CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
31 Minutes 26 Seconds Ago
Breaking Now

ഇസ്രയേലിനെതിരായ സമരം; അമേരിക്കന്‍ സര്‍വകലാശാലകളില്‍ പ്രക്ഷോഭം കനക്കുന്നു, രണ്ടാഴ്ചയ്ക്കിടെ 1000 ത്തോളം പേര്‍ അറസ്റ്റില്‍

ന്യൂയോര്‍ക്കില്‍ മാത്രം വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ മുന്നൂറിലേറെ പേരാണ് അറസ്റ്റിലായത്.

ഗാസയ്ക്കുമേലുള്ള ഇസ്രയേലിന്റെ അധിനിവേശത്തിന് എതിരായ പ്രക്ഷോഭം അമേരിക്കന്‍ സര്‍വകലാശാലകളില്‍ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 400 ഓളം സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. പല സര്‍വകലാശാലകളിലും സംഘര്‍ഷാവസ്ഥ തുടരുകയാണ്. യുസിഎല്‍എ, വിസ്‌കോണ്‍സിന്‍ എന്നീ സര്‍വകലാശാലകളില്‍ പൊലീസുമായി സമരക്കാര്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. ന്യൂയോര്‍ക്കിലെ ഫോര്‍ഡം യൂണിവേഴ്‌സിറ്റിയില്‍ കാമ്പസില്‍ സമരക്കാര്‍ തമ്പടിച്ചിരിക്കുകയാണ്.

ന്യൂയോര്‍ക്കില്‍ മാത്രം വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ മുന്നൂറിലേറെ പേരാണ് അറസ്റ്റിലായത്. കൊളംബിയ സര്‍വകലാശാലയിലും സിറ്റി കോളേജ് ക്യാംപസിലും പൊലീസ് നടപടിയുണ്ടായി. കഴിഞ്ഞ ദിവസം പ്രതിഷേധക്കാര്‍ കയ്യേറിയ കൊളംബിയയിലെ ഹാമില്‍ട്ടണ്‍ ഹാള്‍ പോലീസ് ഒഴിപ്പിച്ചു. ഹാമില്‍ട്ടന്‍ ഹാളിന്റെ രണ്ടാംനിലയിലേക്ക് ഇരച്ചുകയറിയ പൊലീസ് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

വിദ്യാര്‍ത്ഥികള്‍ ഹാമില്‍ട്ടണ്‍ ഹാള്‍ കയ്യടക്കുകയും ഗാസയിലെ ഇരകളുടെ ബഹുമാനാര്‍ത്ഥം 'ഹിന്ദ്‌സ് ഹാള്‍' എന്ന് പുനര്‍നാമകരണം ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി ആരംഭിച്ചത്. ചൊവ്വാഴ്ച അര്‍ധരാത്രിക്ക് ശേഷമാണ് വിദ്യാര്‍ഥികള്‍ ഹാമില്‍ട്ടണ്‍ ഹാള്‍ പിടിച്ചെടുത്തത്. പ്രതിഷേധത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്യുന്ന സര്‍വകലാശാല നടപടി തുടര്‍ന്ന് കൊണ്ടിരിക്കെയായിരുന്നു വിദ്യാര്‍ഥികളുടെ നീക്കം.

ഫെബ്രുവരിയില്‍ വടക്കന്‍ ഗാസയില്‍ മരിച്ച ആറുവയസുകാരി ഹിന്ദ് റജബിന്റെ സ്മരണയ്ക്കായി വിദ്യാര്‍ത്ഥികള്‍ കെട്ടിടത്തിന് 'ഹിന്ദ്‌സ് ഹാള്‍' എന്ന് പുനര്‍നാമകരണം ചെയ്തുകൊണ്ട് വെള്ള ബാനര്‍ പ്രദര്‍ശിപ്പിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് ഒരു കൂട്ടം വിദ്യാര്‍ഥികള്‍ പലസ്തീന്‍ പതാകകള്‍ വീശി മുദ്രാവാക്യം മുഴക്കുകയും ചെയ്തു.

വിസ്‌കോണ്‍ സിന്‍മാഡിസന്‍ സര്‍വകലാശാലയിലും പോലീസ് നടപടിയുണ്ടായി. കൊളംബിയ സര്‍വകലാശാലയിലും സിറ്റി കോളേജ് ക്യാംപസിലുമായി മുന്നൂറിലധികം പേരെ അറസ്റ്റ് ചെയ്തതായി ന്യൂയോര്‍ക്ക് സിറ്റി മേയര്‍ എറിക് ആദംസ് അറിയിച്ചു. സംഘര്‍ഷത്തെതുടര്‍ന്ന് കൊളംബിയ സര്‍വകലാശാലയില്‍ സെമസ്റ്റര്‍ പരീക്ഷകള്‍ റിമോട്ട് അടിസ്ഥാനത്തിലേക്ക് മാറ്റി.

കാലിഫോര്‍ണിയ യൂണിവേഴ്സ്റ്റിയില്‍ ഗാസ അനുകൂല പ്രതിഷേധക്കാര്‍ക്ക് നേരെ ഇസ്രയേല്‍ അനുകൂല വിദ്യാര്‍ഥികള്‍ പ്രകടനം നടത്തിയത് സംഘര്‍ഷത്തില്‍ കലാശിച്ചു. നിരവധിപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പ്രതിഷേധവുമായി ബന്ധപ്പെട്ട് രണ്ടാഴ്ചയ്ക്കിടെ ആയിരം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.