വെടിനിര്‍ത്തലിന്റെ രണ്ടാം ദിവസമായ തിങ്കളാഴ്ച ഗാസ മുനമ്പില്‍ ഇസ്രായേല്‍ അധിനിവേശ സേന നടത്തിയ ആക്രമണത്തില്‍ രണ്ട് പാലസ്തീനികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതേസമയം, സിവില്‍ ഡിഫന്‍സ് ടീമുകള്‍ ഡസന്‍ കണക്കിന് പാലസ്തീനികളുടെ മൃതദേഹങ്ങള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് വീണ്ടെടുക്കുന്നത് തുടരുന്നു.
തെക്കന്‍ ഗാസ മുനമ്പില്‍ സ്ഥിതി ചെയ്യുന്ന റാഫയില്‍ ഇസ്രായേല്‍ വെടിവെപ്പില്‍ രണ്ട് പാലസ്തീനികള്‍ കൊല്ലപ്പെടുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അല്‍-ജസീറ ലേഖകനും റിപ്പോര്‍ട്ട് ചെയ്തു. റാഫയിലെ ബഫര്‍ സോണുകള്‍ക്ക് സമീപം ഒരു ഇസ്രായേലി ഡ്രോണ്‍ പൗരന്മാര്‍ക്ക് നേരെ ബോംബ് വര്‍ഷിച്ചതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും പാലസ്തീന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജറുസലേമിന് വടക്കുള്ള രണ്ട് അധിനിവേശ വെസ്റ്റ് ബാങ്ക് ഗ്രാമങ്ങളിലൂടെ ഇസ്രായേലി കുടിയേറ്റക്കാര്‍ ആക്രമണം നടത്തിയതിനെത്തുടര്‍ന്ന് 12 പേര്‍ക്ക് പരിക്കേറ്റതായി പാലസ്തീന്‍ റെഡ് ക്രസന്റ് പറയുന്നു. പാലസ്തീന്‍ വീടുകളും ഒരു നഴ്‌സറിയും പ്രാദേശിക ബിസിനസ്സും അക്രമികള്‍ കത്തിച്ചു.
ഗാസ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഇസ്രായേല്‍ 90 പാലസ്തീനികളെ മോചിപ്പിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷം, ഒറ്റരാത്രികൊണ്ട് നടന്ന അക്രമങ്ങളില്‍ ഇസ്രായേലി സൈന്യം കുടിയേറ്റക്കാരെ പിന്തുണച്ചതായും വെസ്റ്റ് ബാങ്കില്‍ നടന്ന സൈനിക റെയ്ഡുകളില്‍ ഡസന്‍ കണക്കിന് പാലസ്തീനികള്‍ അറസ്റ്റിലായതായും പാലസ്തീന്‍ വാര്‍ത്താ ഏജന്‍സി വഫ റിപ്പോര്‍ട്ട് ചെയ്യുന്നു.