പുതുവര്‍ഷത്തില്‍ കാലാവസ്ഥ കടുപ്പിച്ച് മഞ്ഞും, ആലിപ്പഴ വര്‍ഷവും, അഞ്ച് ഇഞ്ച് വരെ മഴയ്ക്കും സാധ്യത. കാലാവസ്ഥ മോശമാകുമെന്ന് ഉറപ്പായതോടെ മഞ്ഞ്, കാറ്റ്, മഴ എന്നിവയ്ക്കുള്ള മുന്നറിയിപ്പുകള്‍ നിലവിലെത്തി. ചൊവ്വാഴ്ചയോടെ നോര്‍ത്ത് ഇംഗ്ലണ്ടില്‍ 70 എംപിഎച്ച് വരെ വേഗതയുള്ള കാറ്റ് വീശുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ ജാഗ്രതാ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കി.
മഞ്ഞ് പുതുവര്‍ഷദിനത്തില്‍ നോര്‍ത്തേണ്‍ അയര്‍ലണ്ട്, നോര്‍ത്തേണ്‍ ഇംഗ്ലണ്ട്, സ്‌കോട്ട്‌ലണ്ട് എന്നിവിടങ്ങളില്‍ പ്രത്യക്ഷപ്പെടും. ഹോഗ്മനായ് ആഘോഷങ്ങള്‍ ശക്തമായ മഴയിലും, മഞ്ഞുവീഴ്ചയിലും തടസ്സപ്പെടുമെന്നാണ് കരുതുന്നത്. നോര്‍ത്തേണ്‍ സ്‌കോട്ട്‌ലണ്ടില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി അഞ്ചര ഇഞ്ച് വരെ മഴ പെയ്യുന്ന സാഹചര്യത്തിലാണ് ഇത്.
മെയിന്‍ലാന്‍ഡ് & ബോയ് പോലുള്ള മേഖലകളില്‍ എട്ട് ഇഞ്ച് വരെ മഞ്ഞാണ് പുതയ്ക്കുക. മറ്റ് ഭാഗങ്ങളില്‍ രണ്ട് മുതല്‍ നാല് ഇഞ്ച് വരെ മഞ്ഞുവീഴ്ചയും പ്രവചിക്കപ്പെടുന്നു. ശക്തമായ കാറ്റ് ആഘാതം വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ട്, കൂടാതെ പവര്‍ലൈനുകള്‍ ഫ്രീസ് ആയേക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ചൊവ്വാഴ്ച രാവിലെ 5 മുതല്‍ ഓര്‍ക്‌നിയിലും, ഷെറ്റ്‌ലാന്‍ഡിലും തുടര്‍ച്ചയായി മഞ്ഞുവീഴ്ച റോഡ് ഗതാഗതം തടസ്സപ്പെടുത്തുമെന്ന് മുന്നറിയിപ്പ് വ്യക്തമാക്കുന്നു. ബുദ്ധിമുട്ടുള്ള ഡ്രൈവിംഗ് സാഹചര്യങ്ങളുടെ ഫലമായി റോഡ് യാത്രകള്‍ക്ക് കൂടുതല്‍ സമയം വേണ്ടിവരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പില്‍ പറയുന്നു.
2025 തുടക്കം വ്യത്യസ്ത കൊടുങ്കാറ്റുകളും, ശക്തമായ മഴയും, ഒപ്പം മഞ്ഞും ചേര്‍ന്നതായിരിക്കുമെന്ന് സ്‌കൈ ന്യൂസ് മീറ്റിയറോളജിസ്റ്റ് ക്രിസ്റ്റഫര്‍ ഇംഗ്ലണ്ട് പറഞ്ഞു. ന്യൂഇയര്‍ ദിനം മുതല്‍ 10 ദിവസത്തേക്ക് -10 സെല്‍ഷ്യസില്‍ ബ്രിട്ടന്‍ തണുത്ത് വിറയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. 12 വര്‍ഷത്തിനിടെ ആദ്യമായാണ് ജനുവരി ഇത്രയും തണുപ്പേറിയതായി മാറുന്നത്.