ഒരു ഗവണ്‍മെന്റ് വന്‍ഭൂരിപക്ഷം നേടി അധികാരത്തിലെത്തി മാസങ്ങള്‍ തികയുന്നതിന് മുന്‍പ് അവര്‍ രാജിവെച്ച് പുതിയ തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് ജനം അഭിപ്രായപ്പെടുന്നുണ്ടെങ്കില്‍ ഈ ചുരുങ്ങിയ സമയം കൊണ്ട് എത്രത്തോളം വെറുപ്പ് നേടിയെന്ന് വ്യക്തമാകും. അത്തരത്തില്‍ വെറുപ്പ് സമ്പാദിച്ചിരിക്കുകയാണ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറും മന്ത്രിമാരും. ലേബറിന്റെ നികുതി വേട്ട നടത്തുന്ന ബജറ്റില്‍ ഉയരുന്ന ജനരോഷം പരിഗണിച്ച് രാജിവെച്ച് പൊതുതെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെടുന്ന പെറ്റീഷനില്‍ ഒപ്പിട്ടവരുടെ എണ്ണം ഒരു മില്ല്യണ്‍ കടന്നു.
ഒരു പബ്ബ് ഉടമ പാര്‍ലമെന്റ് വെബ്‌സൈറ്റില്‍ തുടങ്ങിയ പെറ്റീഷനില്‍ കീര്‍ സ്റ്റാര്‍മര്‍ വാഗ്ദാനങ്ങള്‍ മറന്നുവെന്ന് കുറ്റപ്പെടുത്തുന്നു. മണിക്കൂറില്‍ 10,000 പേര്‍ വീതമാണ് ഇത് ശരിവെയ്ക്കുന്നത്. ലേബര്‍ നുണപറഞ്ഞുവെന്ന് വാദിക്കുന്ന സീനിയര്‍ ടോറികള്‍ക്ക് ഈ കണക്കുകള്‍ ആവേശം നല്‍കുകയാണ്.
ഗവണ്‍മെന്റ് ഈ ആവശ്യം നിരാകരിച്ചെങ്കിലും വെസ്റ്റ്മിന്‍സ്റ്റര്‍ ഹാള്‍ ചേംബറില്‍ കൊടുമ്പിരി കൊള്ളുന്ന ചര്‍ച്ചകള്‍ക്ക് ഇത് വഴിയൊരുക്കും. പ്രത്യേകിച്ച് ഡൗണിംഗ് സ്ട്രീറ്റില്‍ തലവേദന വര്‍ദ്ധിക്കുകയും ചെയ്യും. അധികാരത്തിലെത്തി നാല് മാസത്തിനകം ലേബറിന്റെ ജനപ്രീതി തകര്‍ന്നടിഞ്ഞതായി സര്‍വ്വെകളും വ്യക്തമാക്കുന്നു.
പെന്‍ഷന്‍കാരുടെ വിന്റര്‍ ഫ്യൂവല്‍ പേയ്‌മെന്റ് റദ്ദാക്കിയതും, എംപ്ലോയര്‍ നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷന്‍ വര്‍ദ്ധിപ്പിച്ചതുമെല്ലാം ചേര്‍ന്ന് ജനരോഷം ആളിക്കത്തിക്കുകയാണ്. കൂടാതെ സമ്പദ് വ്യവസ്ഥ തിരിച്ചടി നേരിടുന്നുവെന്നതിന് പുറമെ പണപ്പെരുപ്പം വീണ്ടും ഉയര്‍ന്നതും മന്ത്രിമാര്‍ക്ക് മോശം വാര്‍ത്തകളാണ്.