ബംഗ്ലാദേശിലെ ആഭ്യന്തര പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ധാക്കയിലേക്കുള്ള വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി. തലസ്ഥാനമായ ധാക്കയിലേക്കും അവിടെനിന്ന് തിരിച്ചുമുള്ള മുഴുവന്‍ വിമാന സര്‍വീസുകളുമാണ് റദ്ദാക്കിയത്. നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാനും റീഷെഡ്യൂള്‍ ചെയ്യാനും ഇളവുകള്‍ നല്‍കുമെന്നും വിമാന കമ്പനി അറിയിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ തുടര്‍ച്ചയായി നിരീക്ഷിച്ചുവരികയാണ്. യാത്രക്കാരുടെയും ക്രൂ അംഗങ്ങളുടെയും സുരക്ഷയാണ് തങ്ങളുടെ മുന്‍ഗണനയെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.
അതേസമയം, രാജിവെച്ചതിന് പിന്നാലെ രാജ്യം വിട്ട് ഇന്ത്യയിലെത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന മറ്റൊരു രാജ്യത്ത് അഭയം ലഭിക്കുന്നതുവരെ ഇന്ത്യയില്‍ തുടര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച വൈകുന്നേരം 5.30ഓടെ ബംഗ്ലാദേശില്‍ നിന്നുള്ള സൈനിക വിമാനത്തില്‍ ഗാസിയാബാദിലെ ഹിന്‍ഡന്‍ വ്യോമതാവളത്തിലെത്തിയ ഷെയ്ഖ് ഹസീന നിലവില്‍ ഡല്‍ഹിയിലുണ്ട്.
ഇന്ത്യയില്‍ നിന്ന് ലണ്ടനിലേക്ക് പോകാനാണ് ഷെയ്ഖ് ഹസീനയുടെ തീരുമാനമെന്ന് നേരത്തെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഷെയ്ഖ് ഹസീനയ്ക്ക് അഭയം നല്‍കുന്നതുമായി ബന്ധപ്പെട്ട് യുകെയില്‍ നിന്ന് സ്ഥിരീകരണം ഉണ്ടായിട്ടില്ലെന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.