അതിശൈത്യത്തില്‍ പൊറുതിമുട്ടുന്ന ബ്രിട്ടനിലെ പീക്ക് ഡിസ്ട്രിക്ട് വെള്ളച്ചാട്ടം തണുത്തുറഞ്ഞു. രാജ്യത്തിന്റെ പല ഭാഗത്തും ആളുകള്‍ പുറത്തിറങ്ങുന്നത് വിലക്കുമ്പോഴാണ് വെള്ളച്ചാട്ടം അപൂര്‍വ്വ പ്രതിഭാസത്തില്‍ നിശ്ചലമായത്. വീക്കെന്‍ഡില്‍ താപനില -20 സെല്‍ഷ്യസ് വരെ താഴുമെന്നാണ് മുന്നറിയിപ്പ്.
വ്യാഴാഴ്ച അര്‍ദ്ധരാത്രി 15 വര്‍ഷത്തിനിടെ ഏറ്റവും തണുപ്പേറിയ രാത്രിയെ രാജ്യം അഭിമുഖീകരിച്ചു. താപനില -15 സെല്‍ഷ്യസ് വരെയാണ് താഴ്ന്നത്. വെള്ളിയാഴ്ച രാത്രി നോര്‍ത്തേണ്‍ സ്‌കോട്ട്‌ലണ്ടില്‍ -17.3 സെല്‍ഷ്യസ് വരെയാണ് താപനില കുറഞ്ഞത്. ആര്‍ട്ടിക് ബ്ലാസ്റ്റ് ഇപ്പോഴും പ്രഭാവം തുടരുകയാണ്.
ഈ സാഹചര്യത്തില്‍ യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി പുറപ്പെടുവിച്ച ഹെല്‍ത്ത് അലേര്‍ട്ട് ചൊവ്വാഴ്ച വരെ നീട്ടി. അതിരാവിലെയും, രാത്രി വൈകിയും പുറത്തിറങ്ങുന്നതിനെതിരെ എന്‍എച്ച്എസ് ട്രസ്റ്റുകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഐസ് രൂപപ്പെടാനുള്ള സാഹചര്യമാണ് ഇതിന് കാരണം.
ഇംഗ്ലണ്ടിന് നല്‍കിയിട്ടുള്ള ആംബര്‍ കാലാവസ്ഥാ അലേര്‍ട്ട് ദീര്‍ഘിപ്പിക്കുമെന്ന് യുകെഎച്ച്എസ്എയിലെ ഡോ. ആഗസ്റ്റിനോ സൂസ പറഞ്ഞു. ഈ കാലാവസ്ഥയ്ക്ക് ആളുകളുടെ ആരോഗ്യത്തില്‍ ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കാന്‍ കഴിയും. 65 വയസ്സും അതിന് മുകളിലും പ്രായമുള്ളവരിലും, മുന്‍കാല ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരിലും ഇത് സാരമാകും. അതിനാല്‍ ഇവരെ അയല്‍ക്കാരും, സുഹൃത്തുക്കളും, കുടുംബാംഗങ്ങളും ശ്രദ്ധിക്കണം, ഡോ. സൂസ ആവശ്യപ്പെട്ടു.
മഞ്ഞും, ഐസും സാരമായി നേരിടുന്ന പ്രദേശങ്ങളില്‍ അടിയന്തരമല്ലാത്ത യാത്രകള്‍ ഒഴിവാക്കാനാണ് എഎയും ഉപദേശിക്കുന്നത്. അപകടകരമായ റോഡുകളില്‍ കനത്ത ജാഗ്രത പാലിക്കാനും ഡ്രൈവര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.