ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മരണം ആത്മഹത്യയാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ച അക്രമകാരിയായ ഭര്‍ത്താവിന് ജീവപര്യന്തം ശിക്ഷ. നഴ്‌സായ ഭാര്യ ലിന്‍സെയെ വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയതായി പറഞ്ഞാണ് അര്‍ദ്ധരാത്രിയില്‍ റയാന്‍ ടിംസ് ആംബുലന്‍സിനായി ഫോണ്‍ വിളിച്ചത്.
വീട്ടിലെത്തിയ അധികൃതരോട് നുണകളുടെ കൊട്ടാരം സൃഷ്ടിച്ച് രക്ഷപ്പെടാനായിരുന്നു ഭര്‍ത്താവിന്റെ ശ്രമം. എന്നാല്‍ പാരാമെഡിക്കുകള്‍ പ്രൊഫഷണലായി തോന്നിയ ചില സംശയങ്ങളാണ് ഈ നുണകളെ ചീട്ടുകൊട്ടാരം പോലെ പൊളിച്ചത്. കൊലപാതക കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ 44-കാരനെ ജീവപര്യന്തം ശിക്ഷയ്ക്കാണ് കോടതി ജയിലിലേക്ക് അയച്ചിരിക്കുന്നത്.
വാര്‍വിക്ഷയര്‍, ഹാര്‍ട്ട്ഷില്ലിലെ വീട്ടില്‍ ഇയാള്‍ ആത്മഹത്യാ നാടകമാണ് സൃഷ്ടിച്ചതെന്ന് ജഡ്ജ് ചൂണ്ടിക്കാണിച്ചു. ലിന്‍സെയുടെ മരണം അനായാസം ആത്മഹത്യയായി കണക്കാക്കാന്‍ കഴിയുമായിരുന്നുവെന്ന് ഡിറ്റക്ടീവ് ചീഫ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. എന്നാല്‍ എമര്‍ജന്‍സി സര്‍വ്വീസ് ജീവനക്കാരുടെ നടപടികളാണ് ഈ അനീതി തടഞ്ഞത്.
നാല് മക്കളുടെ അമ്മയെ കൊലപ്പെടുത്തിയ ഭര്‍ത്താവിന് ചുരുങ്ങിയത് 19 വര്‍ഷം ദൈര്‍ഘ്യമുള്ള ശിക്ഷയാണ് അനുഭവിക്കേണ്ടത്. വിശ്വസ്തനായി ഇരിക്കേണ്ട ഭര്‍ത്താവില്‍ നിന്നും സ്വന്തം വീട്ടില്‍ വെച്ചാണ് ലിന്‍സെ കൊല്ലപ്പെട്ടതെന്ന് വിധിയില്‍ ജഡ്ജ് വ്യക്തമാക്കി. മദ്യവും, കൊക്കെയിനും ഉപയോഗിച്ച ശേഷം ഭാര്യയും, ഭര്‍ത്താവും തമ്മില്‍ വഴക്കുണ്ടായതായി വിചാരണയില്‍ വിശദമാക്കപ്പെട്ടു.
മുന്‍പുണ്ടായ ഏതോ സംഭവത്തിന്റെ പേരിലായിരുന്നു തര്‍ക്കം. ഒടുവില്‍ ഉറങ്ങാന്‍ പോയ ലിന്‍സെയുടെ അരികിലെത്തി ഭര്‍ത്താവ് അക്രമം നടത്തുകയായിരുന്നു. പാരാമെഡിക്കുകള്‍ ലിന്‍സെയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ടിംസ് പറഞ്ഞ കഥയിലെ വ്യത്യാസങ്ങളാണ് സംഭവം കൊലപാതകമാണെന്ന് തെളിയിച്ചത്. കൂടാതെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കഴുത്ത് ഞെരിച്ചതായും സ്ഥിരീകരിച്ചു.