CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
33 Minutes 8 Seconds Ago
Breaking Now

പുതിയ കേസുകളും, ആര്‍ റേറ്റും കുത്തനെ കുറഞ്ഞപ്പോഴും ദിവസേന 3000 പേര്‍ക്ക് വൈറസ് പിടിപെടുന്നു; ഇംഗ്ലണ്ടില്‍ കൊറോണ കേസുകള്‍ ഒരാഴ്ചയ്ക്കിടെ 40% താഴ്ന്നു; 176 പേരുടെ മരണം സ്ഥിരീകരിച്ച് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ്

വൈറസിന്റെ വ്യാപനവും, ശക്തിയും കുറഞ്ഞ് നില്‍ക്കുമ്പോഴാണ് സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നത്

ബ്രിട്ടനില്‍ 176 പേര്‍ കൂടി കൊറോണാവൈറസ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ച് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ്. എന്നാല്‍ ദിവസേന വൈറസ് പിടിപെടുന്നവരുടെ എണ്ണം ഇപ്പോഴും 3000-ഓളമായി തുടരുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നതായി സര്‍ക്കാര്‍ വിദഗ്ധര്‍ വ്യക്തമാക്കി. അതേസമയം സുപ്രധാനമായ ആര്‍ റേറ്റ് എല്ലാ മേഖലയിലും താഴ്ന്നു. ലാബില്‍ സ്ഥിരീകരിച്ച ഔദ്യോഗിക മരണങ്ങളുടെ എണ്ണം 43906 എത്തിയതായും ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് കൂട്ടിച്ചേര്‍ത്തു. ഒരു മാസം മുന്‍പ് തന്നെ ബ്രിട്ടനിലെ മരണസംഖ്യ 50,000 കടന്നതായാണ് വ്യത്യസ്തമായ സര്‍ക്കാര്‍ കണക്കുകള്‍ തന്നെ പ്രഖ്യാപിക്കുന്നത്. 

പ്രതിദിനം ആയിരം പേര്‍ മരിച്ച ദുര്‍ഘടമായ സമയം കടന്ന് കഴിഞ്ഞ മാസത്തോടെ മഹാമാരിയുടെ ശക്തി കുറഞ്ഞിരുന്നു. അതേസമയം കൊറോണാവൈറസ് നിരക്ക് ജനസംഖ്യയിലെ ഒരു ലക്ഷത്തില്‍ 10.7 കേസുകള്‍ എന്നതില്‍ നിന്ന് ഒരാഴ്ച കൊണ്ട് 6.7 എന്ന നിലയിലേക്ക് കുറഞ്ഞതായി കണക്കുകള്‍ വ്യക്തമാക്കുന്നു. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടും, കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയും സംയുക്തമായി നടത്തിയ പഠനത്തില്‍ ഇംഗ്ലണ്ടില്‍ 3000 പേര്‍ക്ക് പ്രതിദിനം വൈറസ് പിടിപെടുന്നതായി കണ്ടെത്തിയത്. മിഡ്‌ലാന്‍ഡ്‌സില്‍ നിന്നുള്ള 1000 പേരും ഇതില്‍ ഉള്‍പ്പെടും. 

മഹാമാരി പടരുന്ന വേഗത കുറഞ്ഞതായി സ്ഥിരീകരിക്കുമ്പോഴും കൂടുതല്‍ പേര്‍ക്ക് വൈറസ് പിടിപെടുന്നുവെന്ന് തന്നെയാണ് സ്ഥിരീകരണം. ലോക്ക്ഡൗണ്‍ ഇളവുകള്‍ ആസ്വദിക്കാന്‍ രംഗത്തിറങ്ങുമ്പോള്‍ ജാഗ്രത പാലിക്കുന്നത് മാത്രമാണ് ഇതില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗ്ഗം. ലെസ്റ്റര്‍ നഗരത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മറ്റ് ഏതാനും നഗരങ്ങളിലും, പട്ടണങ്ങളിലും ആവര്‍ത്തിക്കാന്‍ ഇടയുണ്ടെന്നാണ് സര്‍ക്കാര്‍ മുന്നറിയിപ്പ്. പുതുതായി 829 കേസുകളാണ് ആരോഗ്യ മേധാവികള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. 

ഇതോടെ രാജ്യത്തെ പോസിറ്റീവ് കേസുകളുടെ എണ്ണം 313,483 ആയി. എന്നാല്‍ രാജ്യത്തെ 5.62 മില്ല്യണ്‍ ജനതയ്ക്ക് ഇന്‍ഫെക്ഷന്‍ പിടിപെട്ടിരിക്കാമെന്നാണ് പിഎച്ച്ഇ, കേംബ്രിഡ്ജ് ടീം നടത്തിയ മോഡലിംഗ് വ്യക്തമാക്കുന്നത്. വൈറസിന്റെ വ്യാപനവും, ശക്തിയും കുറഞ്ഞ് നില്‍ക്കുമ്പോഴാണ് സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നത്. ജൂലൈ 4 മുതല്‍ എത്തുന്ന ഇളവുകള്‍ ആസ്വദിക്കാന്‍ ജനം തീരുമാനിച്ചാല്‍ കാര്യങ്ങള്‍ വീണ്ടും കൈവിട്ട് പോകുമെന്ന ആശങ്ക ശക്തമാണ്. 




കൂടുതല്‍വാര്‍ത്തകള്‍.