ഇന്ത്യന്‍ വംശജനായ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാകിന് ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാര്‍ നേടാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ബ്രിട്ടനില്‍ അധികാരം മാറിവന്നതോടെ ലേബര്‍ ഗവണ്‍മെന്റ് നേതൃത്വം നല്‍കുന്ന കീര്‍ സ്റ്റാര്‍മര്‍ ഈ ദൗത്യവുമായി മുന്നോട്ട് പോകാനുള്ള ഒരുക്കത്തിലാണ്. അടുത്ത വര്‍ഷം ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്ന് പ്രധാനമന്ത്രി സ്റ്റാര്‍മര്‍ പ്രഖ്യാപിച്ചു.
42 ബില്ല്യണ്‍ പൗണ്ടിന്റെ വാര്‍ഷിക വ്യാപാര ബന്ധത്തിന് കളമൊരുക്കുന്ന എഫ്ടിഎ ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്ന് യുകെ പാര്‍ലമെന്റിലാണ് കീര്‍ സ്റ്റാര്‍മര്‍ അറിയിച്ചത്. ബ്രസീലില്‍ നടന്ന ജി20 സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സ്റ്റാര്‍മര്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയിരുന്നു.
'യുകെ-ഇന്ത്യ കോംപ്രിഹെന്‍സീവ് സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പിന് കളമൊരുക്കാന്‍ പരസ്പരസമ്മതം നല്‍കിയിട്ടുണ്ട്. സുരക്ഷ, പ്രതിരോധം, ടെക്‌നോളജി, കാലാവസ്ഥ, ആരോഗ്യം, വിദ്യാഭ്യാസം എന്നിങ്ങനെ മേഖലകള്‍ ഇതില്‍ ഉള്‍പ്പെടും', സ്റ്റാര്‍മര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കി. പുതുവര്‍ഷത്തില്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കാമെന്ന് സമ്മതിച്ചിട്ടുള്ളതില്‍ സന്തോഷമുണ്ടെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു.
2022 ജനുവരിയില്‍ ആരംഭിച്ച വ്യാപാര ചര്‍ച്ചകള്‍ 14-ാം റൗണ്ടില്‍ വെച്ചാണ് നിലച്ചത്. ഇപ്പോള്‍ ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ എത്തിയതോടെ ചര്‍ച്ചകള്‍ പുനരാരംഭിക്കുകയാണ്. ഇന്ത്യയുമായുള്ള വ്യാപാര കരാര്‍ ബ്രിട്ടനെ സംബന്ധിച്ച് സുപ്രധാനമാണ്.