മരണം കാത്തുകഴിയുന്നവര്‍ക്ക് ദയാവധം അനുവദിക്കാനുള്ള അസിസ്റ്റഡ് ഡൈയിംഗ് ബില്ലിന് അടുത്ത വോട്ടിംഗില്‍ പിന്തുണ പിന്‍വലിക്കാന്‍ മുപ്പതോളം എംപിമാര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ആദ്യ ഘട്ടത്തില്‍ ബില്ലിനെ അനുകൂലിച്ചവരാണ് ആശങ്കകള്‍ വ്യക്തമായതോടെ മനസ്സ് മാറ്റുന്നത്. കൂടാതെ മറ്റ് പല എംപിമാരും ബില്ലില്‍ ഭേദഗതികളും, ഡോക്ടര്‍മാരുടെ പങ്കിനെ കുറിച്ചും നിര്‍ദ്ദേശിക്കാന്‍ ഒരുങ്ങുകയാണ്.
ലേബര്‍ എംപി കിം ലീഡ്ബീറ്റര്‍ അവതരിപ്പിച്ച അസിസ്റ്റഡ് ഡൈയിംഗ് ബില്‍ സംബന്ധിച്ച കമ്മിറ്റി പുതുവര്‍ഷത്തില്‍ ഹിയറിംഗ് ആരംഭിക്കും. എംപിമാര്‍ നിയമത്തില്‍ നിരവധി മാറ്റങ്ങളാണ് നിര്‍ദ്ദേശിക്കുന്നത്. ഗുരുതര രോഗം ബാധിച്ച രോഗികളോട് മെഡിക്കല്‍ പ്രൊഫഷണലുകള്‍ ദയാവധം ഓപ്ഷനായി തെരഞ്ഞെടുക്കാന്‍ നിര്‍ദ്ദേശിക്കുന്നത് വിലക്കുന്നതാണ് ഇതിലെ പ്രധാന ആവശ്യം.
ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്ത മുന്‍ ക്യാബിനറ്റ് മന്ത്രി ഡേവിഡ് ഡേവിസ്, ലേബര്‍ എംപിമാരായ ക്രിസ് വെബ്, മൈക്ക് ടാപ്പ് എന്നിവരെല്ലാം കമ്മിറ്റിയോട് ഈ മാറ്റം പരിഗണിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ എംപിമാരുടെ ഈ നിര്‍ദ്ദേശം ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനുമായി ഒരു പോരാട്ടത്തിനാണ് വഴിവെയ്ക്കുക. രോഗികള്‍ക്ക് മുന്നിലുള്ള ചികിത്സാ ഓപ്ഷനുകള്‍ മറച്ചുവെയ്ക്കുന്നത് ശരിയായ നടപടിയല്ലെന്നാണ് ബിഎംഎയുടെ പക്ഷം.
സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പ്രൊഫഷണല്‍ ജഡ്ജ്‌മെന്റ് നടത്താന്‍ ഡോക്ടര്‍മാരെ അനുവദിക്കണമെന്ന് ബിഎംഎ ആവശ്യപ്പെടുന്നു. എന്നാല്‍ രോഗികള്‍ക്ക് മുന്നിലേക്ക് ഡോക്ടര്‍മാര്‍ മരണം വരിക്കാനുള്ള ഓപ്ഷന്‍ വെയ്ക്കുന്നതില്‍ എംപിമാരില്‍ പലരും സംതൃപ്തരല്ല. ഇതിനാലാണ് ഈ നീക്കം മാറ്റിവെയ്ക്കണമെന്ന നിലപാട് സ്വീകരിക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്.