ഗംഭീര നടിയാണ് മഞ്ജു വാര്യരെന്നും അവര്‍ വളരെ പെട്ടെന്നാണ് ഡയലോഗുകള്‍ പഠിക്കുന്നതെന്നും നടന്‍ വിജയ് സേതുപതി. ഷോട്ട് തുടങ്ങുന്നതിന് മുന്നേ വരെ മഞ്ജു വാര്യര്‍ ഡയലോഗ് പ്രാക്ടീസ് ചെയ്തുകൊണ്ട് ഇരിക്കും. ഒരു പെര്‍ഫോമന്‍സ് പോലെയല്ല വളരെ എളുപ്പത്തിലാണ് അവര്‍ കഥാപാത്രമായി മാറുന്നതെന്നും അഭിമുഖത്തില്‍ വിജയ് സേതുപതി പറഞ്ഞു.
'മഞ്ജു വാര്യരെക്കുറിച്ച് ഞാന്‍ പറയേണ്ട ആവശ്യമേയില്ല, എല്ലാവര്‍ക്കും അറിയാം അവര്‍ ഒരു ഗംഭീര നടിയാണ് എന്ന്. സിനിമയിലെ ഒരു ഡയലോഗ് എനിക്കും മഞ്ജുവിനും ഒരേ സമയത്താണ് പറഞ്ഞു തന്നത്. വളരെ പെട്ടെന്ന് തന്നെ അവര്‍ അത് പഠിച്ചെടുത്തു. മഞ്ജുവിന്റെ മാതൃഭാഷ അല്ല തമിഴ്, എന്നിട്ടും അവര്‍ അത് മനസിലാക്കി ഗംഭീരമായി ഡെലിവര്‍ ചെയ്തു', വിജയ് സേതുപതി പറഞ്ഞു.
വിജയ് സേതുപതി, സൂരി, മഞ്ജു വാര്യര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന പീരീഡ് ആക്ഷന്‍ പൊളിറ്റിക്കല്‍ ചിത്രമാണ് വിടുതലൈ 2. ചിത്രത്തില്‍ കോണ്‍സ്റ്റബിള്‍ കുമരേശന്‍ എന്ന കഥാപാത്രമായി സൂരിയെത്തുമ്പോള്‍ വാത്തിയാര്‍ എന്ന മക്കള്‍ പടയുടെ തലവനായിട്ടാണ് വിജയ് സേതുപതിയെത്തുന്നത്. സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ആദ്യ ഭാഗത്തേതിന് സമാനമായി വയലന്‍സ് നിറഞ്ഞ പൊളിറ്റിക്കല്‍ ഡ്രാമയാകും രണ്ടാം ഭാഗവും എന്നാണ് ട്രെയ്ലര്‍ നല്‍കുന്ന സൂചന. ആദ്യ ഭാഗത്തില്‍ വിജയ് സേതുപതി അവതരിപ്പിച്ച പെരുമാളിന്റെ മുന്‍കാല ജീവിതം കൂടി ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചിത്രം ഡിസംബര്‍ 20 ന് തിയേറ്ററുകളിലെത്തും.