കൗണ്‍സില്‍ ഭവനങ്ങളില്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് ഈ വീടുകള്‍ വാങ്ങുന്നതിന് നല്‍കിയിരുന്ന അവകാശങ്ങള്‍ക്ക് നിയന്ത്രണം വരുന്നു. കൗണ്‍സില്‍ വീടുകള്‍ വാങ്ങുന്നത് ബുദ്ധിമുട്ടുള്ള കാര്യമാക്കി മാറ്റിക്കൊണ്ടാണ് മന്ത്രിമാര്‍ സോഷ്യല്‍ ഹൗസിംഗ് സ്‌റ്റോക്ക് നിലനിര്‍ത്താനുള്ള നീക്കങ്ങള്‍ ഊര്‍ജ്ജിതമാക്കിയത്.
നിയന്ത്രണങ്ങള്‍ നടപ്പാക്കുമെന്ന് ഉപപ്രധാനമന്ത്രിയും, ഹൗസിംഗ് സെക്രട്ടറിയുമായ ആഞ്ചെല റെയ്‌നര്‍ പ്രഖ്യാപിച്ചു. ഈ വീടുകള്‍ ഡിസ്‌കൗണ്ടില്‍ വാങ്ങാന്‍ കഴിയുന്നവരുടെ എണ്ണത്തില്‍ പരിധി ഏര്‍പ്പെടുത്താനുള്ള കണ്‍സള്‍ട്ടേഷനുകള്‍ ആരംഭിക്കുമെന്ന് ഹൗസിംഗ് സെക്രട്ടറി വ്യക്തമാക്കി.
സ്വന്തം വീട് വാങ്ങിക്കാന്‍ ഈ സ്‌കീം ഉപയോഗപ്പെടുത്തിയ വ്യക്തിയാണ് ആഞ്ചെല റെയ്‌നര്‍. എന്നാല്‍ ഈ സ്ഥിതി സോഷ്യല്‍ റെന്റല്‍ ഹോമുകളുടെ ലഭ്യത കുറച്ചെന്ന് റെയ്‌നര്‍ അവകാശപ്പെടുന്നു. 'പകരം വീടുകള്‍ ലഭ്യമാക്കുന്നതിന് മുന്‍പ് കൂടുതല്‍ വില്‍പ്പന നടക്കുന്നത് ഹൗസിംഗ് പ്രതിസന്ധി സൃഷ്ടിക്കുകയാണ്', റെയ്‌നര്‍ പറയുന്നു.
റെയ്‌നര്‍ തന്റെ കൗണ്‍സില്‍ ഭവനം അഞ്ചക്ക ലാഭത്തില്‍ മറിച്ചുവില്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഭാവിയില്‍ വാടകക്കാര്‍ ഈ സൗകര്യം ആസ്വദിക്കേണ്ടെന്നാണ് ഇവര്‍ വാദിക്കുന്നത്. സ്‌കീമിന് കീഴില്‍ അപേക്ഷിക്കാന്‍ മൂന്ന് വര്‍ഷമെങ്കിലും ഈ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരിക്കണമെന്ന നിബന്ധന വര്‍ദ്ധിപ്പിക്കാനാണ് റെയ്‌നറുടെ നീക്കം. കൂടാതെ പുതുതായി നിര്‍മ്മിക്കുന്ന സോഷ്യല്‍ ഹോമുകള്‍ വാങ്ങുന്നതിനും വിലക്ക് വരും.