പുതുവര്‍ഷത്തലേന്ന് യുകെയുടെ വിവിധ ഭാഗങ്ങളില്‍ മഞ്ഞുവീഴ്ചയ്ക്ക് സാധ്യത പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്. ചില മേഖലയില്‍ ജീവന്‍ അപകടത്തിലാക്കുന്ന തരത്തില്‍ കാലാവസ്ഥ മാറുമെന്നും സൂചനയില്‍ പറയുന്നു. ക്രിസ്മസ് മഞ്ഞുപുതച്ചില്ലെന്ന പരാതിയുള്ളവര്‍ക്ക് പുതുവര്‍ഷത്തില്‍ ഈ അഭിപ്രായം മാറിക്കിട്ടുമെന്നാണ് കരുതുന്നത്.
യുകെയുടെ നോര്‍ത്ത് പ്രദേശങ്ങളിലാണ് അടുത്ത ആഴ്ച മഞ്ഞ് പുതച്ച് തുടങ്ങുന്നതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. നോര്‍ത്ത് വെസ്റ്റ് സ്‌കോട്ട്‌ലണ്ടിലെ നല്ലൊരു ശതമാനം മേഖലകളിലും അതിശക്തമായ മഴയ്ക്കും, മഞ്ഞിനുമുള്ള മഞ്ഞ ജാഗ്രതാ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ഇതോടെ വെള്ളപ്പൊക്കത്തിനും, കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിക്കാനും, പവര്‍കട്ടിനും സാധ്യത തെളിഞ്ഞു.
തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ ബുധനാഴ്ച പുലര്‍ച്ചെ 12 വരെയാണ് മുന്നറിയിപ്പ് നിലവിലുള്ളത്. അതായത് ജനുവരി 1ന് കാലാവസ്ഥ തണുത്തുറയും. ഹൈലാന്‍ഡ്‌സ് മുതല്‍ ഗ്ലാസ്‌ഗോ വരെ മേഖലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം നിലവിലുണ്ട്.
ഞായറാഴ്ച മുതല്‍ തന്നെ സ്‌കോട്ട്‌ലണ്ടിലെ നോര്‍ത്ത് വെസ്‌റ്റേണ്‍ പ്രദേശങ്ങളില്‍ ശക്തമായ മഴ അനുഭവപ്പെട്ട് തുടങ്ങുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. ചെറിയ ശമനത്തിന് ശേഷം കൂടുതല്‍ മഴയും, ശക്തമായ കാറ്റുമാണ് തിങ്കളാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ സ്‌കോട്ട്‌ലണ്ടില്‍ ഉടനീളം നീണ്ടുനില്‍ക്കുക.
പുതുവര്‍ഷ ദിനം മുതല്‍ തടസ്സം സൃഷ്ടിക്കുന്ന കാറ്റും, മഴയും, മഞ്ഞും യുകെയിലെ സൗത്ത് മേഖലയിലേക്ക് നീങ്ങുകയും, മറ്റ് പ്രദേശങ്ങളില്‍ പ്രഭാവം സൃഷ്ടിക്കുകയും ചെയ്യും. യുകെയിലെ തിരക്കേറിയ വിമാനത്താവളങ്ങളില്‍ കനത്ത മൂടല്‍മഞ്ഞ് തടസ്സങ്ങള്‍ സൃഷ്ടിച്ചതിന് പിന്നാലെയാണ് മഞ്ഞ് തിരിച്ചെത്തുന്നത്.