ഗുജറാത്തിലെ അഹ്‌മദാബാദില്‍ എട്ട് വയസുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലാതെ രാവിലെ പതിവുപോലെ സ്‌കൂളിലെത്തിയ മൂന്നാം ക്ലാസുകാരി ക്ലാസിലേക്ക് നടന്നു പോകുന്നതിനിടെ വരാന്തയില്‍ കുഴഞ്ഞവീഴുകയായിരുന്നു. സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
അഹ്‌മദാബാദിലെ സെബര്‍ സ്‌കൂളിലാണ് സംഭവം. കുട്ടി ക്ലാസിലേക്ക് നടന്നു പോകുന്നത് ദൃശ്യങ്ങളില്‍ കാണാം. പിന്നീട് എന്തോ ക്ഷീണം തോന്നിയിട്ടെന്ന പോലെ അല്‍പ നേരം നില്‍ക്കുകയും പതുക്കെ നടന്നുപോയി വരാന്തയിലെ ഒരു ബെഞ്ചില്‍ ഇരിക്കുകയും ചെയ്യുന്നു. ഇരിക്കുന്നതിന് തൊട്ടുമുമ്പ് കൈ നെഞ്ചിനു മുകളില്‍ വെച്ചിരിക്കുന്നതും കാണാം. നിമിഷങ്ങള്‍ക്കകം കുട്ടി അവിടെ കുഴഞ്ഞുവീഴുകയായിരുന്നു. തൊട്ടടുത്തുണ്ടായിരുന്ന ഏതാനും അധ്യാപകരും മറ്റ് വിദ്യാര്‍ത്ഥികളും ഉടന്‍ തന്നെ അടുത്തേക്ക് ഓടിയെത്തി.
കുട്ടിയെ ഉടനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കുട്ടിയ്ക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉള്ളതായി അറിവില്ലെന്ന് പ്രിന്‍സിപ്പല്‍ ശര്‍മിഷ്ഠ സിന്‍ഹ പറഞ്ഞു. കുഴഞ്ഞുവീണതിന് പിന്നാലെ ശ്വാസം കിട്ടുന്നില്ലെന്ന് കുട്ടി പറഞ്ഞു. ഉടനെ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. ഹൃദയാഘാതമാണ് മരണ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയുടെ മാതാപിതാക്കള്‍ മുംബൈയിലാണുള്ളത്. അഹ്‌മദാബാദില്‍ മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം താമസിച്ചാണ് പഠിച്ചിരുന്നത്.