മാതാപിതാക്കള്‍ നല്ല മാതൃകകള്‍ കാണിച്ചില്ലെങ്കില്‍ മക്കള്‍ വഴിതെറ്റിയാല്‍ കുറ്റം പറയാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ വെറും 13 വയസ്സ് മാത്രമുള്ള മകന് ലൈംഗിക തൊഴിലാളികളെ എത്തിച്ച് നല്‍കുകയും, കൊക്കെയിന്‍ ഓഫര്‍ ചെയ്യുകയും ചെയ്യുന്ന ഒരു പിതാവിനെ നമ്മള്‍ എന്ത് പറഞ്ഞ് വിശേഷിപ്പിക്കും.
എന്തായാലും കോടതി ഈ ഉത്തമ പിതാവിന് നാല് വര്‍ഷത്തെ ജയില്‍ശിക്ഷയാണ് പ്രഖ്യാപിച്ചത്. എന്നാല്‍ താന്‍ 'നല്ല പിതാവാണെന്നും', ചെയ്തതില്‍ ഖേദമില്ലെന്നുമുള്ള നിലപാടാണ് ഇയാള്‍ സ്വീകരിച്ചത്. എന്നുമാത്രമല്ല മകന്റെ പ്രണയബന്ധം തകര്‍ന്നതിലുള്ള നിരാശ ഒഴിവാക്കി നല്‍കാനാണ് ലൈംഗിക തൊഴിലാളികളെ അറേഞ്ച് ചെയ്തതെന്നാണ് ഇയാളുടെ വാദം.
സൗത്ത് ഈസ്റ്റ് ലണ്ടനിലെ ബ്രോംലിയിലുള്ള ബോട്ടലിലേക്ക് രണ്ട് ലൈംഗിക തൊഴിലാളികളെയാണ് ഈ പിതാവ് എത്തിച്ചത്. എന്നാല്‍ 26 വയസ്സുള്ള ഒരു വ്യക്തിയുമായി സെക്‌സില്‍ ഏര്‍പ്പെടാന്‍ തയ്യാറല്ലെന്ന് മകന്‍ പറഞ്ഞതോടെ കുട്ടിയെ അസഭ്യം പറഞ്ഞു. കൂടാതെ മകന് കൊക്കെയിന്‍ നല്‍കാമെന്നും പിതാവ് വ്യക്തമാക്കി.
തനിക്ക് വെറും 13 വയസ്സാണ് പ്രായമെന്ന് മകന്‍ പിതാവിനെ ഓര്‍മ്മിപ്പിച്ചു. എന്നാല്‍ കാമുകി ഇട്ടുപോയതിന്റെ വിഷമത്തില്‍ മകനെ ഒന്ന് ഉഷാറാക്കാന്‍ ചെയ്ത കാര്യങ്ങളാണ് ഈ വിധം കുഴപ്പത്തിലായതെന്ന് ക്രോയ്‌ഡോണ്‍ ക്രൗണ്‍ കോടതിയില്‍ ശിക്ഷ വിധിക്കവെ പിതാവ് അവകാശപ്പെട്ടു. മറ്റെല്ലാ വിധത്തിലും താനൊരു നല്ല പിതാവാണെന്ന് ഇയാള്‍ വാദിച്ചു.
ലൈംഗികതയ്ക്കായി കുട്ടിക്ക് അവസരം നല്‍കിയതിനും, കൊക്കെയിന്‍ സപ്ലൈ ചെയ്തതിനുമുള്ള കുറ്റങ്ങള്‍ ഇയാള്‍ സമ്മതിച്ചു. മകനെ ഒരു രാത്രി പിതാവിന് ഒപ്പം താമസിക്കാന്‍ അമ്മ വിട്ടുകൊടുത്ത ദിവസമാണ് ഈ സംഭവങ്ങള്‍.