CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 52 Minutes 16 Seconds Ago
Breaking Now

മൗറീഷ്യസിന്റെ പ്രകൃതിസുന്ദരമായ ബീച്ചുകളെ ക്രൂഡ് ഓയില്‍ കറുപ്പില്‍ മുക്കി ജാപ്പനീസ് കപ്പല്‍ തകര്‍ച്ച; കടലില്‍ ഒഴുകിയത് 1000 ടണ്‍ എണ്ണ; കപ്പല്‍ രണ്ടായി പിളരുമെന്ന് മുന്നറിയിപ്പ്

സഹായങ്ങള്‍ക്കായി ആറംഗ വിദഗ്ധ സംഘത്തെ അയയ്ക്കുമെന്ന് ജപ്പാന്‍ വ്യക്തമാക്കി

പ്രകൃതിമനോഹരങ്ങളായ കടലും, ബീച്ചുകളും നിറഞ്ഞ മൗറീഷ്യസിന് ഭീഷണിയായി ക്രൂഡ് ഓയില്‍ ചോര്‍ച്ച. ആയിരക്കണക്കിന് വോളണ്ടിയര്‍മാരാണ് പ്രതിസന്ധി പരിഹരിക്കാന്‍ രംഗത്തിറങ്ങിയിരിക്കുന്നത്. ജാപ്പനീസ് കപ്പലായ എംവി വകാഷിയോ സുരക്ഷിത കോറല്‍ റീഫുകളും, മാംഗ്രോവ് ഫോറസ്റ്റും, വംശജനാശ ഭീഷണി നേരിടുന്ന ജീവികളും വസിക്കുന്ന മേഖലയില്‍ ഇന്ധന ചോര്‍ച്ച നടത്തിയത്. ഇതോടെ മൗറീഷ്യസില്‍ എന്‍വയോണ്‍മെന്റ് എമര്‍ജന്‍സി പ്രഖ്യാപിച്ചിരിക്കുകയാണ്. 

ജൂലൈ 25നാണ് കരയിലേക്ക് കപ്പല്‍ ഇടിച്ച് കയറിയത്. എന്നാല്‍ ഈ ആഴ്ചയിലാണ് ഓയില്‍ ചോര്‍ച്ച ആരംഭിച്ചത്. 4000 ടണ്‍ ഇന്ധനം പമ്പ് ചെയ്ത് നീക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. കടല്‍ പ്രക്ഷുബ്ദമായാല്‍ കപ്പല്‍ തകര്‍ന്നേക്കുമെന്നാണ് അധികൃതര്‍ ആശങ്കപ്പെടുന്നത്. രക്ഷാപ്രവര്‍ത്തകര്‍ ചോര്‍ച്ച തല്‍ക്കാലത്തേക്ക് തടഞ്ഞതായി പ്രധാനമന്ത്രി പ്രവീന്ദ് ജുഗ്നോഥ് പറഞ്ഞു. എന്നാല്‍ പൊട്ടലുകള്‍ രൂപപ്പെടുന്നതിനാല്‍ ദുരന്തം ഏത് നിമിഷവും സംഭവിക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സഹായങ്ങള്‍ക്കായി ആറംഗ വിദഗ്ധ സംഘത്തെ അയയ്ക്കുമെന്ന് ജപ്പാന്‍ വ്യക്തമാക്കി. നേവി കപ്പലും, മിലിറ്ററി എയര്‍ക്രാഫ്റ്റുമായി ഫ്രാന്‍സ് നേരത്തെ തന്നെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. മൗറീഷ്യസ് അന്താരാഷ്ട്ര സഹായം തേടിയതോടെയാണ് വിവിധ രാജ്യങ്ങള്‍ ഈ ജംബോ യത്‌നത്തിന് ഇറങ്ങുന്നത്. തീരപ്രദേശങ്ങളില്‍ അടിഞ്ഞ എണ്ണ നീക്കം ചെയ്യുന്ന ദൗത്യത്തിലാണ് ആയിരക്കണക്കിന് വോളണ്ടിയര്‍മാര്‍. 

ഒരു ജാപ്പനീസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പല്‍ മിറ്റ്‌സുയി ഒഎസ്‌കെ ലൈന്‍സാണ് പ്രവര്‍ത്തിപ്പിക്കുന്നത്. 1000 ടണ്‍ ക്രൂഡ് ഓയില്‍ ചോര്‍ന്നതായി ഇവര്‍ അറിയിച്ചു. സംഭവത്തില്‍ അത്യധികം ഖേദിക്കുന്നതായി കമ്പനി വ്യക്തമാക്കി. പ്രശ്‌നം പരിഹരിക്കാന്‍ കഴിയാവുന്നതെല്ലാം ചെയ്യുമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ദുരന്തം സംഭവിച്ച് കഴിഞ്ഞെന്ന് കണ്‍സര്‍വേഷനിസ്റ്റുകള്‍ വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.