CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 8 Minutes 18 Seconds Ago
Breaking Now

യു കെ മലയാളികളുടെ സഹായത്താല്‍ യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ നിര്‍മ്മിക്കുന്ന 'സ്‌നേഹക്കൂട്' പദ്ധതിയില്‍ രണ്ടു വീടുകള്‍ക്ക് തറക്കല്ലിട്ടു...

യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ യു കെ മലയാളി സമൂഹത്തിന്റെ കാരുണ്യ സ്പര്‍ശനമേറ്റു വാങ്ങിക്കൊണ്ട് പണിതുയര്‍ത്തുന്ന രണ്ട് വീടുകള്‍ക്ക് തറക്കല്ലിട്ടു. കഴിഞ്ഞ ദിവസം നടന്ന  ഗംഭീരമായ ചടങ്ങില്‍ പൂഞ്ഞാര്‍  എം.എല്‍.എ സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്റെ  അദ്ധ്യക്ഷതയില്‍ പത്തനംതിട്ട എം.പി ആന്റോ ആന്റണി കല്ലിടല്‍ കര്‍മം നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.എസ് സജിമോന്‍, വൈസ് പ്രസിഡന്റ് ജെസി ജോസ്, വാര്‍ഡ് മെമ്പര്‍മാര്‍  മറ്റ് സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. 

യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ ഔപചാരികമായി നിലവില്‍ വന്നതിന് ശേഷം 2017 ലെ പ്രളയത്തെ തുടര്‍ന്ന് ജന്മനാടിനെ സഹായിക്കുവാന്‍ സമാഹരിച്ച തുകയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ സംഭാവനക്ക് ശേഷം ഉണ്ടായിരുന്ന തുക ഉപയോഗിച്ചാണ് ഭവന നിര്‍മ്മാണം ആരംഭിച്ചിരിക്കുന്നത്. 

കോവിഡിന്റെ പശ്ചാത്തലവും, ഏറ്റവും അര്‍ഹതയുള്ള ഗുണഭോക്താവിനെ കണ്ടെത്തുന്നതിലുള്ള താമസവും കാരണമാണ് ഭവന നിര്‍മ്മാണത്തിന് കാലതാമസം ഉണ്ടായത്. യുക്മ അംഗ അസോസിയേഷനുകള്‍ ഭവന നിര്‍മ്മാണത്തിനായി ശേഖരിച്ച തുക ഉപയോഗിച്ച് യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ മേല്‍നോട്ടത്തില്‍ നിര്‍മ്മിച്ച വീടുകള്‍ പൂര്‍ത്തീകരിച്ച് നേരത്തേ തന്നെ ഗുണഭോഗക്താക്കള്‍ക്ക് താക്കോല്‍ കൈമാറിയിരുന്നു.

യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ ട്രസ്റ്റി ബോര്‍ഡ് യോഗം ചേര്‍ന്നാണ് അര്‍ഹരായ ഗുണഭോക്താവിനെ കണ്ടെത്തി വീടുകള്‍ നിര്‍മ്മിക്കുവാന്‍ തീരുമാനിച്ചത്. യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ ട്രസ്റ്റിമാരായ മനോജ് കുമാര്‍ പിള്ള, അലക്‌സ് വര്‍ഗ്ഗീസ്, എബി സെബാസ്റ്റ്യന്‍, ഷാജി തോമസ്, ടിറ്റോ തോമസ്, ബൈജു തോമസ്, വര്‍ഗീസ് ഡാനിയേല്‍ തുടങ്ങിയവര്‍ പ്രസ്തുത യോഗത്തില്‍ പങ്കെടുത്തു.

അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തുവാന്‍ ട്രസ്റ്റി ബോര്‍ഡ് യോഗം ഷാജി തോമസിനെ ചുമതലപ്പെടുത്തിയിരുന്നു. തുടര്‍ന്ന് കൂട്ടിക്കല്‍ ഗ്രാമപഞ്ചായത്ത് അധികാരികളുമായി ബന്ധപ്പെട്ട് പ്രളയത്തില്‍ വീട് വാസയോഗ്യമല്ലാത്ത വിധം നശിച്ചുപോയതും, സ്വന്തമായി ഭവനം നിര്‍മ്മിക്കാന്‍ ഒരു നിവൃത്തിയുമില്ലാത്ത 3 കുടുംബങ്ങളെ ഗവണ്‍മെന്റിന്റെ ലിസ്റ്റില്‍ നിന്നും കണ്ടെത്തുകയായിരുന്നു. അതില്‍ നിന്നുമുള്ള ആദ്യത്തെ രണ്ട് വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ആദ്യത്തെ  രണ്ട് ഭവനങ്ങള്‍ പൂര്‍ത്തിയാകുന്ന മുറക്ക് മൂന്നാമത്തെ ഭവനത്തിന്റെയും നിര്‍മ്മാണം ആരംഭിക്കുവാനാണ് ഉദ്ദേശിക്കുന്നത്.

യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ നേതൃത്വം നല്‍കുന്ന ഭവന നിര്‍മ്മാണ പദ്ധതിയായ 'സ്‌നേഹക്കൂട്' പദ്ധതിയുമായി സഹകരിച്ച എല്ലാവരോടുമുള്ള ട്രസ്റ്റി ബോര്‍ഡിന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു.

യുക്മ ചാരിറ്റി  ഫൗണ്ടേഷന്റെ ''സ്‌നേഹക്കൂട്'' പദ്ധതിയുമായി സഹകരിക്കുന്നതിന് താത്പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവര്‍ക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടാവുന്നതാണ്.

മനോജ് കുമാര്‍ പിള്ള  07960357679

അലക്‌സ് വര്‍ഗീസ്  07985641921

എബി സെബാസ്റ്റ്യന്‍  07702862186

ഷാജി തോമസ്  07737736549

 

അലക്‌സ് വര്‍ഗ്ഗീസ് 

(യുക്മ നാഷണല്‍ ജനറല്‍ സെക്രട്ടറി)




കൂടുതല്‍വാര്‍ത്തകള്‍.