മറ്റൊരു പലിശ നിരക്ക് വെട്ടിക്കുറയ്ക്കലിനായി കാത്തിരിക്കുകയാണ് മോര്‍ട്ട്‌ഗേജ് വിപണിയും, ഉപഭോക്താക്കളും. എന്നാല്‍ ആ മനോഹര വാര്‍ത്ത കേള്‍ക്കാന്‍ ഇനിയും കാത്തിരിപ്പ് നീളുമെന്നാണ് പണപ്പെരുപ്പത്തെ കുറിച്ചുള്ള വാര്‍ത്ത ഉറപ്പാക്കുന്നത്. പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതകള്‍ക്ക് കത്തിവെച്ച് പണപ്പെരുപ്പം ആറ് മാസത്തിനിടെ ഉയര്‍ന്ന നിരക്കിലേക്കാണ് വര്‍ദ്ധിച്ചത്.
ഒരു മാസം മുന്‍പ് 1.7 ശതമാനത്തില്‍ നിന്ന പണപ്പെരുപ്പം ഒക്ടോബറില്‍ 2.3 ശതമാനത്തിലേക്കാണ് കടന്നുകയറിയതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് വ്യക്തമാക്കി. രാജ്യത്തിന്റെ സമ്പദ് ഘടനയുടെ വളര്‍ച്ച കുറഞ്ഞതിനൊപ്പം പണപ്പെരുപ്പം വീണ്ടും ശക്തിയാര്‍ജ്ജിക്കുന്നത് ലേബര്‍ ഗവണ്‍മെന്റിന് തലവേദനയാകും.
പണപ്പെരുപ്പം ഉയര്‍ന്നതോടെ ബേസ് റേറ്റ് കുറയ്ക്കാന്‍ ആലോചിച്ച് നില്‍ക്കുന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഇതില്‍ നിന്നും പിന്തിരിയും. നിലവില്‍ 4.75 ശതമാനത്തിലാണ് റേറ്റ്. ഈ വര്‍ഷം രണ്ട് തവണ നിരക്ക് കുറച്ചെങ്കിലും കൂടുതല്‍ നടപടികള്‍ പണപ്പെരുപ്പ സമ്മര്‍ദം പരിശോധിച്ച ശേഷം മാത്രമായിരിക്കുമെന്ന് ബാങ്ക് വ്യക്തമാക്കിയിരുന്നു.
ഇതോടെ ഡിസംബറില്‍ മറ്റൊരു കട്ട് വരാനുള്ള സാധ്യത ആറിലൊന്ന് മാത്രമായി സാമ്പത്തിക വിപണികള്‍ പരിമിതപ്പെടുത്തി. ഫെബ്രുവരിയില്‍ ചേരുന്ന മോണിറ്ററി പോളിസി കമ്മിറ്റിയും നിരക്ക് കുറയ്ക്കാന്‍ 50/50 സാധ്യതയാണെന്നാണ് വിലയിരുത്തല്‍. അതിനര്‍ത്ഥം മറ്റൊരു വെട്ടിക്കുറയ്ക്കല്‍ ലഭിക്കാന്‍ മാര്‍ച്ച് വരെ കാത്തിരിക്കേണ്ടി വരുമെന്ന് ചുരുക്കം.
എന്തായാലും വളര്‍ച്ച കുറഞ്ഞതിന് പിന്നാലെ നിയന്ത്രണത്തിലായ പണപ്പെരുപ്പം വീണ്ടും ശക്തമായി ഉയര്‍ന്നത് ആയുധമാക്കുകയാണ് ടോറികള്‍. 'ലേബറിന് കീഴില്‍ പണപ്പെരുപ്പം ഉയരുകയും, വളര്‍ച്ച കുറയുകയുമാണ്', ടോറി ഷാഡോ ചാന്‍സലര്‍ മെല്‍ സ്‌ട്രൈഡ് പറഞ്ഞു.