യുകെ ഡെവണിലെ സീറ്റണില്‍ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ടോണി സക്കറിയയുടെ (39) മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം
കോട്ടയം ചിങ്ങവനം കൊച്ചുപറമ്പില്‍ കെ എ സക്കറിയ, സൂസമ്മ സക്കറിയ എന്നിവരാണ് ടോണി സക്കറിയയുടെ മാതാപിതാക്കള്‍ . ഇക്കഴിഞ്ഞ ജൂലൈയില്‍ യുകെയിലെത്തിയ ടോണി സക്കറിയ എക്‌സീറ്ററിലെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു. നാട്ടില്‍ നഴ്‌സായിരുന്ന ഭാര്യ ജിയയ്ക്ക് ആറുമാസം മുമ്പ് കെയര്‍വിസ കിട്ടിയതിനെ തുടര്‍ന്ന് ആശ്രിത വീസയിലാണ് ടോണി സക്കറിയയും മക്കളായ അയോണ, അഡോണ്‍ എന്നിവരും സീറ്റണിലെത്തിയത്. കഴിഞ്ഞ 22 ന് രാവിലെയാണ് ടോണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുട്ടികളെ കൂട്ടിക്കൊണ്ടുവരാന്‍ നാട്ടില്‍ പോയ ടോണി സക്കറിയ മടങ്ങിയെത്തിയത് മരിച്ച നിലയില്‍ കണ്ടെത്തുന്നതിന് ദിവസങ്ങള്‍ മുമ്പ് മാത്രമാണ്. കഴുത്തില്‍ കയര്‍ മുറുകിയതിനെ തുടര്‍ന്ന് ശ്വാസം മുട്ടിയാണ് മരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് ജോലി സ്ഥലത്തു നിന്ന് എത്തിയപ്പോള്‍ ടോണിയെ കയറില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് ഭാര്യ ജിയയുടെ മൊഴിയെന്നാണ് പറയപ്പെടുന്നത്. ഉടന്‍ തന്നെ കയര്‍ അഴിച്ചു സിപിആര്‍ ഉള്‍പ്പെടെയുള്ള പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും പറയപ്പെടുന്നു.
ഇവരോടൊപ്പം ജിയയുടെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഒരു മലയാളി യുവാവും താമസിച്ചിരുന്നു. ഇത്തരം സാഹചര്യത്തില്‍ ടോണിയുടെ മരണത്തില്‍ സഹോദരിമാരും മാതാപിതാക്കളും ഉള്‍പ്പെടെയുള്ളവര്‍ സംശയങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഇത്തരം സംശയങ്ങള്‍ കേസന്വേഷിക്കുന്ന പൊലീസ് സംഘത്തിന് കൈമാറിയതായി ബന്ധുക്കള്‍ പറഞ്ഞു.
യുകെയില്‍ തന്നെ ജോലി ചെയ്യുന്ന ടിന്‍സി സക്കറിയ (ഡോര്‍സെറ്റ്), ടീന സക്കറിയ (കെന്റ്) എന്നിവരാണ് സഹോദരിമാര്‍. മനു ജോയി, രഞ്ജു ചാക്കോ എന്നിവരാണ് സഹോദരി ഭര്‍ത്താക്കന്മാര്‍.
ചെറു പ്രായത്തിലുള്ള കുട്ടികള്‍ രണ്ടും വീട്ടില്‍ ഉണ്ടായിരുന്നതിനാലാണ് മരണ വിവരം നിമിഷ വേഗത്തില്‍ നാട്ടിലെ ബന്ധുക്കള്‍ അടക്കമുള്ളവര്‍ക്ക് അറിയാനായത്. കുട്ടികള്‍ നാട്ടിലേക്ക് വീഡിയോ കോള്‍ വിളിച്ചപ്പോഴാണ് ബന്ധുക്കള്‍ ടോണിയുടെ മരണ വിവരം അറിഞ്ഞത്.
സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. തുടര്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ ഡിസംബര്‍ 8ന് യുകെയില്‍ നിന്നും മൃതദേഹം നാട്ടിലേക്ക് അയക്കും. തുടര്‍ന്ന് നാട്ടില്‍ സംസ്‌കാരം നടത്തും. ക്‌നാനായ യാക്കോബായ സമുദായാംഗമായ ടോണിയുടെ സംസ്‌കാരം ചിങ്ങവനം സെന്റ് ജോണ്‍സ് പുത്തന്‍പള്ളിയില്‍ വച്ച് നടക്കും.
പൊതുദര്‍ശനം ഡിസംബര്‍ 5 ന് നടത്തും. ഹോണിറ്റണിലെ ഹോളി ഫാമിലി ചര്‍ച്ചില്‍ ഉച്ചയ്ക്ക് 12 നാണ് പൊതു ദര്‍ശനം.