ശമ്പളവര്‍ദ്ധനവ് ആവശ്യപ്പെട്ടുള്ള സമരങ്ങളിലാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍. മറ്റെല്ലാം എന്‍എച്ച്എസ് വിഭാഗങ്ങളെയും സമരസപ്പെടുത്താന്‍ ഗവണ്‍മെന്റിന് സാധിച്ചിരുന്നെങ്കിലും 35% വര്‍ദ്ധനവ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ ഇതില്‍ കുറഞ്ഞൊരു ഒത്തുതീര്‍പ്പിന് തയ്യാറായിട്ടില്ല. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യത്തില്‍ ചര്‍ച്ച നടത്താമെന്ന് പ്രധാന രാഷ്ട്രീയ കക്ഷികള്‍ ഉറപ്പ് നല്‍കിയാല്‍ തെരഞ്ഞെടുപ്പിന് മുന്‍പുള്ള അഞ്ച് ദിവസ പണിമുടക്ക് ഒഴിവാക്കാന്‍ തയ്യാറാകണമെന്നാണ് ഹെല്‍ത്ത് മേധാവികള്‍ അഭ്യര്‍ത്ഥിക്കുന്നത്.
ജൂനിയര്‍ ഡോക്ടര്‍മാരുടെ പദ്ധതി എന്‍എച്ച്എസില്‍ സര്‍വ്വത്ര കുഴപ്പം സൃഷ്ടിക്കുമെന്ന് എന്‍എച്ച്എസ് കോണ്‍ഫെഡറേഷന്‍ കുറ്റപ്പെടുത്തുന്നു. കൂടാതെ തെരഞ്ഞെടുപ്പ് പ്രചരണം കൊടുമ്പിരി കൊള്ളുന്ന സാഹചര്യത്തില്‍ ചര്‍ച്ചകള്‍ നടക്കില്ലെന്ന് അറിയാമെന്നിരിക്കവെ സമരത്തിന് ഇറങ്ങുന്നത് വിഷയത്തില്‍ പരിഹാരം കണ്ടെത്തുകയെന്ന ഉദ്ദേശമല്ല, മറിച്ച് പൊതുജനങ്ങള്‍ക്ക് മുന്നിലുള്ള സ്റ്റണ്ട് മാത്രമാണെന്ന് ഇവര്‍ ആരോപിച്ചു.
എന്‍എച്ച്എസ് സേവനങ്ങള്‍ തകരാറിലാക്കുന്ന പണിമുടക്ക് ഒഴിവാക്കാന്‍ രാഷ്ട്രീയക്കാരും, ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനും ഒത്തുതീര്‍പ്പില്‍ എത്തണമെന്നാണ് ആവശ്യം ഉന്നയിക്കുന്നത്. പുതിയ ഗവണ്‍മെന്റ് രൂപീകരിച്ച് 10 ദിവസത്തിനുള്ളില്‍ ജൂനിയര്‍ ഡോക്ടര്‍മാരുമായി ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്ന് പ്രധാന പാര്‍ട്ടികള്‍ വാഗ്ദാനം ചെയ്യണമെന്ന് എന്‍എച്ച്എസ് കോണ്‍ഫെഡറേഷന്‍ പറഞ്ഞു. ഇതിന് പകരമായി ട്രെയിനിംഗ് ഡോക്ടര്‍മാര്‍ സമരം പിന്‍വലിക്കണം, അവര്‍ ആവശ്യപ്പെട്ടു.