എല്ലാ വിദ്യാര്‍ത്ഥികളെയും പൂര്‍വ്വസ്ഥിതിയില്‍ ക്ലാസില്‍ മടക്കിയെത്തിക്കാനുള്ള ബോറിസ് സര്‍ക്കാരിന്റെ പദ്ധതി സജീവ ചര്‍ച്ചയാണ്. സുരക്ഷിതമായി വിദ്യാര്‍ത്ഥികളെ ക്ലാസില്‍ എത്തിക്കാന്‍ സാധിക്കില്ലെന്നാണ് അധ്യാപക സംഘടനകളുടെ നിലപാട്. എന്നാല്‍ കുട്ടികളെ സെപ്റ്റംബര്‍ മുതല്‍ സ്‌കൂളില്‍ അയയ്‌ക്കേണ്ടത് നിയമം മൂലം നിര്‍ബന്ധമാക്കി രക്ഷിതാക്കള്‍ക്ക് മറ്റ് വഴികളില്ലാതെ ആക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇത്തരമൊരു നിയമം വരുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി.
ക്ലാസുകള്‍ ദീര്‍ഘകാലത്തേക്ക് ഇല്ലാതെ പോയാല്‍ കുട്ടികളുടെ ജീവിതാവസരങ്ങള്‍ തന്നെ നശിപ്പിക്കപ്പെടുമെന്ന ആരോപണവും മറുഭാഗത്ത് ശക്തമാണ്. അധ്യാപനം മുഴുവനായി പുനരാരംഭിക്കാനുള്ള നീക്കങ്ങളില്‍ നിന്ന് പിന്നോട്ട് പോയതോടെ വിമര്‍ശനം കടുത്തിരുന്നു. ഇതോടെയാണ് സ്‌കൂളുകള്‍ അടച്ചിടുന്നത് വലിയ പ്രശ്‌നമാണെന്ന് പ്രധാനമന്ത്രി സമ്മതിച്ചത്. 'കുട്ടികളെ സ്‌കൂളിലേക്ക് മടക്കിയെത്തിക്കണം, സെപ്റ്റംബറില്‍ എല്ലാവരെയും തിരിച്ചെത്തിക്കുകയാണ് ഉദ്ദേശം', ഇത് നിയമം മൂലം നിര്‍ബന്ധമാക്കുമെന്ന് കൂട്ടിച്ചേര്‍ത്തു കൊണ്ട് ബോറിസ് വ്യക്തമാക്കി.
സ്‌കൂളുകള്‍ വിപുലമായി തുറക്കുന്നതിനെ അധ്യാപക യൂണിയനുകള്‍ എതിര്‍ക്കുന്നുണ്ട്. ഇത് തങ്ങളുടെ അംഗങ്ങളുടെ സുരക്ഷയെ ബാധിക്കുമെന്നാണ് ഇവരുടെ പരാതി. എന്നാല്‍ ഉത്തരവാദിത്വങ്ങള്‍ സീരിയസായി കാണാനാണ് അധ്യാപകരോട് പ്രധാനമന്ത്രിയുടെ ഉപദേശം. ചെറിയ വരുമാനമുള്ള കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികളാണ് പ്രധാനമായും ഇതിന്റെ ദുരിതം അനുഭവിക്കുന്നത്. ഇവര്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനും, പ്രൈവറ്റ് ട്യൂഷനുമുള്ള സാധ്യതകള്‍ കുറയുന്നതാണ് കാരണം.
'പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികളാണ് മടങ്ങിയെത്താന്‍ ബുദ്ധിമുട്ടുന്നത്, സാമൂഹിക അനീതിയാണ് നിങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത്', പ്രധാനമന്ത്രി യൂണിയനുകളെ ഓര്‍മ്മിപ്പിച്ചു. എഡ്യുക്കേഷന്‍ സെക്രട്ടറി ഗാവിന്‍ വില്ല്യംസണും വിഷയം കൈകാര്യം ചെയ്യുന്നതിന്റെ വേഗതക്കുറവിന്റെ പേരില്‍ വിമര്‍ശനം ഏറ്റുവാങ്ങുന്നുണ്ട്. ഒരു മീറ്റര്‍ സാമൂഹിക അകലം നടപ്പാക്കുന്നത് അധ്യാപകരുടെ ചുമതലയില്‍ നിന്ന് നീക്കുന്നത് ഉള്‍പ്പെടെയുള്ള ഇളവുകള്‍ നടപ്പാക്കി സ്‌കൂള്‍ പ്രവര്‍ത്തനം പുനരാരംഭിക്കാനാണ് ഇപ്പോള്‍ നീക്കം നടത്തുന്നത്. നിയമം മൂലം നിര്‍ബന്ധമാക്കുന്നതോടെ മക്കളെ സ്‌കൂളിലേക്ക് അയയ്ക്കാതെ രക്ഷിതാക്കള്‍ക്ക് മുന്നില്‍ വഴികളും ഉണ്ടാകില്ല.