ഇംഗ്ലണ്ടിലെ ആശുപത്രികളില്‍ അടിയന്തര അറ്റകുറ്റപ്പണികള്‍ നടത്താന്‍ ഒരു ദശകത്തോളമായി വരുത്തിയ പരാജയങ്ങള്‍ മൂലം രോഗികള്‍ക്കും, ജീവനക്കാര്‍ക്കും അപകടകരമായ സാഹചര്യങ്ങള്‍ രൂപപ്പെടുന്നതില്‍ നാടകീയമായ വര്‍ദ്ധനവെന്ന് മുന്നറിയിപ്പ്.
2015 മുതല്‍ മാറ്റിവെച്ച പണികള്‍ക്കായി വരുന്ന ചെലവുകള്‍ ഇപ്പോള്‍ മൂന്നിരട്ടി വര്‍ദ്ധിച്ച് ഈ വര്‍ഷം 2.7 ബില്ല്യണ്‍ പൗണ്ട് എത്തിയെന്നാണ് കണക്ക്. ഉയര്‍ന്ന അപകടസാധ്യതയുള്ള റിപ്പയറുകളാണ് അതിവേഗത്തില്‍ വളരുന്നത്. ഇതില്‍ രോഗികള്‍ക്കും, ജീവനക്കാര്‍ക്കും ഗുരുതരമായി പരുക്കേല്‍ക്കാനുള്ള സാധ്യതയാണുള്ളത്. കൂടാതെ ഇത്തരം സംഭവങ്ങള്‍ സേവനങ്ങളില്‍ സുപ്രധാന തടസ്സങ്ങളും സൃഷ്ടിക്കും.
കഴിഞ്ഞ വര്‍ഷം ഇന്‍ഫ്രാസ്ട്രക്ചര്‍ പരാജയങ്ങളുടെ പേരില്‍ എന്‍എച്ച്എസിന് 600 ദിവസങ്ങള്‍, ഏകദേശം 14,500 മണിക്കൂറുകളുടെ നഷ്ടമാണ് സംഭവിച്ചതെന്ന് ഒബ്‌സേര്‍വര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2023-24 വര്‍ഷത്തില്‍ ആകെ മെയിന്റനന്‍സ് ബാക്ക്‌ലോഗ് 13.8 ബില്ല്യണ്‍ പൗണ്ടിലേക്കാണ് ഉയര്‍ന്നത്. ഇത് എന്‍എച്ച്എസിന്റെ ആകെ ക്യാപിറ്റല്‍ ബജറ്റിനേക്കാള്‍ അധികമാണ്.
പ്രതിദിനം ശരാശരി ക്ലിനിക്കല്‍ സമയം നഷ്ടമാക്കുന്ന 22 സംഭവങ്ങളെങ്കിലും റിപ്പോര്‍ട്ട് ചെയ്യുന്നതായി ഹൗസ് ഓഫ് കോമണ്‍സ് ലൈബ്രറി ഡാറ്റ വ്യക്തമാക്കി. മേല്‍ക്കൂരയിലെ കേടുപാടുകള്‍, വാട്ടര്‍ ലീക്ക്, ലിഫ്റ്റ് തകരാര്‍, ഹീറ്റിംഗ് സിസ്റ്റത്തിലെ പ്രശ്‌നങ്ങള്‍ എന്നിങ്ങനെ പോകുന്നു ഈ പ്രതിസന്ധികള്‍.