ലെബനനിലെ പേജര്‍ ആക്രമണത്തിനും പിന്നില്‍ തങ്ങള്‍ ആണെന്ന് ആദ്യമായി വെളിപ്പെടുത്തി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.3000ത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും 40 ഓളം പേര്‍ കൊല്ലപ്പെടുകയും ചെയ്ത ആക്രമണത്തിന്റെ ഉത്തരവാദിത്തമാണ് ഇസ്രയേല്‍ ഏറ്റെടുത്തിരിക്കുന്നത്.
ആക്രമണത്തിന് പച്ചക്കൊടി നല്‍കിയത് താനാണെന്ന് നെതന്യാഹു പറഞ്ഞതായി അദ്ദേഹത്തിന്റെ മാധ്യമ വക്താവാണ് പ്രതികരിച്ചത്. ഹിസ്ബുള്ള തലവന്‍ ഹസ്സന്‍ നസ്‌റുള്ളയെ വധിച്ച ബെയ്‌റൂത്തിലെ ആക്രമണത്തിന് പച്ചക്കൊടി നല്‍കിയത് താനാണെന്നും അദ്ദേഹം പറഞ്ഞതയാണ് സ്ഥിരീകരണം. ഞായറാഴ്ച ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് നെതന്യാഹു ഇക്കാര്യം പറഞ്ഞത്.
ലബനനില്‍ ഹിസ്ബുല്ല ആശയവിനിമയത്തിനായി ഉപയോഗിച്ചിരുന്ന പേജറുകളും വാക്കിടോക്കികളും ആണ് സെപ്റ്റംബര്‍ 17, 18 തീയതികളിലായി പൊട്ടിത്തെറിച്ചത്. ഈ പേജറുകളില്‍ ജിപിഎസ്, ക്യാമറ, മൈക്രോഫോണ്‍ പോലുള്ള ഒരു സൗകര്യങ്ങളും ഉണ്ടായിരുന്നില്ല. എന്നിട്ടും എങ്ങിനെ ഇവ പൊട്ടിത്തെറിച്ചു എന്നുള്ളത് ലോകമാകെ അമ്പരപ്പുളവാക്കിയിരുന്നു. ഈ ആക്രമണത്തില്‍ ലെബനന്‍ ഐക്യരാഷ്ട്രസഭയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. സാങ്കേതികവിദ്യക്കും തൊഴിലിനും മനുഷ്യത്വത്തിനും എതിരായ ആക്രമണം എന്നാണ് പേജര്‍ ആക്രമണത്തെ ലെബനന്‍ ഐക്യരാഷ്ട്രസഭയില്‍ വിമര്‍ശിച്ചത്.