ഇന്ത്യന്‍ വംശജയായ ഭാര്യയെ കുത്തിക്കൊന്ന ഭര്‍ത്താവിന് ജീവപര്യന്തം. അയല്‍വാസിയുടെ സിസിടിവിയില്‍ താന്‍ മൃതദേഹം നീക്കം ചെയ്യുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെട്ടോയെന്ന് പരിശോധിക്കുന്നതായി പോലീസ് കണ്ടെത്തിയതോടെയാണ് 28-കാരന് കാഷിഷ് അഗര്‍വാള്‍ പോലീസ് പിടിയിലായത്. സംഭവത്തില്‍ ഇയാള്‍ക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.
ലെസ്റ്ററിലെ വീട്ടില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 3-നാണ് ഭാര്യ ഗീതിക ഗോയലിന് നേര്‍ക്ക് കാഷിഷ് ക്രൂരമായ അക്രമം അഴിച്ചുവിട്ടത്. 29-കാരിയെ കൊലപ്പെടുത്തിയ ശേഷം ഇവരുടെ മൃതദേഹം പ്ലാസ്റ്റിക്കില്‍ പൊതിയുകയും ചെയ്തു. ഇവിടെ നിന്നും അര മൈല്‍ സഞ്ചരിച്ച ശേഷം മൃതദേഹം നടപ്പാതയില്‍ ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.
എന്നാല്‍ ഇതിന് ശേഷം തെളിവുകള്‍ നശിപ്പിക്കാനും, താന്‍ കുറ്റവാലിയല്ലെന്ന് ബോധിപ്പിക്കാനുമാണ് ഇയാള്‍ ശ്രമിച്ചത്. ഭാര്യയുടെ ഫോണിലേക്ക് പല തവണ വിളിക്കുകയും, കുടുംബാംഗങ്ങളെയും, സുഹൃത്തുക്കളെയും വിളിച്ച് ആശങ്കാകുലനായ ഭര്‍ത്താവായി അഭിനയിക്കുകയും ചെയ്തെന്ന് ലെസ്റ്റര്‍ ക്രൗണ്‍ കോടതി വിചാരണയില്‍ വിശദമാക്കപ്പെട്ടു.
ജോലി കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ ഭാര്യയെ കാണാനില്ലെന്നായിരുന്നു കാഷിഷ് അവകാശപ്പെട്ടത്. ഇതോടെ യുവതിയുടെ സഹോദരന് വിവരം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തു. എ്ന്നാല്‍ സ്ഥലത്തെത്തിയ പോലീസ് കാഷിഷ് അടുത്ത വീട്ടിലെ സിസിവിടി പരിശോധിക്കുന്നതായി കണ്ടെത്തി. ഇതിന് പിന്നാലെ അപ്പിംഗ്ഹാം ക്ലോസിലെ നടപ്പാതയില്‍ ഒരു സ്ത്രീ കിടക്കുന്നതായി പോലീസിന് വിവരവും ലഭിച്ചു.
ലെസ്റ്റര്‍ ക്രൗണ്‍ കോടതിയില്‍ കുറ്റസമ്മതം നടത്തിയ ഇന്ത്യന്‍ വംശജന് ചുരുങ്ങിയത് 20 വര്‍ഷവും, ആറ് മാസവും നീളുന്ന ജീവപര്യന്തമാണ് കോടതി വിധിച്ചത്. കഴുത്തിലും, തോളിലും, നെഞ്ചിലും, കൈകളിലും നിരവധി കത്തിക്കുത്തുകള്‍ ഏറ്റാണ് ഗോയല്‍ മരണപ്പെട്ടത്. പോലീസ് നടത്തിയ പരിശോധനയില്‍ ഡൈനിംഗ് റൂമില്‍ രക്തക്കറയും, മൃതദേഹം ഉപേക്ഷിക്കാന്‍ കാര്‍ ഓടിച്ച് പോകുന്ന കാഷിഷിന്റെ ദൃശ്യങ്ങളും കണ്ടെത്തി.