മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ച ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യതയെ ചോദ്യംചെയ്ത് സോലാപുര്‍ ജില്ലയിലെ മാല്‍ഷിറാസ് താലൂക്കിലെ മാര്‍ക്കഡ്വാഡിയില്‍ ഇന്ന് വീണ്ടും അനൗദ്യോഗിക വോട്ടെടുപ്പ്. ബാലറ്റ് വോട്ടിങ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലത്തില്‍ സംശയമുള്ള ഗ്രാമവാസികള്‍ സ്വന്തമായി സഹായധനം നല്‍കിക്കൊണ്ടാണ് പരമ്പരാഗത ബാലറ്റ് പേപ്പര്‍ വോട്ടിങ്ങ് നടത്തുന്നത്.
ഇതിനായി അച്ചടിച്ച ബാലറ്റ് പേപ്പറുകള്‍ വിതരണത്തിന് തയ്യാറായിട്ടുണ്ട്. ചൊവ്വാഴ്ച നടക്കുന്ന വോട്ടിങ് രാവിലെ ഏഴുമുതല്‍ വൈകുന്നേരം നാലുവരെയാണ്. തുടര്‍ന്ന് ഉടനടി വോട്ടെണ്ണല്‍ നടത്താനും അവര്‍ പദ്ധതിയിട്ടിട്ടുണ്ട്. സോലാപൂരിലെ മല്‍ഷിറാസ് അസംബ്ലി മണ്ഡലത്തിന് കീഴിലാണ് മര്‍കദ്വാഡി വരുന്നത്. മഹാവികാസ് അഘാഡിയിലെ ഉത്തംറാവു ജങ്കാര്‍ ബിജെപിയുടെ മുന്‍ എംഎല്‍എ രാം സത്പുതേയെ ഇവിടെ പരാജയപ്പെടുത്തിയിരുന്നു. എന്‍സിപി ശരദ് പവാര്‍ വിഭാഗം ഇവിടെ വിജയിച്ചെങ്കിലും മര്‍കദ്വാഡിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കായികുന്നു ലീഡ്.
ബിജെപി സ്ഥാനാര്‍ഥിയും മുന്‍ എംഎല്‍എയുമായ രാം സത്പുത്തെ ഗ്രാമത്തില്‍ 1003 വോട്ടുകള്‍ നേടിയപ്പോള്‍ ശരദ് പവാറിന്റെ എന്‍സിപി സ്ഥാനാര്‍ഥി ഉത്തം ജാങ്കറിന് 843 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. 2009, 2014, 2019 എന്നീ വര്‍ഷങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലും ലോക്സഭാ മത്സരങ്ങളിലും മാര്‍കഡ്വാഡിയില്‍നിന്ന് ജാങ്കറിന് സ്ഥിരമായി വന്‍പിന്തുണ ലഭിച്ചിട്ടുണ്ട്. ഇത്തവണ ജാങ്കറിന് വോട്ട് ഗണ്യമായി കുറഞ്ഞു. ഇത് ഇവിഎമ്മുകളിലെ പൊരുത്തക്കേടുകള്‍ സംബന്ധിച്ച ആരോപണങ്ങള്‍ക്ക് കാരണമായി. ഈ തിരഞ്ഞെടുപ്പിലെ ഫലങ്ങളുടെ കൃത്യത ഉറപ്പാക്കാന്‍ പ്രതീകാത്മക ബാലറ്റ് വോട്ടിങ് നടത്തണമെന്ന് ആവശ്യപ്പെട്ട് തഹസില്‍ദാറിന് ജാങ്കര്‍ അനുകൂലികള്‍ കത്ത് നല്‍കിയിരുന്നു.
നടപടിക്രമങ്ങളില്‍ സുതാര്യത ഉറപ്പാക്കാന്‍ സര്‍ക്കാര്‍ മേല്‍നോട്ടം വേണമെന്ന് ജാങ്കര്‍ സംഘം അഭ്യര്‍ഥിക്കുകയും പരിശീലനത്തിന്റെ മുഴുവന്‍ ചെലവും വഹിക്കാന്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നിരുന്നാലും, അത്തരമൊരു നടപടിയെ ഔദ്യോഗികമെന്ന് വിളിക്കാനാവില്ലെന്നും അതിന് സാധുതയില്ലെന്നുമാണ് തഹസില്‍ദാരുടെ ഓഫീസ് അറിയിച്ചത്.
ഇതിന്റെ നിയമസാധുതയെക്കുറിച്ചോ പ്രത്യാഘാതങ്ങളെക്കുറിച്ചോ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍ വോട്ടെടുപ്പ് തടയാന്‍ ഇവിടെ കനത്ത പോലീസിനെ വിന്യസിച്ചിട്ടുണ്ട്.