ബാഹുബലിക്ക് ശേഷമുണ്ടായ തുടര്‍ പരാജയങ്ങളില്‍ നിന്ന് പ്രഭാസിനെ മോചിപ്പിച്ച സിനിമയാണ് സലാര്‍ 2. കെജിഎഫ് സംവിധായകനും ബാഹുബലിയിലെ നടനും ഒന്നിക്കുന്നു എന്നതായിരുന്നു ഈ ചിത്രത്തിന്റെ പ്രീ റിലീസ് ഹൈപ്പ്. എന്നാല്‍ കെജിഎഫ്, ബാഹുബലി എന്നീ ചിത്രങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ അസാമാന്യ വിജയമൊന്നും ആയില്ലെങ്കിലും പ്രഭാസിനെ ചിത്രം ബോക്‌സ് ഓഫീസിലേക്ക് തിരികെയെത്തിച്ചു. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് വാര്‍ഷികത്തില്‍ സംവിധായകന്‍ പ്രശാന്ത് നീല്‍ പറയുന്ന വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. സലാര്‍ 1 ല്‍ താന്‍ അത്രത്തോളം തൃപ്തനല്ലെന്ന് പ്രശാന്ത് നീല്‍ പറയുന്നു.
റിലീസ് വാര്‍ഷികത്തോടനുബന്ധിച്ച് നിര്‍മ്മാതാക്കളായ ഹൊംബാലെ ഫിലിംസ് തന്നെ നടത്തിയ അഭിമുഖത്തിലാണ് പ്രശാന്ത് നീല്‍ ഇക്കാര്യങ്ങള്‍ പറയുന്നത്. സലാറിന്റെ കാര്യത്തില്‍ എത്രത്തോളം സന്തോഷവാനാണ് എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ- 'ഞാന്‍ പൂര്‍ണ്ണമായും സന്തോഷവാനല്ല. എടുത്ത പ്രയത്‌നം വച്ച് നോക്കുമ്പോള്‍ കുറച്ച് നിരാശനാണ്. കെജിഎഫ് 2 ന്റെ (വിജയം സൃഷ്ടിച്ച) സ്വാധീനത്താല്‍ സലാര്‍ പൂര്‍ത്തിയാക്കുമ്പോള്‍ ആന്തരികമായി ഞാന്‍ തൃപ്തനായിരുന്നോ എന്ന് അറിയില്ല. എന്നാല്‍ സലാര്‍ 2 എന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നായി ചെയ്യാനാണ് ഞാന്‍ തീരുമാനിച്ചത്. അതിന്റെ എഴുത്ത് ഞാന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും മികച്ച ഒന്നായിരിക്കും. പ്രേക്ഷകരും ഞാന്‍ തന്നെയും പ്രതീക്ഷിക്കുന്നതിനേക്കാള്‍ മികച്ചതായിരിക്കും അത്. അതില്‍ അങ്ങേയറ്റം ആത്മവിശ്വാസമുണ്ട് എനിക്ക്. ജീവിതത്തില്‍ വളരെ കുറച്ച് കാര്യങ്ങളിലേ എനിക്ക് ആത്മവിശ്വാസമുള്ളൂ. സലാര്‍ 2 എന്റെ ചോദ്യം ചെയ്യപ്പെടാത്ത മികച്ച വര്‍ക്കുകളില്‍ ഒന്നായിരിക്കും', പ്രശാന്ത് നീല്‍ പറയുന്നു.