യുകെ മലയാളിയും ബേസിംഗ്‌സ്റ്റോക്ക് മുന്‍ ബറോ കൗണ്‍സിലറും ലണ്ടന്‍ ബ്രൂണല്‍ യൂണിവേഴ്‌സിറ്റിയിലെ പരിസ്ഥിതി ശാസ്ത്രജ്ഞനും അറിയപ്പെടുന്ന ആത്മീയ പ്രഭാഷകനുമായ ഡോ. അജി പീറ്റര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച സംഗീത ആല്‍ബം 'ദിവ്യകുടുംബം ' ജൂലൈ 27 ശനിയാഴ്ച യുകെ സമയം മൂന്ന് പി എമ്മിന് (7. 30 പിഎം IST ) ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സൂം വെര്‍ച്യുല്‍ പ്ലാറ്റ്‌ഫോമിലൂടെ പ്രകാശനം ചെയ്യും.
തപസ്സ് ധ്യാനങ്ങളിലൂടെ അനേകായിരങ്ങള്‍ക്ക് ദൈവസ്‌നേഹം പകര്‍ന്നു നല്‍കിയ പ്രശസ്ത വചനപ്രഘോഷകനും കോട്ടയം ഗുഡ്‌ന്യൂസ് ധ്യാനകേന്ദ്രത്തിന്റെ ഫൗണ്ടര്‍ ഡയറക്ടറുമായ ഫാ ജോസഫ് കണ്ടെത്തിപ്പറമ്പില്‍, ഏഷ്യാനെറ്റ് യൂറോപ്പ് ചെയര്‍മാനും ആനന്ദ് ടീവി മാനേജിംഗ് ഡയറക്ടറുമായ എസ് ശ്രീകുമാര്‍, മലയാളം മിഷന്‍ യു കെ ചാപ്റ്റര്‍ പ്രസിഡന്റും ലോക കേരള സഭാംഗവുമായ സി എ ജോസഫ്, കലാഭവന്‍ ലണ്ടന്‍ ഡയറക്ടറും യുക്മ സാംസ്‌കാരിക വേദി ജനറല്‍ കണ്‍വീനറുമായ ജയ്‌സണ്‍ ജോര്‍ജ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. 'ദിവ്യ കുടുംബം' സംഗീത ആല്‍ബത്തിലെ ഗാനങ്ങളുടെ രചയിതാവും സംവിധായകനുമായ ഡോ അജി പീറ്റര്‍ നന്ദിയും പ്രകാശിപ്പിക്കും.
യുകെയിലെ അറിയപ്പെടുന്ന കലാസാംസ്‌കാരിക പ്രവര്‍ത്തകയും മികച്ച അവതാരകയുമായ ദീപാ നായര്‍ ആണ് അവതാരകയായി എത്തി ചടങ്ങിന് മിഴിവേകുന്നത്. ശ്രോതാക്കളുടെ മനം കവരുന്ന ശബ്ദ സൗന്ദര്യത്തില്‍ അനുഗ്രഹീത ഗായകനായ കെസ്റ്റര്‍ ആണ് ഈ സംഗീത ആല്‍ബത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ദൈവസ്‌നേഹം തുളുമ്പുന്ന 'ദിവ്യ കുടുംബം' എന്ന സംഗീത ആല്‍ബത്തിലെ ഭക്തിസാന്ദ്രമായ ഗാനങ്ങള്‍ അതീവ മനോഹാരിതയില്‍ ദൃശ്യവിഷ്‌കരണം നല്‍കിയാണ് ചിത്രീകരിച്ചിരിക്കുന്നത്. ശ്രീമതി ജോളി പീറ്റര്‍ നിര്‍മ്മാണവും സാംജി ആറാട്ടുപുഴ സംഗീതവും ഡീജോ പി വര്‍ഗ്ഗീസ് എഡിറ്റിംഗും ജോസ് ആലപ്പി സിനിമോട്ടോഗ്രാഫിയും നിര്‍വ്വഹിച്ചിട്ടുള്ള ഈ സംഗീത ആല്‍ബത്തിന്റെ ക്രിയേറ്റീവ് കോഡിനേറ്റര്‍ സി എ ജോസഫ് ആണ്.
കുടുംബ ജീവിതത്തില്‍ ദമ്പതികള്‍ തമ്മില്‍ പരസ്പര സ്‌നേഹവും ബഹുമാനവും ഐക്യവും ഉണ്ടാകേണ്ടതിന്റെ ആവശ്യകതയാണ് ഈ സംഗീത ആല്‍ബത്തിലെ ഗാനങ്ങളിലൂടെയും അവയുടെ ദൃശ്യ ആവിഷ്‌കാരത്തിലൂടെയും ഡോ അജി പീറ്റര്‍ തുറന്നു കാണിക്കുന്നത്. കുടുംബം എന്നത് സ്‌നേഹം കൊണ്ടും പങ്കുവയ്ക്കല്‍ കൊണ്ടും പടുത്തുയര്‍ത്തുന്ന ചെറിയ ഒരു ലോകമാണെന്നും പരസ്പരം സ്‌നേഹിച്ചും വിശ്വസിച്ചും ആ ലോകത്തെ സുന്ദരമാക്കാന്‍ ഓരോ കുടുംബാംഗങ്ങളും പ്രത്യേകിച്ച് ദമ്പതികളും പരിശ്രമിക്കേണ്ടതാണെന്നും എല്ലാവരെയും ഈ സംഗീത ആല്‍ബം ഓര്‍മ്മപ്പെടുത്തുന്നു.
രണ്ട് വ്യത്യസ്ത കുടുംബങ്ങളില്‍ നിന്നും കടന്നുവരുന്ന സ്ത്രീയിലും പുരുഷനിലും നിന്നും ജന്മം കൊള്ളുന്ന കുടുംബം പിന്നീട് വ്യത്യസ്തമായ ആശയങ്ങളുടെയും ചിന്തകളുടെയും മനോഭാവങ്ങളുടെയും കാരണമായി ജീവിതം നരക തുല്യമായി മാറുകയും കുടുംബ തകര്‍ച്ചയിലും എത്തുന്ന സ്ഥിതിവിശേഷമാണ് ഇന്നത്തെ കാലഘട്ടത്തില്‍ കണ്ടുവരുന്നത്. പ്രാര്‍ത്ഥനയുടെയും ദൈവിക ഇടപെടലിന്റെയും ഫലമായി അത്തരം കുടുംബങ്ങളില്‍ സൗഭാഗ്യങ്ങള്‍ വിളയാടുവാനും സ്‌നേഹ ചൈതന്യത്തില്‍ വളരുവാനും കഴിയുമെന്നും ഈ വീഡിയോ ഗാനത്തിന്റെ ദൃശ്യങ്ങളിലൂടെ ഓരോ വ്യക്തികള്‍ക്കും മനസ്സിലാക്കുവാന്‍ കഴിയും.
ജീവിത തകര്‍ച്ചകളിലൂടെ കടന്നുപോകുന്ന കുടുംബങ്ങള്‍ക്കായി ഈ ആല്‍ബം സമര്‍പ്പിക്കുന്നുവെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
വെര്‍ച്യുല്‍ പ്ലാറ്റ്‌ഫോമായ സൂമിലൂടെ നടത്തുന്ന 'ദിവകുടുംബം' സംഗീത ആല്‍ബത്തിന്റെ പ്രകാശന ചടങ്ങ് താഴെ കൊടുത്തിരിക്കുന്ന ലണ്ടന്‍ കലാഭവന്റെ ഓഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ലൈവ് ആയി സംപ്രേഷണം ചെയ്യുന്നത്. എല്ലാവരും പങ്കെടുത്ത് മഹനീയമായ ഈ ഉദ്യമം വിജയിപ്പിക്കണമെന്ന് സംഘാടകര്‍ അറിയിച്ചു.
https://www.facebook.com/kalabhavanlondon
ജോബി തോമസ്