CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 47 Minutes 35 Seconds Ago
Breaking Now

നല്ലപോലെ പഠിക്കുവാന്‍ ആരോഗ്യം വേണം

പരീക്ഷ അടുക്കുമ്പോള്‍ എല്ലാ രക്ഷിതാക്കളും അവരുടെ കുട്ടികള്‍ക്കുവേണ്ടി അന്വേഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് നല്ലപോലെ പഠിക്കുവാന്‍ എന്തുവേണം?

 പരീക്ഷ അടുക്കുമ്പോള്‍  പ്രത്യേകിച്ചൊന്നും ഇതിനുവേണ്ടി ചെയ്യാനില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പഠിക്കണമെങ്കിലോ പരീക്ഷയില്‍ നല്ല മാര്‍ക്ക് നേടണമെങ്കിലോ വളരെ മുമ്പ് തന്നെ കരുതലോടെയുള്ള പഠനവും അതോടൊപ്പം നല്ല ആരോഗ്യവും ഉണ്ടായിരിക്കണം. നന്നായി ജയിക്കണമെങ്കില്‍ ഇപ്പോള്‍ മുതല്‍ ശ്രമിച്ചു തുടങ്ങണം എന്നര്‍ത്ഥം.

ഒരാളിന് നല്ല ആരോഗ്യത്തെ പ്രദാനം ചെയ്യുവാന്‍ ആയുര്‍വേദത്തിലൂടെ സാധിക്കും.  കാരണം രോഗമൊന്നും ഇല്ലാത്തവരില്‍ ആരോഗ്യസംരക്ഷണത്തിനു വേണ്ടി ഏറ്റവും നന്നായി ഉപയോഗിക്കുവാന്‍ കഴിയുന്ന ആരോഗ്യശാസ്ത്രമാണ് ആയുര്‍വേദം.  

 ശാരീരികവും മാനസികവുമായ നിരവധി പ്രശ്‌നങ്ങള്‍ ഒരു വിദ്യാര്‍ത്ഥിയുടെ പഠനത്തെ ബാധിക്കാം.  ശരിയായ തിരിച്ചറിവും നല്ല ശീലവുമുണ്ടെങ്കില്‍ രോഗം വരാതിരിക്കുവാനും ഉള്ള രോഗങ്ങള്‍ വര്‍ദ്ധിപ്പിക്കാതിരിക്കുവാനും സാധിക്കും.

 എപ്പോള്‍ എങ്ങിനെ പഠിക്കുന്നു എന്ന് തുടങ്ങി നിരവധി കാര്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഉണരുന്നതു മുതല്‍ ഉറങ്ങുന്ന സമയം വരെ. 

*പഠനസമയം* 

എപ്പോള്‍ പഠിക്കണമെന്നതും എപ്പോള്‍ ഉണരണമെന്നതും ഒരുപോലെ പ്രാധാന്യമുള്ളവയാണ്. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ആണ് ഒരാള്‍ ഉണരേണ്ടത്. ബ്രാഹ്മമുഹൂര്‍ത്തം എന്നാല്‍ വിദ്യാസമ്പാദത്തിന് ഏറ്റവും അനുയോജ്യമായ സമയം. ലോകത്തുള്ള സകല ജീവജാലങ്ങള്‍ക്കും ഏറ്റവും കൂടുതല്‍ വികാസം സംഭവിക്കുന്ന സമയം. അത് ബുദ്ധിവികാസത്തിനും അത്യുത്തമം. രാവിലെ ആറ് മണിക്കാണ് സൂര്യന്‍ ഉദിക്കുന്നതെങ്കില്‍ ഏകദേശം നാലര മണിയാണ് ഉണരേണ്ട സമയം. അതായത് സൂര്യനുദിക്കുന്നതിന് ഒന്നര മണിക്കൂര്‍ മുമ്പ്. ആ സമയത്ത് കൂടുതല്‍ ശ്രദ്ധ കിട്ടുന്നതിനാല്‍ കുറച്ചു സമയം കൊണ്ട് കൂടുതല്‍ പഠിക്കുവാന്‍ സാധിക്കുന്നു. മാത്രമല്ല ദിവസം മുഴുവന്‍ ഉന്‍മേഷം നിലനിര്‍ത്തുന്ന വിധം ക്ഷീണമകറ്റുവാനും രാവിലെ ഏഴുന്നേല്‍ക്കുന്നത് നല്ലതാണ്.

 

  *എപ്പോള്‍ ഉറങ്ങണം* രാവിലെ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ക്ഷീണമൊന്നുമില്ലാതെ ഉണര്‍ന്നെഴുന്നേല്‍ക്കണമെങ്കില്‍ രാത്രി പത്തരയ്ക്ക് എങ്കിലും ഉറങ്ങണം. ചെറിയ കുട്ടികള്‍ കുറച്ചുകൂടി നേരത്തെ ഉറങ്ങണം. ഏകദേശം ആറുമണിക്കൂര്‍ സുഖമായി ഉറങ്ങണം. കുട്ടികള്‍ക്ക് കുറച്ചുകൂടി സമയം ഉറങ്ങുന്നതിന് തടസ്സമില്ല.

 

 ഉറക്കം  പതിവില്‍ നിന്നും കുറഞ്ഞു പോയാല്‍ കുറച്ചുകൂടി ഉറങ്ങണം.എന്നാല്‍ അതിന് എപ്പോഴും സാധിച്ചുവെന്ന് വരില്ല. ആയതിനാല്‍ കൃത്യസമയത്ത് രാത്രിയില്‍ ഉറങ്ങി ശീലിക്കണം.

 

 

 

 കഴിച്ച ആഹാരം ഒരുവിധം ദഹിച്ചശേഷം മാത്രം ഉറങ്ങാന്‍ കിടക്കുക. രാത്രിയില്‍ അധികമായി വെള്ളം കുടിക്കരുത്.ദഹിക്കാന്‍ പ്രയാസമുള്ളവ കഴിക്കരുത്. ആവിയില്‍ വേകിച്ചതോ  എണ്ണ കുറവുള്ളതോ ആയ സസ്യാഹാരമാണ് രാത്രിയില്‍ നല്ലത്.

 

 

 

 *ശ്രദ്ധിക്കേണ്ടത്*

 

 

 

*ഉറക്കം*

 

 രാത്രിയില്‍ ഉറക്കമൊഴിയുന്നത് ദഹനത്തേയും ഉറക്കത്തേയും പഠനത്തേയും ബാധിക്കും. ഇവ  അസുഖത്തേയും ഉണ്ടാക്കും.

 

 

 

വൈകി ഉറങ്ങുന്നവര്‍ക്ക് ബ്രാഹ്മമുഹൂര്‍ത്തത്തില്‍ എഴുന്നേല്‍ക്കുന്നതിനോ പഠിക്കുന്നതിനോ കഴിയില്ല. എഴുന്നേറ്റാല്‍തന്നെ ഉറക്കം തൂങ്ങി  ഇരിക്കുകയേ ഉള്ളൂ. 

 

 

 

 *പല്ല്*

 

പല്ലിന്റെ ആരോഗ്യം ശ്രദ്ധിക്കണം. വിരല്‍ കൊണ്ട് പല്ല് തേയ്ക്കുന്നതാണ് നല്ലത്. അതിനാല്‍ പല്‍പൊടിയോ, ഉമിക്കരി നന്നായി പൊടിച്ചതോ ഉപയോഗിക്കാം.പേസ്റ്റ് ഉപയോഗിക്കുവാന്‍ താല്പര്യമുള്ളവര്‍ മധുരമുള്ള ടൂത്ത് പേസ്റ്റുകളും ജെല്‍ പേസ്റ്റും ഒഴിവാക്കുന്നതാണ് നല്ലത്.പല്ലിനെ നന്നായി സംരക്ഷിച്ചില്ലെങ്കില്‍ പുഴുപ്പല്ല്,  മോണവീക്കം, നിരതെറ്റിയ പല്ലുകള്‍, പല്ലുവേദന, നീര് തുടങ്ങിയവ ഉണ്ടാകും.

 

 

 

 മധുരം കൂടുതലായി കഴിക്കുന്നവര്‍ക്ക് പുഴുപ്പല്ല് വരണമെന്നില്ല. എന്നാല്‍ മറ്റു പല കാരണങ്ങളാല്‍ കുട്ടികള്‍ മധുരം അധികമായി കഴിക്കുന്നത് നല്ലതല്ല.

 

 

 

ചവര്‍പ്പ്, കയ്പ്, എരിവ് രസമുള്ള ദ്രവ്യങ്ങള്‍ ആണ് പല്ലുതേയ്ക്കുവാന്‍ നല്ലത്. രണ്ട് നേരം പല്ല് തേക്കണം. ആഹാരശേഷം നാവ് വടിക്കരുത്.

 

 

 

 സോഫ്റ്റ്, മീഡിയം, കഠിനം എന്നിങ്ങനെ  മൂന്നുതരത്തില്‍ മാര്‍ക്കറ്റില്‍ ലഭിക്കുന്ന ബ്രഷുകളില്‍ സോഫ്റ്റ് ആയവ തന്നെ ഉപയോഗിക്കണം. മോണ കേട് വരാതിരിക്കുവാന്‍ അതാണ് നല്ലത് .ബലമായി പല്ല് തേയ്ക്കരുത്. പല്ലുകളുടെ മധ്യത്തില്‍ നിന്നും വശങ്ങളിലേക്ക് ബലമായി തേയ്ക്കുന്ന രീതിയാണ് പൊതുവേ കണ്ടുവരുന്നത് .ഇത് മോണരോഗത്തെ ക്ഷണിച്ചുവരുത്തും.

 

 മൂന്നു മാസത്തില്‍ ഒരിക്കലോ ബ്രിസില്‍സ് വളഞ്ഞു തുടങ്ങിയാലോ ബ്രഷ് മാറ്റണം.

 

 

 

 *കുളിക്കുമ്പോള്‍*

 

തല നനയ്ക്കാതെ ദേഹം മാത്രമായി കുളിക്കരുത്.

 

 

 

 വളരെ തണുത്ത വെള്ളത്തില്‍ കുളിക്കരുത്.

 

 

 

 ചൂടുവെള്ളം തലയില്‍ ഒഴിക്കരുത്.

 

 

 

രോമകൂപങ്ങള്‍ക്ക് പ്രതിലോമമായി സോപ്പ് തേയ്ക്കരുത്.

 

 

 

കയ്യില്‍ വെച്ച് സോപ്പ് പതച്ച ശേഷം പത മാത്രം ദേഹത്ത് തേയ്ക്കുന്നതാണ്  നല്ലത്.

 

 

 

 ആഹാരം കഴിച്ചശേഷം കുളിക്കരുത്.

 

 

 

*പ്രഭാതഭക്ഷണം*

 

 മനുഷ്യന്റെ ഏറ്റവും പ്രധാന ഭക്ഷണം പ്രഭാത ഭക്ഷണമാണ്. അത് ഒഴിവാക്കരുത്. വെറുംവയറ്റില്‍ ചായയോ കാപ്പിയോ മാത്രമായി കുടിക്കരുത്. ബിസ്‌ക്കറ്റ്, ബ്രെഡ് എന്നിവയും വെറും വയറ്റില്‍ നല്ലതല്ല. 

 

ജങ്ക് ഫുഡ്‌സ് ,കോള, ടിന്‍ ഫുഡ്‌സ്, കവര്‍ പലഹാരങ്ങള്‍,  മൈദ, ഡാല്‍ഡ എന്നിവ പരമാവധി ഒഴിവാക്കണം.

 

 

 

 നിറമുള്ളതും ബേക്കറി സാധനങ്ങളും പ്രിസര്‍വേറ്റീവ് ചേര്‍ത്തവയും നല്ലതല്ല. ഇവയൊക്കെ രോഗത്തെ ഉണ്ടാക്കുന്നവയും പഠനത്തിലുള്ള ശ്രദ്ധ നശിപ്പിച്ചുകളയുന്നവയുമാണ്

 

*ബുദ്ധി വര്‍ദ്ധിക്കുവാന്‍*

 ഏകാഗ്രതയോടെ പഠിക്കുക.

 യോഗ ശീലിക്കുക.

 പഠിച്ചത് ആവര്‍ത്തിച്ചു പഠിക്കുക

 ആഹാരത്തിന്റെ കൂടെ നെയ്യ് ഉള്‍പ്പെടുത്തുക

പഠിക്കുവാന്‍ പ്രത്യേക സ്ഥലം ഉപയോഗിക്കുക

 

 ബ്രഹ്മീഘൃതം,  സാരസ്വതഘൃതം,  സാരസ്വതാരിഷ്ടം തുടങ്ങിയവ ഒരു ഡോക്ടറുടെ നിര്‍ദേശപ്രകാരം ഉപയോഗിക്കുക

 

 ബ്രഹ്മിയുടെ നീര് ദിവസവും രാവിലെ 5 മില്ലി വീതം കഴിക്കുക

 *വായിക്കുമ്പോള്‍*  പുസ്തകം കണ്ണില്‍ നിന്ന് 25 സെന്റീമീറ്റര്‍ അകലെ പിടിക്കുക

 മുകളിലെ കണ്‍പോള പകുതി അടച്ച് താഴേക്ക് നോക്കി വായിക്കാവുന്ന വിധത്തില്‍ പുസ്തകം പിടിക്കുക

 

 അക്ഷരങ്ങള്‍ക്കും വാക്കുകള്‍ക്കുമൊപ്പം തല ചലിപ്പിച്ച്,വായിച്ചു കഴിഞ്ഞ അക്ഷരങ്ങളോ വാക്കുകളോ പിന്നെയും കാണുവാന്‍ ശ്രമിക്കാത്ത വിധത്തില്‍, ആയാസരഹിതമായി വായിക്കുക

 വ്യക്തമായ പ്രിന്റ്, അക്ഷരങ്ങളുടെ വലുപ്പം, ലാമിനേറ്റഡ് പേജുകളുടെ ഗ്ലെയര്‍ ഇവ  അനുകൂലമായ പുസ്തകങ്ങള്‍ മാത്രം വായിക്കുക 

 

തീരെ കുറഞ്ഞതും വളരെ കൂടിയതുമായ പ്രകാശം പാടില്ല

 വായിക്കുന്ന ആളുടെ പുറകില്‍ ഘടിപ്പിച്ച  ട്യൂബ് ലൈറ്റിന്റെ പ്രതിബിംബം പുസ്തകത്തിനുമേല്‍ ഒരു മുഖം നോക്കുന്ന കണ്ണാടി വെച്ചാല്‍, അതില്‍ കാണാത്തവിധം പുസ്തകം പിടിക്കുക

 ടിവി അധികമായി കാണരുത്. വളരെ വേഗത്തിലുള്ള സീനുകളും മിന്നിമറയുന്ന പ്രകാശവും കണ്ണുകള്‍ക്ക് വളരെ ആയാസം ഉണ്ടാക്കും

  കണ്ണട ഉപയോഗിക്കേണ്ടവര്‍ ഇടയ്ക്കിടെ അവ ഒഴിവാക്കുന്നത് നല്ലതല്ല

 കുറച്ചുനേരം വായിച്ചശേഷം അല്‍പനേരം കണ്ണടച്ച് ഇരിക്കുന്നതും ,വായില്‍ വെള്ളം നിറച്ചശേഷം കണ്ണ് കഴുകുന്നതും നല്ലതാണ്.

 തലയില്‍ തേയ്ക്കുന്ന എണ്ണ ഉള്ളംകാലില്‍ കൂടി പുരട്ടിയാല്‍ നല്ലത്

 മൊബൈല്‍ ഫോണിന്റെ അമിതമായ ഉപയോഗം നിയന്ത്രിച്ചേ മതിയാകൂ

 *തലവേദന*

 

 കുട്ടികളുടെ തലവേദനയ്ക്ക് പ്രധാനകാരണം കാഴ്ചക്കുറവായിരിക്കും.

 

 ഭക്ഷണം കഴിക്കാതിരിക്കുക, ഉറക്കമിളപ്പ് , കിടന്നുള്ള വായന,അമിതമായ  ടിവി കാണല്‍, മൊബൈല്‍ ഉപയോഗിക്കല്‍, ടെന്‍ഷന്‍ എന്നിവയും തലവേദനയ്ക്ക് കാരണമാകാറുണ്ട്.

 ശരിയായി നിവര്‍ന്നിരുന്ന് വായിക്കുവാനും എഴുതുവാനും ശീലിക്കുക

ടിവി ഏറെനേരം കാണുന്നതും, വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ വായിക്കുന്നതും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും നല്ലതല്ല.

 

*ഭക്ഷണം*

ഏറ്റവും പ്രധാനമായ  പ്രഭാതഭക്ഷണത്തിന് സ്വഭാവരൂപീകരണത്തില്‍  ഏറെ പങ്കുണ്ട്

 

 വെറുംവയറ്റില്‍ കാപ്പിയോ ചായയോ മാത്രമായി കുടിക്കരുത് .അധികമായി എരിവ്, പുളി, ഉപ്പ്, മധുരം എന്നിവ ഉള്ളതും എണ്ണയില്‍ വറുത്തതും നല്ലതല്ല

മൈദ പോലുള്ള നാരുകള്‍ കുറഞ്ഞ ആഹാരം  ഉപയോഗിച്ചുള്ള ഭക്ഷണം ഒഴിവാക്കണം

 

 വിശപ്പില്ലാത്ത സമയത്തും, അമിതമായും, കഴിച്ച ആഹാരം ദഹിക്കുന്നതിനു മുമ്പും വീണ്ടും ഭക്ഷിക്കരുത് 

ഭക്ഷണത്തിന് രുചിക്കുറവുള്ളവര്‍ മാത്രമേ അച്ചാര്‍ ,തൈര് എന്നിവ ഉപയോഗിക്കാവൂ.

 എന്നാല്‍ രാത്രിയിലോ പ്രത്യേകിച്ചും നിത്യവും തൈര് കഴിക്കുവാനും പാടില്ല.

 സ്‌കൂളില്‍ കൊണ്ടുപോകുന്ന ഭക്ഷണത്തില്‍ സ്ഥിരമായി അച്ചാറും മുട്ടയും പാടില്ല

 ഇടയ്‌ക്കൊക്കെ ആകുകയും ചെയ്യാം.

ടിഫിന്‍ ബോക്‌സില്‍ മുക്കാല്‍ ഭാഗം മാത്രം ആഹാരം നിറയ്ക്കുക. ബാക്കിയുള്ള ഭാഗം വായുസഞ്ചാരം ഉണ്ടായിരിക്കട്ടെ 

ചൂടുള്ള വെള്ളം പ്ലാസ്റ്റിക് ബോട്ടിലുകളില്‍ വച്ച് ഉപയോഗിക്കരുത് 

 

ഏറെ തണുത്തതും നല്ല ചൂടുള്ളതുമായ ഭക്ഷണം ഒഴിവാക്കണം

 ശരിയായ ദഹനത്തിന് ഭക്ഷണത്തോടൊപ്പം ഇടയ്ക്കിടെ കുറേശ്ശെ വെള്ളം കുടിക്കണം.മെലിഞ്ഞവര്‍

 ഭക്ഷണത്തിനു ശേഷവും, വണ്ണമുള്ളവര്‍ ഭക്ഷണത്തിനു മുന്‍പും വെള്ളം കുടിക്കണം

 ആഹാരം കഴിച്ച ഉടനെ ഓടിക്കളിക്കുവാന്‍ പാടില്ല

 ആഹാരത്തോടൊപ്പം തണുപ്പിച്ച വെള്ളം കുടിച്ചാല്‍ ദഹനം കുറയും

 ഇവയെല്ലാം ശ്രദ്ധിച്ച് ഇപ്പോഴേ തുടങ്ങിയാല്‍ നല്ല ആരോഗ്യത്തോടെ പഠിക്കുവാനും പരീക്ഷ എഴുതുവാനും നല്ല വിജയം കരസ്ഥമാക്കുവാനും സാധിക്കും.

 

 

 

 

 

 

 
കൂടുതല്‍വാര്‍ത്തകള്‍.