CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 28 Minutes 30 Seconds Ago
Breaking Now

റിയാദില്‍ നിന്ന് തിരുവനന്തപുരത്തെത്തിച്ച് വിമാനത്താവളത്തില്‍ വെച്ച് എന്‍ഐഎ അറസ്റ്റ് ചെയ്ത ഭീകരരെ ബംഗളൂരുവിലെത്തിക്കും ; പാക്കിസ്ഥാനിലേക്ക് രക്ഷപ്പെട്ട ഷുഹൈബിനെ കുടുക്കിയത് രഹസ്യ നീക്കത്തിലൂടെ

റിയാദില്‍നിന്ന് നാടുകടത്തി തിരുവനന്തപുരത്ത് എത്തിച്ച് അറസ്റ്റ് ചെയ്യുന്നത് വരെയുള്ള നീക്കങ്ങള്‍ അതീവരഹസ്യമായിട്ടായിരുന്നു എന്‍ഐഎ നടത്തിയത്.

റിയാദില്‍ നിന്ന് തിരുവനന്തപുരത്തെത്തിച്ച് വിമാനത്താവളത്തില്‍ വെച്ച് ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്ത ഭീകരപ്രവര്‍ത്തകരെ ബംഗളൂരുവിലെത്തിക്കും. ബംഗളൂരു സ്‌ഫോടനവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി എന്‍ഐഎ തിരയുന്ന കണ്ണൂര്‍ സ്വദേശി ഷുഹൈബ്, യുപി സ്വദേശി ഗുല്‍നവാസ് എന്നിവരാണ് അറസ്റ്റിലായത്. റിയാദില്‍നിന്ന് നാടുകടത്തി തിരുവനന്തപുരത്ത് എത്തിച്ച് അറസ്റ്റ് ചെയ്യുന്നത് വരെയുള്ള നീക്കങ്ങള്‍ അതീവരഹസ്യമായിട്ടായിരുന്നു എന്‍ഐഎ നടത്തിയത്. ഇന്നലെ വൈകിട്ട് ആറേകാലോടെ എത്തിച്ച ഇവരെ മൂന്നുമണിക്കൂര്‍ വിമാനത്താവളത്തിനുള്ളില്‍ ചോദ്യംചെയ്തു.

അറസ്റ്റ് നടത്താന്‍ കൊച്ചിയില്‍നിന്നുള്ള ഉദ്യോഗസ്ഥരടക്കം എത്തിയിരുന്നു. ഇവര്‍ പ്രതികളെ കസ്റ്റഡിയിലെടുത്ത ശേഷമാണ് എന്‍ഐഎയുടെയും റോയുടെയും 25ഓളം ഉദ്യോഗസ്ഥരെത്തിയത്. റിയാദില്‍നിന്ന് ലുക്ക് ഔട്ട് സര്‍ക്കുലര്‍ നല്‍കിയതുമുതല്‍ റോ നിരീക്ഷണം ഇവര്‍ക്കുമേല്‍ ഉണ്ടായിരുന്നു. കേരള പൊലീസിനെയോ രഹസ്യാന്വേഷണ വിഭാഗത്തെയോ ഇക്കാര്യം അറിയിച്ചിരുന്നില്ലെന്നാണ് വിവരം. രാത്രി ഒമ്പതരയോടെയാണ് പ്രതികളെ വിമാനത്താവളത്തിന് പുറത്തെത്തിച്ചത്.

തീവ്രവാദക്കേസില്‍ ജയിലില്‍ കഴിയുന്ന തടിയന്റവിട നസീര്‍ രൂപീകരിച്ച ഇന്ത്യന്‍ മുജാഹിദീന്റെ ആദ്യകാല പ്രവര്‍ത്തകനായിരുന്ന കണ്ണൂര്‍ സ്വദേശി ഷുഹൈബ്. യുപി സ്വദേശി ഗുല്‍നവാസ് ലഷ്‌കര്‍ ഇ തൊയിബയുടെ പ്രവര്‍ത്തകനാണ്. ഇരുവരും സിമിയുടെ ആദ്യകാല പ്രവര്‍ത്തകരാണ്. പിന്നീട് ഷുഹൈബ് ഇന്ത്യന്‍ മുജാഹിദീനിലേക്കും ഗുല്‍നവാസ് ലഷ്‌കര്‍ ഇ തൊയിബയിലേക്കും മാറി. ഷുഹൈബ് കേരളത്തില്‍ നിന്നു ഹവാല വഴി തീവ്രവാദ സംഘടനകള്‍ക്ക് പണം എത്തിച്ചിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

2008 ജൂലായ് 25നാണ് ബംഗളൂരുവില്‍ ഒമ്പതിടങ്ങളിലായി സ്‌ഫോടന പരമ്പരയുണ്ടാകുന്നത്. സ്‌ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ കേസിലെ 32ാം പ്രതിയാണ് ഷുഹൈബ്. ഷുഹൈബ് 2014 ല്‍ പാകിസ്ഥാനിലേക്ക് രക്ഷപ്പെടുകയായിരുന്നു. പാകിസ്ഥാനില്‍ ചെന്ന ശേഷം വിവാഹിതനായി ബിസിനസ് നടത്തുകയാണെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു വിവരം ലഭിച്ചിരുന്നു. ഇടയ്ക്കു റിയാദില്‍ വന്നുപോകുന്നതായും ഇന്റര്‍പോളില്‍ നിന്ന് എന്‍ഐഎയ്ക്കു വിവരം ലഭിച്ചു. തുടര്‍ന്നാണ് അവിടെ പിടികൂടാന്‍ നീക്കം നടത്തിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.