നമ്മുടെ നാട് ഇന്നുവരെ കണ്ടിട്ടില്ലാത്ത പ്രകൃതി ദുരന്തത്തിനാണ് കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ നാനൂറിലേക്ക് കുതിക്കുകയാണ്. കാണാതായവരുടെ എണ്ണം നൂറ് പിന്നിട്ടു. അതില്‍
പകുതിയോളം കുട്ടികളാണ്. എക്കര്‍ കണക്കിന് കൃഷിയിടവും അഞ്ഞൂറോളം വീടുകളും മണ്ണടിഞ്ഞു. നിമിഷം കൊണ്ട് ഒരു നാട് തന്നെ തുടച്ചുമാറ്റപ്പെട്ടു എന്ന് പറയുന്നതില്‍ ഒട്ടും അതിശയോക്തിയില്ല. നഷ്ടങ്ങള്‍ നികത്താനാവില്ല,
തിരിച്ചുവരവ് അനിവാര്യമാണുതാനും. തകര്‍ന്നടിഞ്ഞ പ്രകൃതിയുടെയും മനുഷ്യരുടേയും പുനരുജ്ജീവനമാണ് ഇനിയുള്ള ലക്ഷ്യം. മലയാളികള്‍ ഒന്നിച്ചപ്പോഴൊക്കെ അത്ഭുതങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇവിടെയും സമാനമാണ് സാഹചര്യങ്ങള്‍.
വയനാടിന്റെ പുനര്‍നിര്‍മാണത്തിന് ലോകമാകെ അണിചേരുകയാണ്. അണ്ണാരക്കണ്ണനും തന്നാലായത് എന്ന പോലെ ആവുംവിധം സഹായിക്കാന്‍ നാടൊന്നാകെ രംഗത്ത് വരികയാണ്.
ഇതിന് പുറമെ കോര്‍പറേറ്റുകള്‍, തമിഴ്‌നാട് കര്‍ണാടക പോലുള്ള മറ്റ് സംസ്ഥാനങ്ങള്‍, സിനിമാതാരങ്ങള്‍, വ്യവസായ പ്രമുഖര്‍ എന്നിവരെല്ലാം വലിയ
തുകയാണ് സംഭാവനയായി നല്‍കിയത്. പുനര്‍നിര്‍മാണം വേഗത്തിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്. യുകെയിലെ പുരോഗമന സാംസ്‌കാരിക സംഘടനയായ സമീക്ഷയും ഈ മഹാദൌത്യത്തില്‍ പങ്കാളിയാവുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന നാഷണല്‍ കമ്മിറ്റി യോഗത്തില്‍ ധാരണയായി. അര്‍ഹരായ ഒരു കുടുംബത്തിന് സ്‌നേഹഭവനം
നിര്‍മ്മിച്ച് നല്‍കാനും തീരുമാനിച്ചു. വയനാടിനെ ചേര്‍ത്തുപിടിക്കേണ്ടത് ജന്മനാടിനോടുള്ള ഉത്തരവാദിത്തമായാണ് സമീക്ഷ കാണുന്നത്. തുടര്‍ന്നും സമീക്ഷയുടെ സഹായഹസ്തം വയനാടിനുണ്ടാകും.
നാഷണല്‍ സെക്രട്ടേറിയറ്റ്
സമീക്ഷ യുകെ