CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 52 Minutes 24 Seconds Ago
Breaking Now

യുകെയിലെ 12 മുതല്‍ 15 വരെ പ്രായമുള്ള കുട്ടികള്‍ക്ക് സിംഗിള്‍ ഡോസ് വാക്‌സിന്‍ നല്‍കും; ഒരൊറ്റ ഡോസില്‍ ആവശ്യമായ സുരക്ഷ ലഭിക്കുമെന്ന് ശാസ്ത്രജ്ഞര്‍; ഹൃദയപ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ളവ രണ്ടാം ഡോസില്‍; ചീഫ് മെഡിക്കല്‍ ഓഫീസര്‍മാര്‍ പറയും അന്തിമവിധി

12 മുതല്‍ 15 പ്രായമുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കേണ്ടെന്ന് ഉപദേശകസമിതി തന്നെ വിധിയെഴുതി

ബ്രിട്ടനിലെ സ്‌കൂള്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് വലിയ വിവാദമായ ചര്‍ച്ച കൂടിയാണ്. 12 മുതല്‍ 15 പ്രായമുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കേണ്ടെന്ന് ഉപദേശകസമിതി തന്നെ വിധിയെഴുതിയപ്പോള്‍ ഈ പദ്ധതി നിര്‍ത്തിവെയ്ക്കുമെന്നാണ് കരുതിയത്. എന്നാല്‍ ഇംഗ്ലണ്ടിന്റെ ചീഫ് മെഡിക്കല്‍ ഓഫീസറുടെ തീരുമാനത്തിന് വിട്ടിരിക്കുകയാണ് ഇപ്പോള്‍ വിഷയം. 

ഇതോടെ 12 മുതല്‍ 15 വരെ പ്രായത്തിലുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ വഴിയൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. കുട്ടികള്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ ലഭിക്കുമ്പോള്‍ തന്നെ ഉയര്‍ന്ന തോതിലുള്ള സുരക്ഷ ലഭിക്കുന്നുവെന്നാണ് യുകെയിലെ നാല് ചീഫ് മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ലഭിച്ചിട്ടുള്ള വിദഗ്‌ധോപദേശം. 

കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ശുപാര്‍ശ ചെയ്താല്‍ ഫിസര്‍, മോഡേണ വാക്‌സിനുകളാണ് മുന്‍ഗണനയിലുള്ളത്. സിംഗിള്‍ ഡോസ് പദ്ധതി അംഗീകരിക്കണമെന്നാണ് സര്‍ക്കാരിനോട് ആവശ്യം ഉയരുന്നത്. ശാസ്ത്രീയ ഉപദേശകരുടെ പ്രഖ്യാപനം വന്ന ശേഷമാകും ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനം.

മോഡേണ നടത്തിയ ട്രയല്‍സില്‍ ഒരു ഡോസില്‍ 97 ശതമാനം കുട്ടികള്‍ക്കും ആന്റിബോഡികള്‍ രൂപപ്പെടുന്നതായി കണ്ടെത്തിയിരുന്നു. സമാനമായ രീതിയിലാണ് ഫിസറിന്റെ സിംഗിള്‍ ഡോസിന്റെയും പ്രവര്‍ത്തനം. കൊവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് നല്‍കുമ്പോഴാണ് കുട്ടികളില്‍ മയോകാര്‍ഡൈറ്റിസ്, പെരികാര്‍ഡൈറ്റിസ് പോലുള്ള പ്രത്യാഘാതങ്ങള്‍ ഉണ്ടാകുന്നതെന്ന് ഒരു സേജ് അംഗം വെളിപ്പെടുത്തി. 

ഇതോടെ ഇംഗ്ലണ്ടിന്റെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ക്രിസ് വിറ്റിയും, അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ അയര്‍ലണ്ട്, സ്‌കോട്ട്‌ലണ്ട്, വെയില്‍സ് എന്നിവിടങ്ങളിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍മാരുടെയും തീരുമാനം കുട്ടികളുടെ വാക്‌സിനേഷനില്‍ അന്തിമതീരുമാനമാകും.




കൂടുതല്‍വാര്‍ത്തകള്‍.