ബ്രിട്ടനില്‍ മലയാളി യുവതിക്ക് നാലു വര്‍ഷം തടവുശിക്ഷ. സീന ചാക്കോ എന്ന നാല്‍പ്പത്തിരണ്ടുകാരിക്കാണ് ചെസ്റ്റര്‍ ക്രൗണ്‍ കോടതി ശിക്ഷ വിധിച്ചത്. എമ്മ സ്‌മോള്‍വുഡ് (62 ) വാഹനാപകടത്തില്‍ മരിച്ച കേസിലാണ് ബ്രിട്ടനിലെ കോടതി മലയാളി യുവതിക്ക് ശിക്ഷ വിധിച്ചത്. സൈക്കിള്‍ ഓടിക്കവേ എമ്മയെ വാഹനമിടിക്കുകയായിരുന്നു
2023 സെപ്റ്റംബര്‍ 14 നാണ് സംഭവം നടന്നത്. ഹാന്‍ഡ്ഫോര്‍ത്തിലെ ടേബ്ലി റോഡില്‍ വച്ച് സീന ചാക്കോ ഓടിച്ചിരുന്ന വാഹനമിടിച്ചാണ് സൈക്ലിസ്റ്റ് എമ്മ സ്‌മോള്‍വുഡ് മരിച്ചത്.അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ സൈക്കിള്‍ യാത്രികയെ വഴിയാത്രക്കാരും പാരാമെഡിക്കുകളും ചേര്‍ന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സെപ്റ്റംബര്‍ 17 നാണ് മരണം സംഭവിച്ചത്. ആശുപത്രിയില്‍ വച്ചായിരുന്നു മരണം.
പ്രതി, ലൈസന്‍സും ഇന്‍ഷുറന്‍സും ഇല്ലാതെയാണ് വാഹനം ഓടിച്ചത്. അപകടം സംഭവിച്ച ശേഷം വാഹനം നിര്‍ത്തിയില്ലെന്നും കോടതി കണ്ടെത്തി. അപകടകരമായി വാഹനം ഓടിച്ചതെന്ന് പ്രതി ആദ്യം കുറ്റസമ്മതം നടത്തി. നാലു മക്കളുടെ അമ്മയാണ് സീന. ഇവരുടെ പരിരക്ഷ പരിഗണിച്ചാണ് സീനയ്ക്ക് ഇളവ് ലഭിച്ചത്.