വളര്‍ത്ത് നായയുമായി നടക്കാനിറങ്ങിയ 80-കാരനായ ഇന്ത്യന്‍ വംശജനെ തല്ലിക്കൊന്ന കേസില്‍ നരഹത്യ കുറ്റം ചുമത്തിയ 12 വയസ്സുകാരിയെ കോടതിയില്‍ ഹാജരാക്കി. വീടിന് തൊട്ടടുത്ത് വെച്ചാണ് ഇന്ത്യന്‍ വംശജനെ തല്ലിക്കൊല്ലുന്നത്.
സെപ്റ്റംബറില്‍ ബ്രൗണ്‍സ്റ്റോണ്‍ ടൗണ്‍ പാര്‍ക്കില്‍ വെച്ച് പരുക്കേറ്റ ഭീം കോലിയാണ് പിന്നീട് ആശുപത്രിയില്‍ വെച്ച് മരിച്ചത്. സെപ്റ്റംബര്‍ 1ന് ഫ്രാങ്ക്‌ളിന്‍ പാര്‍ക്കില്‍ നായയുമായി നടക്കവെ യുവാക്കളുടെ സംഘം ഇദ്ദേഹത്തെ ക്രൂരമായി തല്ലിച്ചതച്ചതായി ലെസ്റ്റര്‍ഷയര്‍ പോലീസ് പറഞ്ഞു. വീട്ടില്‍ നിന്നും വെറും 30 സെക്കന്‍ഡ് അകലെ വെച്ചായിരുന്നു അതിക്രമം.
നിയമപരമായ കാരണങ്ങളാല്‍ പേര് വെളിപ്പെടുത്താന്‍ കഴിയാത്ത പെണ്‍കുട്ടിയെ ലെസ്റ്റര്‍ മജിസ്‌ട്രേറ്റ്‌സ് കോടതിയിലെ യൂത്ത് കോടതിയിലാണ് ഹാജരാക്കിയത്. 10 മിനിറ്റ് നീണ്ട ഹിയറിംഗില്‍ അമ്മയ്‌ക്കൊപ്പമാണ് 12-കാരി ഇരുന്നത്. പേരും, പ്രായവും മാത്രമാണ് ഇവള്‍ സ്ഥിരീകരിച്ചത്. അടുത്ത വര്‍ഷം ഫെബ്രുവരി 3ന് ലെസ്റ്റര്‍ ക്രൗണ്‍ കോടതിയിലാണ് ഇവര്‍ ഹാജരാകേണ്ടത്. അതുവരെ ജാമ്യം നല്‍കിയിട്ടുണ്ട്.
കോലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൊലക്കുറ്റം ചുമത്തിയ മറ്റൊരു 15-കാരനെ ഈയാഴ്ച തന്നെ ലെസ്റ്റര്‍ ക്രൗണ്‍ കോടതിയില്‍ ഹാജരാക്കുന്നുണ്ട്. പാര്‍ക്ക് പ്രവേശനകവാടത്തില്‍ നിന്നും സെക്കന്‍ഡുകള്‍ മാത്രം അകലെയുള്ള വീട്ടിലായിരുന്നു കോലി താമസിച്ചിരുന്നത്. പാര്‍ക്കില്‍ തന്റെ വളര്‍ത്തുനായ റോക്കിക്കൊപ്പം പതിവായി ഇദ്ദേഹം നടക്കാന്‍ ഇറങ്ങുമായിരുന്നു. കോലിയുടെ മരണത്തിന് ഏതാനും മാസം മുന്‍പ് തന്നെ പാര്‍ക്കില്‍ ഏഷ്യന്‍ വംശജര്‍ക്ക് നേരെ യുവാക്കളുടെ അതിക്രമങ്ങള്‍ നടക്കുന്നതായി പ്രദേശവാസികള്‍ പോലീസിനെ അറിയിച്ചിരുന്നു.