ട്രാന്‍സ്‌ജെന്‍ഡര്‍ അംഗങ്ങള്‍ക്ക് എന്‍എച്ച്എസില്‍ ഏത് വിധേനയാണ് സ്വാഗതം അരുളുകയെന്ന സംശയങ്ങള്‍ നിലകൊള്ളുന്നതിനിടെ. ട്രാന്‍സ് പുരുഷ നഴ്‌സിനെ വനിതകളുടെ ചേഞ്ചിംഗ് റൂം ഉപയോഗിക്കാന്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട് നഴ്‌സുമാര്‍ നടത്തുന്ന പോരാട്ടം അടുത്ത ഘട്ടത്തിലേക്ക്. ചര്‍ച്ചകളില്‍ ഫലം കാണാതെ വന്നതോടെയാണ് കൗണ്ടി ഡുര്‍ഹാം & ഡാര്‍ലിംഗ്ടണ്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിന് എതിരായ പരാതിയുമായി നഴ്‌സുമാര്‍ എംപ്ലോയ്‌മെന്റ് ട്രിബ്യൂണലിന് മുന്നിലെത്തുന്നത്.
ട്രാന്‍സ് നഴ്‌സ് പുരുഷന്‍ തന്നെയാണെന്ന് വാദിക്കുന്ന വനിതാ നഴ്‌സുമാര്‍ ലോക്കര്‍ റൂം ഉപയോഗിക്കാന്‍ അനുവദിച്ച ട്രസ്റ്റ് നടപടിക്ക് എതിരെയാണ് പോരാട്ടം നടത്തുന്നത്. തങ്ങള്‍ക്കൊപ്പം ജോലി ചെയ്യുന്ന ട്രാന്‍സ് നഴ്‌സ് 'വേട്ടക്കാരനാണെന്ന്' ഇവര്‍ വാദിക്കുന്നു. വനിതാ ജീവനക്കാര്‍ ട്രസ്റ്റ് നയത്തെ കുറിച്ച് പരാതിപ്പെട്ടെങ്കിലും യാതൊരു പിന്തുണയും നല്‍കാന്‍ ഇവര്‍ തയ്യാറായില്ല.
ക്രിസ്ത്യന്‍ ലീഗല്‍ സെന്ററിന്റെ സഹായത്തോടെയാണ് വനിതാ നഴ്‌സുമാര്‍ എംപ്ലോയ്‌മെന്റ് ട്രിബ്യൂണലിനെ സമീപിക്കുന്നത്. ബെതാനി ഹച്ചിന്‍സണ്‍, ലിസാ ലോക്കി, ആനിസ് ഗ്രന്‍ഡി, ട്രേസി ഹൂപ്പര്‍, ജോവാന്‍ ബ്രാഡ്ബറി എന്നിവരാണ് കേസുമായി മുന്നോട്ട് പോകുന്ന നഴ്‌സുമാര്‍. മുന്നറിയിപ്പോ, ആശയവിനിമയോ നടത്താതെയാണ് ട്രാന്‍സ് ജീവനക്കാരന് ചേഞ്ചിംഗ് റൂം ഉപയോഗിക്കാന്‍ അനുമതി നല്‍കിയതെന്ന് ബെതാനി വ്യക്തമാക്കി.
'ഷിഫ്റ്റിനെത്തുന്ന നഴ്‌സുമാര്‍ ഞെട്ടിപ്പോകുകയാണ്, വിദേശ നഴ്‌സുമാര്‍ യൂണിഫോമിന് അടിയില്‍ വസ്ത്രം ധരിച്ച് നില്‍ക്കേണ്ട അവസ്ഥയാണ്. മറ്റ് പുരുഷന്‍മാര്‍ക്ക് മുന്നില്‍ വസ്ത്രം മാറാന്‍ സാംസ്‌കാരികമായി അവര്‍ക്ക് പ്രശ്‌നങ്ങളുണ്ട്. ഇയാളെങ്ങാനും കടന്നുവരുമോയെന്ന് ആശങ്കപ്പെട്ടാണ് വനിതാ നഴ്‌സുമാര്‍ വസ്ത്രം മാറുന്നത്', ബെതാനി വിശദീകരിക്കുന്നു.
പുരുഷനെ പോലെ പെരുമാറുകയും, അവയവങ്ങളുമുള്ള ഒരാള്‍ സ്ത്രീയാകില്ലെന്ന് ഹച്ചിന്‍സണ്‍ ചൂണ്ടിക്കാണിച്ചു. വനിതകളുടെ ഇടങ്ങള്‍ സ്വയം സ്ത്രീയെന്ന് അവകാശപ്പെടുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് നല്‍കുന്ന നയത്തെ അംഗീകരിക്കാനില്ലെന്നാണ് ഈ നഴ്‌സുമാരുടെ നിലപാട്.