CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 43 Minutes Ago
Breaking Now

റഷ്യയുടെ കൊറോണ വാക്‌സിന്‍ ഉണ്ടയില്ലാ വെടിയോ? അഡ്വാന്‍സ്ഡ് ടെസ്റ്റ് സ്‌റ്റേജില്‍ പോലും എത്തിയിട്ടില്ലെന്ന് ഡബ്യുഎച്ച്ഒ

വാക്‌സിന്‍ മികച്ചതാണെന്നും രണ്ട് വര്‍ഷം വരെ ആളുകളെ സംരക്ഷിക്കുമെന്നുമാണ് റഷ്യയുടെ അവകാശവാദം

റഷ്യ ഈ ആഴ്ച കൊട്ടിഘോഷിച്ച് അംഗീകാരം പ്രഖ്യാപിച്ച വാക്‌സിന്‍ ടെസ്റ്റിംഗിന്റെ അഡ്വാന്‍സ് സ്റ്റേജില്‍ എത്തിയതായി കരുതുന്നില്ലെന്ന് ലോകാരോഗ്യ സംഘടന. തങ്ങള്‍ പരിഗണിക്കുന്ന ഒന്‍പത് വാക്‌സിനുകളില്‍ റഷ്യന്‍ വാക്‌സിന്‍ ഉള്‍പ്പെടുന്നില്ലെന്ന് ഡബ്യുഎച്ച്ഒ വ്യക്തമാക്കി. 

ഡബ്യുഎച്ച്ഒയും പങ്കാളികളും ഒന്‍പത് പരീക്ഷണ വാക്‌സിനുകളാണ് ഇപ്പോള്‍ പരിഗണിക്കുന്നത്. ഇതില്‍ നിക്ഷേപം നടത്താന്‍ രാജ്യങ്ങളെ അവര്‍ ക്ഷണിക്കുന്നു. ഇതുവഴി നിരവധി വാക്‌സിനുകളിലേക്ക് എളുപ്പത്തില്‍ എത്താനും, വികസ്വര രാജ്യങ്ങള്‍ക്ക് ആവശ്യമായ ഫണ്ടിംഗ് ലഭ്യമാക്കാനുമാണ് സംഘടന ശ്രമിക്കുന്നത്. 

റഷ്യന്‍ വാക്‌സിനെക്കുറിച്ച് തീരുമാനിക്കാന്‍ ആവശ്യമായ വിവരങ്ങള്‍ പോലും ലഭ്യമല്ലെന്ന് ഡബ്യുഎച്ച്ഒ ഡയറക്ടര്‍ ജനറലിന്റെ മുതിര്‍ന്ന ഉപദേശകന്‍ ഡോ. ബ്രൂസ് എയ്ല്‍വാര്‍ഡ് പറഞ്ഞു. ഉത്പന്നത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ റഷ്യയുമായി ചര്‍ച്ചയിലാണ്. അവര്‍ നടത്തിയ പരീക്ഷണങ്ങളും, അടുത്ത ഘട്ടങ്ങളും പരിഗണിക്കും, അദ്ദേഹം വ്യക്തമാക്കി. 

ഈ ആഴ്ചയാണ് തങ്ങള്‍ ലോകത്തിലെ ആദ്യത്തെ വാക്‌സിന് അംഗീകാരം നല്‍കിയെന്ന് പ്രസിഡന്റ് പുടിന്‍ പ്രഖ്യാപിച്ചത്. എന്നാല്‍ മനുഷ്യരിലെ പരീക്ഷണം പൂര്‍ത്തിയാക്കാതെ, മറ്റ് തെളിവുകള്‍ അവതരിപ്പിക്കാതെയാണ് പുടിന്‍ ലോകത്തിന് മുന്നിലെത്തിയത്. എന്നാല്‍ വാക്‌സിന്‍ മികച്ചതാണെന്നും രണ്ട് വര്‍ഷം വരെ ആളുകളെ സംരക്ഷിക്കുമെന്നുമാണ് റഷ്യയുടെ അവകാശവാദം. 




കൂടുതല്‍വാര്‍ത്തകള്‍.