ഇത്തരമൊരു ഓഫര്‍ കേരളത്തില്‍ എങ്ങാന്‍ നല്‍കിയാല്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കേണ്ടി വരും! അമേരിക്കയില്‍ കൊറോണാവൈറസിന് എതിരായ വാക്‌സിനേഷന്‍ 70% മുതിര്‍ന്നവരില്‍ എത്തിച്ചേര്‍ന്നാല്‍ സൗജന്യ ബിയര്‍ നല്‍കുമെന്നാണ് പ്രഖ്യാപനം.
ജൂലൈ 4നകം 70 ശതമാനം മുതിര്‍ന്നവര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടാണ് പ്രസിഡന്റ് ജോ ബൈഡന്റെ ഓഫര്‍. വാക്‌സിനേഷന്‍ പദ്ധതി ത്വരിതപ്പെടുത്താന്‍ പബ്ലിക്-പ്രൈവറ്റ് പങ്കാളിത്തത്തില്‍ ഒരു മാസം നീളുന്ന പദ്ധതിയ്ക്കാണ് ബൈഡന്‍ തുടക്കം കുറിച്ചിരിക്കുന്നത്. ഇതുവഴി ഇന്‍ഡിപെന്‍ഡന്‍സ് ഡേ ഹോളിഡേയില്‍ യുഎസിനെ മഹാമാരിക്ക് മുന്‍പുള്ള അവസ്ഥയിലേക്ക് തിരിച്ചെത്തിക്കുകയാണ് ലക്ഷ്യം.
ബ്രൂവിംഗ് കമ്പനി അന്‍ഹെസെര്‍-ബുഷുമായി ചേര്‍ന്നാണ് 70% മുതിര്‍ന്നവര്‍ ഒരു കൊറോണ ഷോട്ടെങ്കിലും സ്വീകരിക്കുന്നത് പൂര്‍ത്തിയാക്കിയാല്‍ സൗജന്യ ബിയര്‍ നല്‍കുന്നത്. 'ബിയര്‍ ഓഫറുകളില്‍ ഒരു കാര്യം മാത്രമാണ്. വാക്‌സിന്‍ സ്വീകരിക്കൂ, ബിയര്‍ ആസ്വദിക്കൂ. 21 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും വൈറസില്‍ നിന്നും സ്വാതന്ത്ര്യം നേടുന്നതിന്റെ ഭാഗമായി സൗജന്യ ബിയര്‍ നല്‍കും', ബൈഡന്‍ വ്യക്തമാക്കി.
യുഎസിലെ കണക്കുകള്‍ പ്രകാരം 63% മുതിര്‍ന്നവര്‍ക്കാണ് ഒരു ഡോസെങ്കിലും വാക്‌സിന്‍ ലഭിച്ചിട്ടുള്ളത്. 12 സ്‌റ്റേറുകള്‍ ബൈഡന്റെ 70% ഗോള്‍ പൂര്‍ത്തിയാക്കി. 40ന് മുകളിലുള്ള അമേരിക്കക്കാരില്‍ 73% പേര്‍ക്കും ഒരു ഡോസ് വീതം ലഭിച്ചിട്ടുണ്ട്.