നാഷണല്‍ ഇന്‍ഷുറന്‍സ് തുകയില്‍ ഒരു ശതമാനമെങ്കിലും വര്‍ദ്ധനവ് നടപ്പാക്കി സോഷ്യല്‍ കെയറിന് ബില്ല്യണുകള്‍ കണ്ടെത്താനുള്ള നീക്കത്തില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും, ചാന്‍സലര്‍ ഋഷി സുനാകും ധാരണയിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. 2002ല്‍ ഗോര്‍ഡണ്‍ ബ്രൗണ്‍ പദ്ധതിയിട്ട ഹെല്‍ത്ത് ടാക്‌സിന് സമാനമായ നീക്കമാണ് ടോറി ഗവണ്‍മെന്റ് നടത്തുന്നത്. അന്ന് സാധാരണ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന ടാക്‌സെന്ന് കുറ്റപ്പെടുത്തിയതൊക്കെ കൊവിഡ് കാലത്ത് സര്‍ക്കാര്‍ മറന്ന മട്ടാണ്.
ലേബര്‍ പ്രകടനപത്രികയിലെ വാഗ്ദാനം മറന്ന് അന്നത്തെ ലേബര്‍ ചാന്‍സലര്‍ നാഷണല്‍ ഇന്‍ഷുറന്‍സ് വഴി എന്‍എച്ച്എസിന് പണമിറക്കാനുള്ള പദ്ധതിയെ ത്വരിതപ്പെടുത്തി. സമാനമായ നീക്കത്തിലൂടെ സോഷ്യല്‍ കെയറിന് പണം കണ്ടെത്താനാണ് ബോറിസ് സര്‍ക്കാരിന്റെ ശ്രമമെന്ന് സണ്‍ റിപ്പോര്‍ട്ട് വ്യക്തമാക്കി. 7 ബില്ല്യണ്‍ ഫണ്ടിംഗ് കുറവ് പരിഹരിക്കാനുള്ള പോംവഴി സംബന്ധിച്ച് പ്രധാനമന്ത്രിയും, ചാന്‍സലറും ധാരണയ്ക്ക് അരികിലെത്തിയെന്നാണ് സൂചന.
എന്നാല്‍ കൊവിഡ് പോസിറ്റീവായ ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദുമായി സമ്പര്‍ക്കത്തില്‍ വന്നതോടെ ഇരുവരും സെല്‍ഫ് ഐസൊലേഷനിലായതോടെ പദ്ധതി സംബന്ധിച്ച് പ്രഖ്യാപനം നീളുകയാണ്. ഫണ്ടിംഗ് പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തണമെന്ന് വോട്ടര്‍മാരും, എംപിമാരും ഒരുപോലെ ആവശ്യപ്പെടുന്നുണ്ട്. പ്രായമാകുമ്പോള്‍ വന്‍തുക വേണ്ടിവരുന്ന അവസ്ഥ ഒഴിവാക്കാനാണിത്. എന്നാല്‍ ഈ നീക്കം കണ്‍സര്‍വേറ്റീവ് മാനിഫെസ്റ്റോയില്‍ പറഞ്ഞ എന്‍ഐസി, വാറ്റ്, ഇന്‍കം ടാക്‌സ് എന്നിവ ഉയര്‍ത്തില്ലെന്ന വാഗ്ദാനം തകര്‍ക്കും.
ട്രഷറിയുടെ രണ്ടാമത്തെ വലിയ വരുമാന ശ്രോതസ്സാണ് എന്‍ഐസികള്‍. 2021/22 വര്‍ഷത്തില്‍ 150 ബില്ല്യണ്‍ പൗണ്ട് ഇത് വഴി കണ്ടെത്താന്‍ കഴിയും. 16 വയസ്സിന് മുകളിലുള്ള എല്ലാ വ്യക്തികളുടെയും വരുമാനത്തില്‍ നിന്നും ടാക്‌സ് ഈടാക്കുന്നുണ്ട്. ആഴ്ചയില്‍ ലഭിക്കുന്ന 967 പൗണ്ടില്‍ 12 ശതമാനത്തോളം ഈ വഴിയാണ് പോകുന്നത്.