Breaking Now

കരിപ്പൂര്‍ വിമാനത്താവളത്തിലെ ടേബിള്‍ ടോപ്പ് റണ്‍വേകള്‍ അപകടം നിറഞ്ഞത് ; വിമാനം ആകാശത്ത് വട്ടം കറങ്ങിയെന്നും മുന്നറിയിപ്പ് നല്‍കിയില്ലെന്നും അപകടത്തിന് ഇരയായ യാത്രക്കാര്‍

ലാന്റിംഗിന് മുമ്പ് തന്നെ അപകടാവസ്ഥ യുണ്ടായിരുന്നെന്നും ഇവര്‍ പറയുന്നു

കരിപ്പൂരില്‍ ഇന്നലത്തെ വിമാനാപകടത്തില്‍ 19 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത്. 171 പേര്‍ ഇതുവരെ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുകയാണ്. കുട്ടികളടക്കം നിരവധി പേര്‍ ഗുരുതരാവസ്ഥയിലാണ്. അപകടത്തില്‍ മുഖ്യ പൈലറ്റ് ദീപക് വസന്ത് സാഥേയും മരിച്ചു. അപകടം സംഭവിക്കുന്നതിന് മുമ്പുണ്ടായ അനുഭവം പങ്കുവെക്കുകയാണ് പരിക്കേറ്റ ചില യാത്രക്കാര്‍.

വിമാനം തകരുന്നതിന് മുമ്പ് രണ്ട് തവണ വട്ടം കറങ്ങിയതായാണ് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍ പറയുന്നത്. ലാന്റിംഗിന് മുമ്പ് തന്നെ അപകടാവസ്ഥയുണ്ടായിരുന്നെന്നും ഇവര്‍ പറയുന്നു.

ലാന്റിംഗിന് മുമ്പ് തന്നെ വിമാനം ആകാശത്ത് വട്ടം കറങ്ങി നില്‍ക്കുന്നതായി യാത്രക്കാരിലൊരാളായ സിദ്ദീഖ് പങ്കുവെച്ചു.

'വിമാനം ലാന്റ് ചെയ്യുന്നതിന് മുമ്പ് തന്നെ ആകാശത്ത് നിര്‍ത്താനാവാതെ നില്‍ക്കുന്നുണ്ടായിരുന്നു. പിന്നെ പൈലറ്റിന് താഴെയിറക്കാന്‍ തോന്നിയതെന്താണെന്നറിയില്ല. ഞാന്‍ ചിറകിന്റെ ബാക്കിലായിരുന്നു. കാണാതെ പോയി വീഴില്ലേ… അതുപോലെയായിരുന്നു അപകടം. ഞാന്‍ ബെല്‍റ്റ് ഇട്ടിരുന്നു. എന്നിട്ടും തല ശക്തമായി മുന്നോട്ട് ആഞ്ഞ് ഇടിച്ചു. എനിക്ക് നല്ല ബോധമുണ്ടായിരുന്നു. ഉള്ളില്‍ നിന്നും ഞാന്‍ തന്നെയാണ് പുറത്തിറങ്ങിയത്, പരിക്കേറ്റ സിദ്ധീഖ് പറയുന്നു.സാധാരണ വിമാനം ക്രാഷായപ്പോള്‍ ഉണ്ടായ ശബ്ദമായിരുന്നില്ല കഴിഞ്ഞ ദിവസം ലാന്റ് ചെയതപ്പോള്‍ ഉണ്ടായിരുന്നതെന്നാണ് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരിയായ ഫാത്തിമ പറയുന്നത്.

ജീവനക്കാരും യാത്രക്കാരുമടക്കം 190 പേരുമായി പറന്ന വിമാനമാണ് കഴിഞ്ഞ ദിവസം അപകടത്തില്‍പ്പെട്ടത്. 30 അടി ഉയരത്തില്‍ നിന്ന് വീണ വിമാനം രണ്ടായി പിളര്‍ന്ന് സുരക്ഷാ വേലി തകര്‍ത്ത് പുറത്തേക്ക് തെറിക്കുകയായിരുന്നു.ഇറങ്ങുമ്പോള്‍ റണ്‍വേയ്ക്ക് മുന്നിലൂടെ തെന്നിമാറിയ വിമാനം വീണ്ടും പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കൊണ്ടോട്ടിയിലെ കുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള സുരക്ഷാ വേലി തകര്‍ത്താണ് വിമാനം തകര്‍ന്ന് വീണത്.

കോക്ക്പിറ്റു മുതല്‍ മുന്‍വാതില്‍ വരെയുള്ള വിമാനത്തിന്റെ ഭാഗങ്ങള്‍ തകര്‍ന്നിട്ടുണ്ട്.വിമാനത്തില്‍ പത്ത് കുട്ടികളും 46 സ്ത്രീകളും 128 പുരുഷന്മാരും ഉണ്ടായിരുന്നതായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ നീരജ് അഗര്‍വാള്‍ പറഞ്ഞു.

കേരളത്തിലെ നാല് വിമാനത്താവളങ്ങളില്‍ പ്രധാനമാണ് കരിപ്പൂര്‍ വിമാനത്താവളം. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി നഗരസഭയില്‍ സ്ഥിതി ചെയ്യുന്ന ഈ വിമാനത്താവളം അന്തര്‍ ദേശീയ യാത്രക്കാരുടെ കണക്ക് എടുത്തു നോക്കുമ്പോള്‍ ഇന്ത്യയിലെ തിരക്കുള്ള ഏഴാമത്തെ വിമാനത്താവളമെന്നാണ് അറിയപ്പെടുന്നത്.ടേബിള്‍ ടോപ്പ് റണ്‍വേയുള്ള വിമാനത്താവളം കൂടിയാണ് കരിപ്പൂരിലേത്. അതായത് കുന്നിന്‍ മുകളിലെ നിരപ്പായ പ്രദേശത്ത് നിര്‍മിക്കുന്ന റണ്‍വേയാണ് ടേബിള്‍ ടോപ്പ് റണ്‍വേ എന്നറിയപ്പെടുന്നത്.

ഇപ്രകാരം സമുദ്രനിരപ്പില്‍ നിന്ന് 104 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന അന്താരാഷ്ട്ര വിമാനത്താവളമാണ് കരിപ്പൂരിലേത്. റണ്‍വേയുടെ ഒരുഭാഗമോ രണ്ടറ്റമോ താഴ്ന്ന നിലയിലായിരിക്കാം സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ വിമാനത്തിന്റെ ലാന്‍ഡിംഗ് അതീവ ശ്രമകരമായ കാര്യമാണ്. ഈ സവിശേഷതയുള്ളതിനാല്‍ ലാന്‍ഡിംഗിലെ ചെറിയ പിഴവ് മതി വലിയ അപകടങ്ങള്‍ ഉണ്ടാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ടേബിള്‍ ടോപ്പ് റണ്‍വേയുള്ള വേറേയും വിമാനത്താവളങ്ങള്‍ ഇന്ത്യയിലുണ്ട്. മംഗലാപുരം, മിസോറാമിലെ ലെങ് പുയി വിമാനത്താവളം എന്നിവിടങ്ങളിലും ടേബിള്‍ ടോപ്പ് റണ്‍വേ ആണുള്ളത്. കരിപ്പൂരില്‍ നടന്ന ഈ അപകടം 2010 ല്‍ മംഗലാപുരം വിമാനത്താവളത്തില്‍ നടന്ന വിമാനപകടത്തിന് സമാനമാണ്.

എന്നാല്‍ കരിപ്പൂരില്‍ ഇതിനു മുമ്പും അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2012 ഏപ്രലില്‍ കരിപ്പൂരില്‍ നിന്ന് യാത്ര തിരിച്ച കോഴിക്കോട് ദുബായ് വിമാനത്തില്‍ പക്ഷി ഇടിച്ച് എന്‍ജിന്‍ തകരാറിലായിരുന്നു. എന്നാല്‍, വിമാനം സുരക്ഷിതമായി നിലത്തിറക്കിയതിലൂടെ വന്‍ അപകടം ഒഴിവായി.

പിന്നീട് ഇത്തരത്തില്‍ ഒരു അപകടം റിപ്പോര്‍ട്ട് ചെയ്തത് 2017ലാണ്. 2017 ഓഗസ്റ്റ് നാലിന് ചെന്നൈയില്‍ നിന്നുള്ള സ്‌പൈസ് ജെറ്റ് വിമാനം റണ്‍വേയുടെ അരികില്‍ വിളക്കുകള്‍ തകര്‍ത്ത് ലാന്‍ഡ് ചെയ്തു.കനത്ത മഴയെത്തുടര്‍ന്ന് ലാന്‍ഡ് ചെയ്യാനുണ്ടായ ബുദ്ധിമുട്ടാണ് അപകടത്തിന് കാരണമായത്. 

 
കൂടുതല്‍വാര്‍ത്തകള്‍.