യുക്മ ദേശീയ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറയുടെ അദ്ധ്യക്ഷതയില്‍ 16/11/2024ന് ഡെര്‍ബിയില്‍ ചേര്‍ന്ന ദേശീയ സമിതി യോഗം യുക്മയുടെ ഭരണഘടന പ്രകാരം കുര്യന്‍ ജോര്‍ജ്ജ്, മനോജ് കുമാര്‍ പിള്ള, അലക്‌സ് വര്‍ഗ്ഗീസ് എന്നിവരടങ്ങിയ മൂന്നംഗ തിരഞ്ഞെടുപ്പ് കമ്മീഷനെ തീരുമാനിക്കുകയും, തിരഞ്ഞെടുപ്പ് നീതി പൂര്‍വ്വകമായി നടത്തുവാന്‍ ചുമതലപ്പെടുത്തുകയും ചെയ്യുകയുണ്ടായി.
ഇതിന്‍ പ്രകാരം നിയുക്തരായ യുക്മ ഇലക്ഷന്‍ കമ്മീഷന്‍ അംഗങ്ങള്‍ യോഗം ചേര്‍ന്ന് റീജിയണല്‍, നാഷണല്‍ ഇലക്ഷന്‍ - 2025 തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് തുടക്കം കുറിക്കുന്ന നടപടികള്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചു.
തിരഞ്ഞെടുപ്പിന്റെ ആദ്യപടിയായി റീജിയണല്‍ തിരഞ്ഞെടുപ്പുകള്‍ക്കുള്ള തീയ്യതികള്‍ പ്രഖ്യാപിക്കുകയാണ്.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനപ്രകാരം ആദ്യ ദിവസമായ ഫെബ്രുവരി 08 ശനിയാഴ്ച യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയനിലും, യുക്മ യോര്‍ക്ക്ഷയര്‍ & ഹംബര്‍ റീജിയനിലും, യുക്മ സൌത്ത് ഈസ്റ്റ് റീജിയനിലും തിരഞ്ഞെടുപ്പുകള്‍ നടക്കും. രാവിലെയും വൈകുന്നേരവുമായിട്ടായിരിക്കും റീജിയണുകളിലെ തിരഞ്ഞെടുപ്പ് നടത്തുന്നത്.
രണ്ടാമത്തെ തിരഞ്ഞെടുപ്പ് ദിവസമായ ഫെബ്രുവരി 15 ശനിയാഴ്ച ഈസ്റ്റ് ആംഗ്‌ളിയ, ഈസ്റ്റ് വെസ്റ്റ് & മിഡ്‌ലാന്‍ഡ്‌സ്, സൗത്ത് വെസ്റ്റ് റീജിയണുകളിലും തിരഞ്ഞെടുപ്പ് നടത്തുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. എല്ലാ സ്ഥലങ്ങളിലേയും തിരഞ്ഞെടുപ്പുകള്‍ യുക്മ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ നേരിട്ടായിരിക്കും നടത്തുന്നത്. കൂടാതെ ഇലക്ഷന്‍ കമ്മീഷന്‍ ചുമതലപ്പെടുത്തുന്ന നിരീക്ഷകരും തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളാകും.
മറ്റ് റീജിയണുകളിലെ തിരഞ്ഞെടുപ്പ് തീയ്യതികള്‍ പിന്നീട് തീരുമാനിക്കുന്നതാണ്. റീജിയന്‍ ഇലക്ഷന്‍ അവസാനിക്കുന്ന മുറയ്ക്ക് ദേശീയ സമിതി തിരഞ്ഞെടുപ്പ് തീയ്യതിയും പ്രഖ്യാപിക്കുന്നതാണ്. യുക്മയുടെ പുതിയ ഭരണസമിതികള്‍ എല്ലാ റീജിയനുകളിലും തുടര്‍ന്ന് ദേശീയ ഭരണ സമിതിയും നിലവില്‍ വരുന്നതിനുള്ള തിരഞ്ഞെടുപ്പ് പ്രക്രിയക്കാണ് തുടക്കം കുറിക്കുന്നത്.
യുക്മയുടെ അംഗ അസോസിയേഷനുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്കായിരിക്കും അതാതു റീജിയണുകളിലും, ദേശീയ തലത്തിലും ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടവകാശം ഉണ്ടായിരിക്കുന്നത്. യുക്മ ഇലക്ഷന്‍ ഏറ്റവും നീതിപൂര്‍വ്വമായി നടത്തി പുതിയ ഭരണസമിതികള്‍ നിലവില്‍ വരുവാന്‍ എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിച്ചു കൊള്ളുന്നതായി യുക്മ ഇലക്ഷന്‍ കമ്മീഷണര്‍മാരായ കുര്യന്‍ ജോര്‍ജ്, മനോജ് കുമാര്‍ പിള്ള, അലക്‌സ് വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.
അലക്‌സ് വര്‍ഗ്ഗീസ്
(നാഷണല്‍ പി.ആര്‍.ഒ & മീഡിയ കോര്‍ഡിനേറ്റര്‍)