ജനുവരി മുതല്‍ തുടര്‍ച്ചയായി രണ്ടാം പാദത്തിലും എനര്‍ജി പ്രൈസ് ക്യാപ്പ് വര്‍ദ്ധിക്കും. ബജറ്റിലും, കൗണ്‍സില്‍ ബില്ലുകളിലും ഉള്‍പ്പെടെ നികുതികള്‍ ഉയരുന്നത് സാമ്പത്തികമായി ഞെരുക്കുമ്പോഴാണ് ജനങ്ങളെ കൂടുതല്‍ ശ്വാസംമുട്ടിക്കുന്ന തരത്തില്‍ എനര്‍ജി പ്രൈസ് ക്യാപ്പില്‍ വീണ്ടും വര്‍ദ്ധന വരുന്നത്.
ശരാശരി ഭവനങ്ങള്‍ക്ക് 1738 പൗണ്ട് വരെ ബില്ലിനെയാണ് അഭിമുഖീകരിക്കേണ്ടി വരിക. ശരാശരി ഭവനങ്ങളുടെ എനര്‍ജി ബില്ലില്‍ 1.2 ശതമാനം വര്‍ദ്ധന ഉണ്ടാകുമെന്നാണ് ഓഫ്‌ജെം പ്രഖ്യാപിച്ചിരിക്കുന്നത്. അതായത് ജനുവരി 1 മുതല്‍ ബില്ലുകള്‍ 1717 പൗണ്ടില്‍ നിന്നും 1738 പൗണ്ടിലേക്കാണ് വര്‍ദ്ധിക്കുന്നത്.
നേരത്തെ ഒരു ശതമാനം താഴുമെന്ന് പ്രവചിച്ച എനര്‍ജി കണ്‍സള്‍ട്ടന്റുമാരായ കോണ്‍വാള്‍ ഇന്‍സൈറ്റ് ഇത് തിരുത്തുന്നതായി വ്യക്തമാക്കി. ഒക്ടോബറില്‍ നിരക്കുകള്‍ 10% വര്‍ദ്ധിച്ച ആഘാതം നേരിട്ടതോടെയാണ് ഈ തിരുത്ത്. അതേസമയം ലക്ഷക്കണക്കിന് പെന്‍ഷന്‍കാര്‍ക്ക് വിന്ററില്‍ എനര്‍ജി പിന്തുണകള്‍ കുറഞ്ഞിരിക്കുകയാണ്.
പെന്‍ഷന്‍ ക്രെഡിറ്റും, മറ്റ് ബെനഫിറ്റുകളും ലഭിക്കാത്തവര്‍ക്കുള്ള വിന്റര്‍ ഫ്യൂവല്‍ പേയ്‌മെന്റാണ് ലേബര്‍ ഗവണ്‍മെന്റ് റദ്ദാക്കിയത്. ഇതിന്റെ ഫലമായി ഏകദേശം 10 മില്ല്യണ്‍ പെന്‍ഷന്‍കാര്‍ക്ക് ഈ വര്‍ഷം 300 പൗണ്ട് വരെ നഷ്ടമാകും. ജനുവരിയില്‍ നിരക്കുകള്‍ ഉയരുമെങ്കിലും ഇതിന് ശേഷമുള്ള രണ്ടും, നാലും പാദങ്ങളില്‍ നിരക്ക് ചെറിയ തോതില്‍ താഴുമെന്നാണ് കോണ്‍വാള്‍ ഇന്‍സൈറ്റ് പ്രവചിക്കുന്നത്.
ഓരോ മൂന്ന് മാസത്തിലും ഓഫ്‌ജെം പ്രൈസ് ക്യാപ്പില്‍ മാറ്റം വരുത്തും. പെന്‍ഷന്‍കാര്‍ക്കുള്ള അധിക പിന്തുണ റദ്ദാക്കിയതില്‍ ഗവണ്‍മെന്റിന് വ്യാപകമായ വിമര്‍ശനം നേരിടുന്നുണ്ട്.